ലോകത്ത് ഏറ്റവും കൂടുതല്‍ സമയം ജോലി ചെയ്യുന്നവര്‍ മുംബൈക്കാര്‍

മുംബൈ- ലോകത്ത് ഏറ്റവും വലിയ കഠിനാധ്വാനികളും ഏറ്റവും കൂടുതല്‍ സമയം ജോലി ചെയ്യുന്നവരും മുംബൈക്കാരാണെന്ന് രാജ്യാന്തര സര്‍വെ. വിവിധ രാജ്യങ്ങളിലെ 77 പ്രധാന നഗരങ്ങളിലെ ജോലിക്കാരില്‍ സ്വിസ് ബാങ്ക് യുബിഎസ് നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. മുംബൈയിലെ ഒരു ജോലിക്കാരന്‍ ശരാശരി 3,314.7 മണിക്കൂറുകളാണ് ഒരു വര്‍ഷം ജോലി ചെയ്യുന്നത്. ആഗോള മാനദണ്ഡമനുസരിച്ച് വര്‍ഷം 1,987 മണിക്കൂര്‍ ജോലി ചെയ്താല്‍ മതി. എന്നാല്‍ യുറോപ്യന്‍ നഗരങ്ങളുടെ രണ്ടിരട്ടിയിലധികമാണ് മുംബൈക്കാര്‍ ജോലി ചെയ്യുന്നത്. റോമില്‍ 1,581 മണിക്കൂറും പാരീസില്‍ 1,662 മണിക്കൂറുമാണ് ഒരു ജോലിക്കാരന്‍ പ്രതിവര്‍ഷം ശരാശരി ജോലി ചെയ്യുന്നത്.

അതേസമയം ഇത്രയധികം സമയം ജോലി ചെയ്തിട്ടും കഠിനാധ്വാനം ചെയ്തിട്ടും വലിയ മെച്ചങ്ങളൊന്നും ഉണ്ടാക്കാന്‍ മുംബൈയിലെ ജോലിക്കാര്‍ക്ക് കഴിയുന്നിലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ന്യൂയോര്‍ക്കില്‍ ഒരാള്‍ 54 മണിക്കൂര്‍ ജോലി ചെയ്താല്‍ ഒരു ഐഫോണ്‍ ടെന്‍ വാങ്ങാം. എന്നാല്‍ മുംബൈയിലെ ഒരു ജോലിക്കാരന് 917 മണിക്കൂര്‍ ജോലി ചെയ്താലെ ഒരു ഐഫോണ്‍ ടെന്‍ വാങ്ങാന്‍ തക്ക പ്രതിഫലം ലഭിക്കൂ. വീട്ടു വാടക, ജീവിത ചെലവ് തുടങ്ങി പലസാഹചര്യങ്ങളും മറ്റു നഗരങ്ങളെ അപേക്ഷിച്ച് മുംബൈയില്‍ കുറവാണെങ്കിലും സമ്പാദ്യം വളരെ കുറവാണെന്നാണ് സര്‍വെ പറയുന്നത്. 

മണിക്കൂര്‍ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന നഗരങ്ങളില്‍ ജനീവ, സൂറിച്ച്, ലകസംബര്‍ഗ് എന്നിവയാണ് മുന്നില്‍. ഈ പട്ടികയില്‍ 76-ാം സ്ഥാനമാണ് മുംബൈക്ക്. മുംബൈക്കു പിന്നില്‍ കയ്‌റോ മാത്രം. ശരാശരി വരുമാനം ലഭിക്കുന്ന കാര്യത്തില്‍ ആഫ്രിക്കന്‍ നഗരങ്ങളായ നെയ്‌റോബി, ലാവോസ് എന്നീ നഗരങ്ങള്‍ പോലും മുംബൈയ്ക്കു മുന്നിലാണ്. 
  

Latest News