Sorry, you need to enable JavaScript to visit this website.

വേദി വിട്ട് ഓടിയതല്ല, ദേഹോപദ്രവം ഉണ്ടായിട്ടില്ല, വാരനാട്ടിലേക്ക് ഇനിയും വരും-വിനീത് ശ്രീനിവാസൻ

കൊച്ചി- കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ സംഭവമായിരുന്നു നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്റെ ഓട്ടം. ചേർത്തല വാരനാട് ക്ഷേത്രത്തിൽ നടന്ന ഗാനമേളക്ക് ശേഷം വേദി വിട്ട് കാറിലേക്ക് വിനീത് ശ്രീനിവാസൻ ഓടുകയായിരുന്നു. അനിയന്ത്രിതമായ ജനക്കൂട്ടം കാരണം സ്‌റ്റേജിൽനിന്ന് ഇറങ്ങിയ വിനീത് കാറിലേക്ക് ഓടുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നിരുന്നത്. ഇത് സംബന്ധിച്ച് വിശദീകരണവുമായി വിനീത് ശ്രീനിവാസൻ രംഗതെത്തി.
വിനീത് ശ്രീനിവാസന്റെ വാക്കുകൾ:

വാരനാട് ക്ഷേത്രത്തിൽ നടന്ന ഗാനമേള സംബന്ധിച്ച് ഒരുപാടു വാർത്തകളും വീഡിയോസും വന്നതുകൊണ്ടാണ് ഇതെഴുതുന്നത്. അടുത്ത കാലത്ത് ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചു പാടിയ ഒരു വേദിയായിരുന്നു അത്. പ്രോഗ്രാമിന്റെ അവസാനഘട്ടത്തിൽ,അനിയന്ത്രിതമായ ജനതിരക്കു കാരണം ഗാനമേള അവസാനിപ്പിച്ച് പുറത്തു കടക്കേണ്ട ഒരു സാഹചര്യം ഉണ്ടായി. ക്ഷേത്ര പരിസരത്ത് വണ്ടികയറ്റാൻ നിർവാഹമില്ലാത്തതുകൊണ്ട്, വണ്ടി വരെ അൽപദൂരം ഓടേണ്ടിവന്നു. അല്ലാതെ ആരും ഒരുതരത്തിലുമുള്ള ദേഹോപദ്രവവും ഉണ്ടാക്കിയിട്ടില്ല. പരിപാടി അവസാനിക്കുന്നതുവരെ, ഓരോ പാട്ടും എന്നോടൊപ്പം ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പോഴും മനസ്സുമുഴുവൻ. ഒരു കലാകാരന് ഇതിനപ്പുറം എന്താണ് വേണ്ടത്. സിനിമ പിന്നണി ഗായകനായി ഇതെന്റെ ഇരുപതാം വർഷമാണ്. രണ്ടാം തവണയാണ് വാരനാട് പ്രോഗ്രാമിന് വരുന്നത്. ഇനിയും വിളിച്ചാൽ, ഇനിയും വരും
 

Latest News