Sorry, you need to enable JavaScript to visit this website.

സൗദി ഓഹരി വിപണിയിൽ തകർച്ച തുടരുന്നു

റിയാദ് - സൗദി ഓഹരി വിപണിയിൽ തകർച്ച തുടരുന്നു. ഈ വർഷാദ്യം മുതൽ സൂചിക 4.6 ശതമാനം തോതിൽ ഇടിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം മേയിൽ സൂചിക 13,815 പോയന്റിലെത്തിയിരുന്നു. ഇതിനെ അപേക്ഷിച്ച് ഇപ്പോൾ ഓഹരി വിപണി മൂല്യത്തിൽ 27.7 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച സൂചിക പതിനായിരം പോയന്റിലും താഴെയാണ് ക്ലോസ് ചെയ്തത്. 2021 ഏപ്രിലിനു ശേഷം ആദ്യമായാണ് സൂചിക ഇത്രയും ഇടിയുന്നത്. 
പത്തു വർഷത്തിനിടെ നാലു ദിവസം മാത്രമാണ് സൂചിക പതിനായിരം പോയന്റിലും താഴേക്ക് ഇടിഞ്ഞത്. 2014 ഒക്‌ടോബർ 14, 2014 നവംബർ 4, 2021 ഏപ്രിൽ 11, 2022 ഫെബ്രുവരി 27 തീയതികളിലാണ് സൂചിക ഇത്രയും ഇടിഞ്ഞത്. തുടർച്ചയായി 22 മാസത്തോളം പതിനായിരം പോയന്റിനു മുകളിൽ നിലനിന്ന ശേഷമാണ് തിങ്കളാഴ്ച സൂചിക പതിനായിരം പോയന്റിന് താഴേക്ക് ഇടിഞ്ഞത്. 2006 ൽ സൂചിക 13,949 പോയന്റിലേക്ക് ഉയർന്നിരുന്നു. ഇതിനു ശേഷം സൂചിക ഏറ്റവും ഉയർന്നത് കഴിഞ്ഞ മേയിലായിരുന്നു. ഇതിനെ അപേക്ഷിച്ച് സൂചികയിൽ 3820 പോയന്റിന്റെ നഷ്ടമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ഓഹരി വിപണി മൂല്യത്തിൽ 2.94 ട്രില്യൺ റിയാലിന്റെ കുറവുണ്ടായി. തിങ്കളാഴ്ചയിലെ കണക്കുകൾ പ്രകാരം സൗദി ഓഹരി വിപണിയുടെ ആകെ മൂല്യം 9.53 ട്രില്യൺ റിയാലാണ്. 


കടുത്ത സമ്മർദം കാരണം ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത 24 കമ്പനികളുടെ ഷെയറുകളുടെ മൂല്യം ഈ വർഷം 50 ശതമാനത്തിലേറെ ഇടിഞ്ഞു. കഴിഞ്ഞ വർഷം മെയ് മാസത്തെ അപേക്ഷിച്ച് ഈ കമ്പനികളുടെ ഓഹരി മൂല്യം 76 ശതമാനം വരെ ഇടിഞ്ഞിട്ടുണ്ട്. ഈ കമ്പനികളുടെ വിപണി മൂല്യത്തിൽ 8200 കോടി റിയാലിന്റെ നഷ്ടമാണുണ്ടായിരിക്കുന്നത്. 
ബാങ്കിംഗ്, ഊർജം, ടെലികോം അടക്കമുള്ള മേഖലകളെല്ലാം കനത്ത തിരിച്ചടി നേരിട്ടു. ഉയർന്ന പണപ്പെരുപ്പം തുടരുന്നതിനിടെ കേന്ദ്ര ബാങ്കുകൾ പണനയങ്ങൾ കർക്കശമാക്കിയതും ചൈനയുടെ ദുർബലമായ വളർച്ചയുമെല്ലാം ഓഹരി വിപണിയെ ബാധിച്ചു. 
ഓഹരി വിപണിയിൽ ഏറ്റവും വലിയ സമ്മർദം ചെലുത്തുന്ന ബാങ്കിംഗ് മേഖല ഓഹരികൾ ഒരു വർഷത്തിനിടെ 38.5 ശതമാനം തോതിൽ ഇടിഞ്ഞു. അഞ്ചു ബാങ്കുകളുടെ ഓഹരികൾ 40 ശതമാനത്തിലേറെ നഷ്ടം രേഖപ്പെടുത്തി. ഏറ്റവുമധികം നഷ്ടം രേഖപ്പെടുത്തിയ അൽജസീറ ബാങ്ക് ഓഹരികൾ 47 ശതമാനം തോതിൽ ഇടിഞ്ഞു. അൽറാജ്ഹി ബാങ്ക് ഓഹരികൾ 40 ശതമാനവും അൽഅഹ്‌ലി ഷെയറുകൾ 42 ശതമാനവും തോതിൽ ഇടിഞ്ഞു. 


കഴിഞ്ഞ മെയ് മാസത്തെ അപേക്ഷിച്ച് സൗദി അറാംകോ ഓഹരികൾ 28 ശതമാനം തോതിൽ ഇടിഞ്ഞു. സാബിക്, സാബിക് അഗ്രിന്യൂട്രിയന്റ്‌സ് കമ്പനി ഓഹരികൾ 35 ശതമാനം തോതിലും മആദിൻ കമ്പനി ഓഹരികൾ 28 ശതമാനം തോതിലും ഇടിവ് നേരിട്ടു. 
സൗദി ഓഹരി വിപണിയിൽ ഏറ്റവുമധികം നഷ്ടമുണ്ടാക്കിയത് യുനൈറ്റഡ് ഇൻഷുറൻസ് കമ്പനിയാണ്. യുനൈറ്റഡ് ഇൻഷുറൻസ് ഓഹരി മൂല്യം ഒരു വർഷത്തിനിടെ 76 ശതമാനം തോതിൽ ഇടിഞ്ഞു. 33.75 റിയാലിൽ നിന്ന് 8.08 റിയാലായാണ് കമ്പനി ഷെയർ മൂല്യം കുറഞ്ഞത്. വിപണി മൂല്യത്തിൽ 103 കോടി റിയാലിന്റെ നഷ്ടമാണ് കമ്പനിക്ക് നേരിട്ടത്. അറേബ്യ ഇൻഷുറൻസ് കമ്പനി ഓഹരികൾ 67 ശതമാനവും ഇനായ ഇൻഷുറൻസ് കമ്പനി ഷെയറുകൾ 71 ശതമാനവും അൽസ്വഖ്ർ ഇൻഷുറൻസ് കമ്പനി ഓഹരികൾ 64 ശതമാനം തോതിലും ഒരു വർഷത്തിനിടെ ഇടിഞ്ഞു. 

Latest News