Sorry, you need to enable JavaScript to visit this website.

രഹസ്യ വിവാഹം കഴിഞ്ഞ് രണ്ടാഴ്ച്ചക്കകം ജിദ്ദയിൽ ഭർത്താവ് മരിച്ചു, സിറിയൻ യുവതിക്ക് എട്ടുകോടി റിയാലിന്റെ നഷ്ടപരിഹാരം

ജിദ്ദ - സൗദി വ്യവസായി വിവാഹം കഴിച്ച സിറിയൻ യുവതിക്ക് എട്ടു കോടിയിലേറെ റിയാലിന്റെ അനന്തര സ്വത്ത് കൈമാറാനുള്ള കീഴ്‌ക്കോടതി, അപ്പീൽ കോടതി വിധികൾ സുപ്രീം കോടതി റദ്ദാക്കി. കേസിൽ പുനർവിചാരണ നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടു. ഇരുപതുകാരിയായ സിറിയക്കാരിയെ സ്വന്തം കുടുംബാംഗങ്ങളൊന്നും അറിയാതെ മിസ്‌യാർ രീതിയിൽ സൗദി വ്യവസായി രഹസ്യ വിവാഹം ചെയ്യുകയായിരുന്നു. പത്തു വർഷം മുമ്പാണ് സംഭവം. വിവാഹം നടന്ന് രണ്ടാഴ്ചക്കു ശേഷം ഭർത്താവ് മരണപ്പെട്ടു. 
ഇതോടെ അനന്തര സ്വത്തിൽ അവകാശം തേടി സിറിയക്കാരി ജിദ്ദ കോടതിയെ സമീപിക്കുകയായിരുന്നു. 70 കോടിയിലേറെ റിയാലിന്റെ സമ്പത്താണ് സൗദി വ്യവസായിക്കുള്ളത്. ഇതിൽ എട്ടു കോടി റിയാലെങ്കിലും സിറിയക്കാരിക്ക് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. സൗദി പൗരന്റെ മുഴുവൻ സ്വത്തുവകകളുടെയും വിശദമായ കണക്കുകളെടുത്ത് മൂല്യനിർണയം നടത്തുന്നതോടെ എട്ടു കോടിയിലേറെ റിയാൽ അനന്തര സ്വത്തായി സിറിയക്കാരിക്ക് ലഭിക്കാൻ സാധ്യതയുണ്ട്. 
സിറിയക്കാരിയെ രഹസ്യ വിവാഹം ചെയ്ത വ്യവസായി രണ്ടാഴ്ചക്കു ശേഷം ജിദ്ദയിലെ വീട്ടിൽ വെച്ച് ഹൃദയാഘാത്തെ തുടർന്ന് മരണപ്പെടുകയായിരുന്നു. ഇതോടെ അനന്തര സ്വത്തിൽ അവകാശം തേടി ജിദ്ദ ജനറൽ കോടതിയിൽ യുവതി കേസ് നൽകി. വ്യവസായി മിസ്‌യാർ രീതിയിൽ തന്നെ വിവാഹം ചെയ്തിരുന്നെന്ന് വാദിച്ച യുവതി വ്യവസായി ഒപ്പുവെച്ച വിവാഹ കരാർ കോപ്പിയും വിവാഹത്തിന് സാക്ഷികളായ ഏതാനും പേരെയും കോടതിയിൽ ഹാജരാക്കി. വ്യവസായിയുടെ മക്കൾ സിറിയക്കാരിയുടെ വാദം കോടതിയിൽ ശക്തിയുക്തം എതിർത്തെങ്കിലും ഫലമുണ്ടായില്ല. വർഷങ്ങൾ നീണ്ട വ്യവഹാരങ്ങൾക്കൊടുവിൽ കോടതി സിറിയക്കാരിക്ക് അനുകൂലമായി വിധി പ്രസ്താവിക്കുകയും ഇവരെയും അനന്തരാവാകശികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു. ജിദ്ദ ജനറൽ കോടതി വിധി കഴിഞ്ഞ വർഷം മക്ക പ്രവിശ്യ അപ്പീൽ കോടതി ശരിവെച്ചു. 
മക്കയിലും ജിദ്ദയിലും തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ നിരവധി കെട്ടിടങ്ങളും ഫഌറ്റുകളും പ്ലോട്ടുകളും 12 നഗരങ്ങളിൽ വ്യാപാര സ്ഥാപനങ്ങളും ഓഹരി വിപണി നിക്ഷേപങ്ങളും ബാങ്ക് ബാലൻസുകളുമുള്ള സൗദി വ്യവസായിയുടെ ഭാര്യയായി സ്ഥിരീകരിക്കുന്ന പക്ഷം സിറിയക്കാരിക്ക് എട്ടു കോടിയിലേറെ റിയാലിന്റെ സമ്പത്ത് ലഭിക്കും. തുടക്കത്തിൽ ഭർത്താവിന്റെ സമ്പത്തിൽ നിന്ന് മൂന്നു ലക്ഷം റിയാലാണ് സിറിയക്കാരി ആവശ്യപ്പെട്ടിരുന്നത്. പിന്നീട് ഇവർ ഈയാവശ്യം പിൻവലിക്കുകയും അനന്തര സ്വത്തിലെ പൂർണ അവകാശം വേണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഇത് വിചാരണ കോടതിയും അപ്പീൽ കോടതിയും അംഗീകരിച്ചു. എന്നാൽ കേസുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ട് അടുത്തിടെ കേസ് ഫയൽ ജിദ്ദ കോടതിയിലേക്ക് സുപ്രീം കോടതി അയക്കുകയായിരുന്നു. 
വ്യവസായിയുടെ മക്കൾ സിറിയക്കാരിയെ തങ്ങളുടെ പിതാവിന്റെ ഭാര്യയായി അംഗീകരിക്കാൻ വിസമ്മതിക്കുകയാണ്. സിറിയക്കാരി കോടതിയിൽ ഹാജരാക്കിയ വിവാഹ കരാറും സാക്ഷികളും വ്യാജമാണെന്നാണ് ഇവർ വാദിക്കുന്നത്. വിവാഹം നടന്നതായി സ്ഥിരീകരിച്ചാൽ തന്നെ അടിസ്ഥാന വ്യവസ്ഥകൾ പൂർണമല്ലാത്തതിനാൽ വിവാഹം അസാധുവാണെന്നും വിവാഹം സ്ഥിരീകരിക്കുന്ന നിയമാനുസൃത തെളിവുകൾ സിറിയക്കാരി ഹാജരാക്കിയിട്ടില്ലെന്നും നേരത്തെ ഹാജരാക്കിയ തെളിവുകൾ പൂർണമല്ലെന്നും കോടതിയെ ഇവർ കബളിപ്പിക്കുകയായിരുന്നെന്നും മക്കൾ പറയുന്നു. കോടതി ഏറ്റവും ഒടുവിൽ പ്രസ്താവിച്ച വിധി പ്രകാരം സൗദി വ്യവസായിക്ക് മക്കളും സൗദി ഭാര്യയും അടക്കം പത്തു അനന്തരാവകാശികളാണുള്ളത്.
 

Latest News