സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ മലബാർ മേഖല പിന്നിടുകയാണ്.സംസ്ഥാനം ഭരിക്കുന്ന മുന്നണിയിലെ വലിയ പാർട്ടിയുടെ പ്രധാന നേതാവ് നടത്തുന്ന ജാഥ എന്ന നിലയിൽ ഈ ജാഥക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നടക്കുന്ന പ്രധാനപ്പെട്ട യാത്രകളിലൊന്നാണിത്. കോൺഗ്രസ് ദേശീയ നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര സംസ്ഥാനത്തിന്റെ ഒരു വശത്തു കൂടി കടന്നു പോയതിന്റെ അലകൾ അടങ്ങുമ്പോഴാണ്് സി.പി.എമ്മിന്റെ ജാഥ ജനപഥങ്ങളിലേക്കിറങ്ങിയിട്ടുള്ളത്.
രാഷ്ട്രീയ സംഘടനകളെ സംബന്ധിച്ച് ഇത്തരം യാത്രകൾ ഏറെ പ്രധാനപ്പെട്ടതാണ.്ഭരണമുന്നണിയിലെ തന്നെ പാർട്ടികൾ ഇത്തരം ജനസമ്പർക്ക പരിപാടികളുമായി ഇറങ്ങുന്നതും പുതിയ സംഭവമല്ല.കേരളം ഭരിക്കുന്ന പാർട്ടികൾ കേന്ദ്ര സർക്കാരിനെതിരെയും കേന്ദ്രം ഭരിക്കുന്ന പാർട്ടികൾ സംസ്ഥാന സർക്കാരിനെതിരെയും പ്രതിഷേധ യാത്രകൾ നടത്തുന്നത് മുമ്പും കേരളം കണ്ടതാണ്.ഇത്തവണ സി.പി.എമ്മിന്റെ ജാഥ കേന്ദ്ര സർക്കാരിനെതിരെയാണ്.കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ ജനവിരുദ്ധവും വർഗീയവുമായ നിലപാടുകൾക്കെതിരായാണ് ജാഥ പ്രധാനമായും ശബ്ദമുയർത്തുന്നത്.ദേശീയ രാഷ്ട്രീയത്തിൽ ബി.ജെ.പി വിരുദ്ധ മുന്നണി രൂപപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾക്ക് ഊർജം പകരുന്നതിനും പരോക്ഷമായെങ്കിലും ഈ ജാഥ സഹായിച്ചേക്കും.
ദേശീയ തലത്തിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകത സി.പി.എം ഉൾെപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ ശക്തമായി ഉയർത്തിക്കൊണ്ടിരിക്കുന്ന സമയമാണിത്.കോൺഗ്രസിന്റെ നേതൃത്വത്തിൽ അല്ലാതെ, ബദൽ മുന്നണി രൂപീകരിക്കുന്നതിനെ കുറിച്ചാണ് സി.പി.എം പ്രധാനമായും ചിന്തിക്കുന്നത്.ഇന്ത്യയിൽ സി.പി.എമ്മിന് നിർണായകമായ കേരള ഘടകം ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നിലപാടുകളും നിർണായകമാണ്.കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തിൽ ദേശീയ തലത്തിൽ പാർട്ടി നേതൃത്വം അയഞ്ഞാൽ പോലും കേരള ഘടകം ഇക്കാര്യത്തിൽ കർശനമായ നിലപാടാണ് എടുക്കുക.കേരളത്തിൽ കോൺഗ്രസ് മുഖ്യ ശത്രുവായി നിലകൊള്ളുന്നിടത്തോളം കാലം കേന്ദ്രത്തിലും സി.പി.എമ്മിന് കോൺഗ്രസ് വിരുദ്ധ നിലപാട് മാത്രമാണ് എടുക്കാൻ കഴിയുക.മറ്റു പല സംസ്ഥാനങ്ങളിലും പാർട്ടി കോൺഗ്രസിനൊപ്പമാണ് എന്ന വിമർശനങ്ങൾക്കൊന്നും പ്രസക്തിയില്ല.
സംസ്ഥാന രാഷ്ട്രീയത്തിൽ, പ്രധാനപ്പെട്ട ഒരു സമയത്താണ് എം.വി ഗോവിന്ദന്റെ നേതൃത്വത്തിൽ ജാഥ ആരംഭിച്ചിട്ടുള്ളത്.സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ പലവിധ നികുതികളും ഏർപ്പെടുത്തിയതോടെ ജനവികാരം സർക്കാരിനും പാർട്ടിക്കുമെതിരെ ഉയരുന്നുണ്ട്.സജീവ പാർട്ടി പ്രവർത്തകർ പോലും സാമൂഹിക മാധ്യമങ്ങളിൽ ബജറ്റിനെതിരെ പോസ്റ്റുകൾ ഇടുന്നത് സാധാരണമായിരിക്കുന്നു.പാർട്ടി അംഗങ്ങൾ തന്നെ ഇത്തരം വിമർശനങ്ങൾ ഉയർത്തുമ്പോൾ അതിനെ പ്രതിരോധിക്കേണ്ട ബാധ്യത പാർട്ടി നേതാക്കൾക്കുണ്ട്.
ഇന്ധന സെസ് ഏർപ്പെടുത്തിയ ബജറ്റ് നടപടിക്കെതിരെയാണ് വ്യാപകമായ പ്രതിഷേധമുള്ളത്.സെസ് വരുന്നതോടെ ഇന്ധന വില വർധിക്കുകയും ചരക്ക് കൂലി വർധനയിലൂടെ നിത്യോപയോഗ സാധനങ്ങൾ ഉൾെപ്പടെയുള്ള വസ്തുക്കൾക്ക് വില കൂടുകയും ചെയ്യുമെന്ന ആശങ്ക ജനങ്ങൾക്കിടയിൽ രൂക്ഷമാണ്.ഭൂനികുതി ഉൾെപ്പടെ സാധാരണക്കാരെ ബാധിക്കുന്ന അധിക ചെലവുകളും സർക്കാരിനെതിരായ വികാരം വർധിപ്പിക്കുമെന്ന സൂചനകളുമുണ്ട്.ബജറ്റിൽ കൂട്ടിയ വിലകൾ ഏപ്രിൽ ഒന്നാം തീയതി മൂതൽ ജനങ്ങളിൽ നിന്ന് ഈടാക്കി തുടങ്ങുമ്പോൾ കൂടുതൽ പ്രതിഷേധം കനക്കാനും സാധ്യത നിലനിൽക്കുന്നു.ഇത്തരം പ്രതിഷേധങ്ങളും അതൃപ്തികളും പാർട്ടി അണികൾക്കിടയിലെങ്കിലും തണുപ്പിക്കുകയെന്ന ലക്ഷ്യവും പരസ്യമായല്ലെങ്കിലും ജനകീയ പ്രതിരോധ ജാഥക്കുണ്ട്.
അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പും സി.പി.എമ്മിന് പ്രധാനപ്പെട്ടതാണ്.കേരളത്തിൽ പാർട്ടിയുടെ സംഘടന സംവിധാനത്തെ സജീവമാക്കി നിർത്തുകയും പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നതിന് ഇത്തരം ജനസമ്പർക്ക പരിപാടികൾ പാർട്ടികൾക്ക് ഗുണം ചെയ്യാറുണ്ട്.പ്രവർത്തകരെയും പ്രാദേശിക നേതാക്കളെയും നേരിൽ കണ്ട് പാർട്ടി ലൈൻ വിശദീകരിക്കുകയും അവരെ കൂടുതൽ പാർട്ടിയോട് അടുപ്പിച്ച് നിർത്തുകയും ചെയ്യേണ്ടതുണ്ട്.പാർട്ടിയോട് അനുഭാവമുള്ള വിവിധ വിഭാഗങ്ങൾക്കിടയിൽ സ്വാധീനമുണ്ടാക്കുന്നതിനും ഇത്തരം യാത്രകളെയാണ് നേതാക്കൾ ഉപയോഗപ്പെടുത്തുന്നത്.
സർക്കാർ ദുർബലപ്പെടുന്നുവെന്ന തോന്നലുണ്ടാകുമ്പോൾ പാർട്ടി രംഗത്തെത്തുന്നത് രാഷ്ട്രീയത്തിലെ തന്ത്രങ്ങളിലൊന്നാണ്.പാർട്ടിയിലൂടെ രൂപീകരിക്കപ്പെടുന്ന സർക്കാരിനെ ശക്തമാക്കാൻ പാർട്ടിയെ തന്നെ ബോധവൽക്കരിക്കേണ്ടത് ഓരോരോ കാലഘട്ടങ്ങളിലെയും നേതൃത്വത്തിന്റെ ജോലിയാണ്.എം.വി ഗോവിന്ദന്റെ ജനകീയ പ്രതിരോധ ജാഥയിലും ഈ ശ്രമം കാണാനാകും.കേന്ദ്ര സർക്കാർ നിലപാടുകൾക്കെതിരെ നടത്തുന്ന പ്രതിഷേധം സ്വന്തം സർക്കാരിനെ ശക്തപ്പെടുത്താൻ കൂടിയുള്ളതാണ്.
രാഷ്ട്രീയ ലക്ഷ്യങ്ങൾക്കപ്പുറം ജനങ്ങളുടെ പ്രശ്നങ്ങളെ നേരിട്ട് മനസ്സിലാക്കാനും ഇത്തരം യാത്രകൾക്ക് കഴിയേണ്ടതുണ്ട്.കോവിഡാനന്തര കാലത്ത് ജനങ്ങൾ എങ്ങനെ ജീവിക്കുന്നുവെന്നത് പ്രധാനമാണ്.ഗൾഫ് മേഖലയിൽ നിന്ന് തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തിയവർ നിരവധിയാണ്.അവരുടെ വരുമാനം വറ്റിയതോടെ പട്ടിണിയുടെ വക്കിലായി കഴിയുന്ന കുടുംബങ്ങളും അനവധി.അരി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ വർധിച്ചുകൊണ്ടിരിക്കുന്നു.
വെള്ളക്കരം ഉൾപ്പെടെ സാധാരണക്കാരനെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളിലും ജനങ്ങൾ നട്ടം തിരിയുകയാണ്.
തൊഴിൽ മേഖലയിലെ പ്രതിസന്ധി തൊഴിലാളികളുടെ വരുമാനം കുറച്ചു.ഇത്തരത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ എക്കാലത്തും ഒപ്പം നിലകൊണ്ട അടിസ്ഥാന വർഗം സാമ്പത്തികമായ ഞെരുക്കത്തിലൂടെ കടന്നു പോകുകയാണെന്ന യാഥാർഥ്യം നിലനിൽക്കുന്നുണ്ട്.ധനികരും മധ്യവർഗവും അല്ലലില്ലാതെ ജീവിക്കുമ്പോൾ പാവപ്പെട്ടവന്റെ നിത്യജീവതം ദുഷ്കരമാണ്.സമൂഹത്തിന്റെ അടിത്തട്ടിലെ ഇത്തരം പ്രയാസങ്ങളെ ഉൾക്കൊള്ളാൻ രാഷ്ട്രീയ നേതാക്കളുടെ യാത്രകൾക്കും ജനകീയ ഇടപെടലുകൾക്കും കഴിയണം.
സാധാരണക്കാരന്റെ പ്രശ്്നങ്ങൾ കണ്ടെത്തി അവക്ക് പരിഹാരം കാണാനുള്ള രാഷ്ട്രീയ തീരുമാനങ്ങൾ ഉണ്ടാകേണ്ടതുണ്ട്.ബജറ്റ് നിർദേശങ്ങൾ ജനദ്രോഹപരമാണെന്ന് കണ്ടെത്തിയാൽ, അതിലുണ്ടാകുന്ന പ്രതിഷേധങ്ങളെ തണുപ്പിക്കുകയല്ല, മറിച്ച് സർക്കാർ നയങ്ങളിൽ മാറ്റം വരുത്തുകയാണ് വേണ്ടത്.
സർക്കാരിനും അതിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയ നേതാക്കൾക്കും അതിനുള്ള തിരിച്ചറിവും ഇഛാശക്തിയും ഉണ്ടാകേണ്ടതുണ്ട്.സർക്കാരിന് പറ്റുന്ന പിഴകളെ തിരുത്താൻ രാഷ്ട്രീയ നേതൃത്വത്തിന് കഴിയുമ്പോഴാണ് രാഷ്ട്രീയപാർട്ടികളുടെ പ്രസക്തി വർധിക്കുന്നത്.






