സൗദിയിലെ ഏറ്റവും വിലപിടിച്ച കാഴ്ചകള്‍; അല്‍ ഉലയില്‍ പോകുമ്പോള്‍ അറിയാനുള്ളത്...

അല്‍ ഉല- നാലായിരം വര്‍ഷം പഴക്കമുള്ള  ദക്ഷിണ പെട്രയുടെ ഭാഗമായ നബാത്തിയന്‍ സംസ്‌കാരത്തിന്റെ ചരിത്രം പറയുന്ന അല്‍ഉലയിലേക്ക് ശീതകാലമാരംഭിച്ചതോടെ സന്ദര്‍ശകരുടെ പ്രവാഹമായിരുന്നു. യുനസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ള സൗദിയിലെ പുരാതന പ്രദേശങ്ങളില്‍ ആദ്യത്തേതാണ് അല്‍ ഉല ഉള്‍ക്കൊള്ളുന്ന ഹിജര്‍ പ്രദേശം.
പതിറ്റാണ്ടുകള്‍ക്കു മുമ്പുള്ളതില്‍നിന്ന് ഏറെ വ്യത്യസ്തമാണിന്ന് അല്‍ ഉലയും സമീപ പ്രദേശങ്ങളും. അപകടം പതിയിരുന്ന ഒറ്റവരി പാതകള്‍ക്കു പകരം സൗദി വിഷന്‍ 2030 ന്റെ ഭാഗമായി മോടി പിടിപ്പിച്ച ആധുനിക വിമാനത്താവളവും വിശാലമായ റോഡുകളും വഴി ഇവിടെയെത്താം. നബാത്തിയന്‍ വംശജര്‍ മൃതദേഹങ്ങള്‍ മറവു ചെയ്യാന്‍ ഉപയോഗിച്ചതായിരുന്നു അല്‍ ഉലയിലെ തുരന്നെടുക്കുകയും ചെത്തിമിനുക്കുകയും കൊത്തുപണികള്‍ നടത്തുകയും ചെയ്തിട്ടുള്ള വലിയ പാറകളെന്നാണ് വിശ്വസിക്കപ്പെടുന്നത്. അല്‍ ഉലയിലെത്തുന്ന സന്ദര്‍കരെ പ്രധാനമായി ആകര്‍ഷിക്കുന്നതും 111 ഓളം വരുന്ന ഈ ശിലാഗേഹങ്ങളാണ്.


അല്‍ ഉല എന്ന പേരിലുള്ള വെബ്‌സൈറ്റു വഴിയോ സൗദി ടൂറിസം വകുപ്പ് ഓണ്‍ലൈന്‍ സൈറ്റുവഴിയോ ബുക്ക് ചെയ്ത ശേഷം അല്‍ ഉല വിമാനത്താവളം വഴിയോ സ്വകാര്യ വാഹനങ്ങള്‍ വഴിയോ പൊതുഗതാഗത സര്‍വീസ് ഉപയോഗപ്പെടുത്തിയോ അല്‍ ഉലയിലെത്തുന്ന സന്ദര്‍ശകരെ ആദ്യമായി സ്വീകരിക്കുന്നത് 2000 വര്‍ഷം മുമ്പ് മരണമടഞ്ഞ നബാത്തിയന്‍ വനിതയുടേതെന്ന് വിശ്വസിക്കപ്പെടുന്ന യുവതിയുടെ(ഹൈന) മുഖവും ശിലാരൂപവുമാണ്.  അല്‍ ഉലയില്‍നിന്നു കണ്ടെടുത്ത സ്ത്രീയുടെ തലയോട്ടി വിദേശ ലാബുകളില്‍ ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് അടുത്തിടെ പുനര്‍നിര്‍മിക്കുകയായിരുന്നു.
അതിനു ശേഷം സന്ദര്‍ശകര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന ടൂറിസ്റ്റ് ബസുകള്‍ വഴിയോ കുതിര വണ്ടിയിലോ കാറുകളിലോ കയറി ഹിജ്‌റിന്റെ വിവിധ ഭാഗങ്ങള്‍ കാണാന്‍ പുറപ്പെടുന്നു, പ്രദേശിക ഗൈഡുമാര്‍ ഹിജ്‌റിനെ കുറിച്ചും അവിടെ വളര്‍ന്നു വരികയും നാമവശേഷമാകുകയും ചെയ്ത വിവിധ നാഗരികതകളെയും സംസ്‌കാരങ്ങളെയും കുറിച്ച് വിശദീകരണം നല്‍കും. തുടര്‍ന്ന് അല്‍ ഉലയില്‍ നില നിന്നിരുന്ന ലിഹയാന്‍ ദാദാന്‍ എന്നീ രണ്ടു പുരാതന സംസ്‌കാരങ്ങളുടെ തലസ്ഥാന നഗരിയായിരുന്ന ദാദാന്‍ പ്രദേശം, അവരുടെ ശവകുടീരങ്ങള്‍ എന്നിവയിലൂടെയെല്ലാം സഞ്ചാരികള്‍ക്കു ചുറ്റിക്കറങ്ങാം.
വിവിധ പാക്കേജുകളില്‍ അല്‍ ഉല മാത്രവും അല്‍ ഉലയും തൈമയുമൊക്കെ ചുറ്റിക്കറങ്ങാനുള്ള സൗകര്യങ്ങളുണ്ട്.

 

 

Latest News