കല്‍പറ്റ-സൗത്ത് വയനാട് വനം ഡിവിഷനിലെ പാപ്ലശേരിയില്‍ സ്വകാര്യ കിണറില്‍ വീണു ചത്തത് ഒന്നര വയസുള്ള പെണ്‍കടുവ. കടുവ മുങ്ങിച്ചാകുകയായിരുന്നുവെന്നും സുല്‍ത്താന്‍ബത്തേരി കുപ്പാടിയിലെ ഫോറസ്റ്റ് ലാബില്‍ പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. കടുവയുടെ ദേഹത്ത് പരിക്കുകള്‍ ഉണ്ടായിരുന്നില്ല. ശ്വാസകോശത്തില്‍ കിണര്‍ വെള്ളത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ആന്തരികാവയവങ്ങള്‍ വിശദ പരിശോധനക്ക് അയയ്ക്കും. ഞായറാഴ്ച വൈകുന്നേരമാണ് പാപ്ലശേരിയിലെ കിണറില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തിയത്.
അതിനിടെ, നെന്‍മേനി പാടിപ്പറമ്പില്‍ സ്വകാര്യ കൃഷിയിടത്തില്‍ കുട്ടിക്കടുവ കഴുത്തില്‍ കുരുക്കുമുറുകി ചത്ത സംഭവത്തില്‍ വൈല്‍ഡ്‌ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയിലെ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി. ഇന്‍സ്‌പെക്ടര്‍ മതിവര്‍ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് വയനാട്ടിലെത്തിയത്. വനപാലകരുടേതടക്കം മൊഴി രേഖപ്പെടുത്തിയ സംഘം കടുവ ചത്തതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളും പരിശോധിച്ചു. പാടിപ്പറമ്പില്‍ തെളിവെടുപ്പ് നടത്തി. അന്വേഷണ റിപ്പോര്‍ട്ട് സംഘം ബ്യൂറോ മേധാവിക്കും പ്രധാനമന്ത്രി അധ്യക്ഷനായ ദേശീയ കടുവ സംരക്ഷണ അഥോറിറ്റിക്കും മറ്റും സമര്‍പ്പിക്കും.