മുസ്ലിം സംഘടനകളും ചില വീണ്ടുവിചാരങ്ങളും


ഇസ്ലാം കലഹമല്ല. സംഘടന സങ്കുചിതത്വവുമല്ല. പുറത്താക്കലും അകത്താക്കലുമല്ല. ഉപദേശങ്ങളും സഹിഷ്ണുതയുമാണ്. എല്ലാവരെയും ഉൾക്കൊള്ളാനും എല്ലാവരെക്കുറിച്ചും മാന്യമായി സംസാരിക്കാനുമുള്ള മാനസിക വികാസമായിരിക്കണം മുസ്ലിമിന്റെ മുഖമുദ്ര. മതേതര സംഘടനകൾക്കിടയിൽ ഐക്യവും സഹിഷ്ണുതയും വേണമെന്ന് പറയുന്ന മുസ്ലിം സംഘടനകൾ അവർക്കിടയിലാണ് അത് ആദ്യമായി വേണ്ടതെന്ന് മറന്നുപോകരുത്.

 

മോഡിപ്പേടിയും കോവിഡാശങ്കകളും അവസാനിച്ച് കേരളത്തിന്റെ മുസ്ലിം പ്രബോധന മേഖലകൾ വീണ്ടും സജീവമായിരിക്കുന്ന സാഹചര്യത്തിൽ വിവിധ സംഘടന നേതൃത്വങ്ങൾ ഒരു വീണ്ടുവിചാരത്തിന് തയാറാവുന്നത് നന്നായിരിക്കും. കേരളീയ മുസ്ലിം സമൂഹത്തിന്റെ മതപരമായ ഉണർവിനും നവോത്ഥാനത്തിനും മതസംഘടനകൾ നിർവഹിച്ച പങ്ക് വളരെ വലുതാണ്. ആശയപരമായ അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും മുസ്ലിം അടയാളങ്ങളും പാരമ്പര്യങ്ങളും സൂക്ഷിച്ചുകൊണ്ടു തന്നെ കാലത്തിനനുസരിച്ച് സമുദായ മക്കളെ സജ്ജമാക്കുന്നതിൽ സംഘടനകൾ വിജയിച്ചിട്ടുണ്ട്. പള്ളികളും മദ്രസകളും കോളേജുകളും സർവകലാശാലകളും സ്ഥാപിച്ചുകൊണ്ട് ഇസ്ലാമിക വൈജ്ഞാനിക മേഖലകളിൽ നവജാഗരണം സൃഷ്ടിക്കാനും അവർക്ക് സാധിച്ചിട്ടുണ്ട്.  

ഇന്ത്യയുടെ ഭരണഘടന നൽകുന്ന അവകാശങ്ങളുപയോഗപ്പെടുത്തിക്കൊണ്ടാണ് സംഘടനകൾ മേൽസൂചിപ്പിച്ച നേട്ടങ്ങൾ നേടിയെടുത്തത്. സ്വതന്ത്ര ഇന്ത്യ രൂപംകൊണ്ട ശേഷം അര നൂറ്റാണ്ട് കാലം മതനിരപേക്ഷ കക്ഷികളാണ് രാജ്യം ഭരിച്ചത്. മുസ്ലിം സമൂഹത്തിന് നിയതമായ പ്രവർത്തന സ്വാതന്ത്ര്യം ആ കാലഘട്ടങ്ങളിൽ ലഭിച്ചു. 1990 ലെ കർസേവയിലൂടെ രാക്ഷസ രൂപം പൂണ്ട സംഘ്പരിവാർ രാജ്യത്തിന്റെ കുഞ്ചിക സ്ഥാനങ്ങളിൽ കയറിപ്പറ്റി. മുസ്ലിം സമൂഹം തീക്ഷ്ണമായ ഭീഷണികൾ നേരിട്ടുതുടങ്ങി. 2014 ൽ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ അവർ അധികാരത്തിൽ വന്നതോടെ മുസ്ലിം സമുദായത്തിന്റെ സ്വാതന്ത്ര്യത്തിന് മേൽ കരിനിഴൽ വീണുതുടങ്ങി.

2019 ൽ സംഘ്പരിവാർ ഹിന്ദുരാഷ്ട്ര പ്രഖ്യാപനത്തിൽ ഊന്നിക്കൊണ്ടുള്ള പ്രകടനപത്രിക 'സങ്കൽപപത്ര' എന്ന പേരിൽ അവതരിപ്പിച്ച് വീണ്ടും അധികാരത്തിൽ വന്നു. അധികാരം ലഭിച്ചതോടെ പ്രധാന ന്യൂനപക്ഷമായ മുസ്ലിം സമുദായത്തിന്റെ പൗരത്വം റദ്ദ് ചെയ്യാനുള്ള നടപടികൾക്ക് തുടക്കമിട്ടു.  ആൾക്കൂട്ട അതിക്രമങ്ങളും കൊലപാതകങ്ങളും ആസൂത്രിതമായി നടപ്പാക്കി. പ്രതിഷേധിക്കുന്നവരെ മുഴുവൻ ജയിലിലടച്ചു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞു. ബാബ്‌രിക്ക് ചരമക്കുറിപ്പ് തയാറാക്കി രാമക്ഷേത്ര നിർമാണം ആരംഭിച്ചു.  മഥുര, കാശി മസ്ജിദുകളിന്മേൽ  അവകാശം സ്ഥാപിച്ചു. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കി. ഹിജാബ് ഭാഗികമായി നിരോധിക്കപ്പെട്ടു. ഏക സിവിൽ കോഡിന് വേണ്ടിയുള്ള പണികൾ തുടങ്ങി. മുസ്ലിം സമുദായത്തെ ഒറ്റപ്പെടുത്താൻ മറ്റു ന്യൂനപക്ഷങ്ങളെ കൂട്ടുപിടിച്ചു. മുസ്ലിം സമൂഹം ഏറ്റവും വലിയ ഒറ്റപ്പെടലിന്റെ കയ്പുനീർ അനുഭവിച്ചു തുടങ്ങി.

മറ്റെന്ത് അനൈക്യങ്ങളേക്കാളും കാലഘട്ടം തേടുന്നത് ഒന്നിച്ചു നിന്നുകൊണ്ട് പ്രതിയോഗിയെ പ്രതിരോധിക്കുകയാണെന്ന് മനസ്സിലാക്കിയ മുസ്ലിം സംഘടനകൾ പരസ്യമായ വിമർശനങ്ങൾ ഒഴിവാക്കുകയും പരസ്പരം വേദികൾ പങ്കിട്ടും ഐക്യത്തിന്റെ മതിലുകൾ തീർത്തു. ഈ മുന്നേറ്റത്തിന് രാജ്യത്തെ മതനിരപേക്ഷ കക്ഷികൾ കുടചൂടുകയും ചെയ്തു. ഒറ്റയ്ക്കല്ല, കൂടെ ഹിന്ദുവും ക്രിസ്ത്യാനിയും ഇതര മതക്കാരും മതമില്ലാത്തവരും എല്ലാവരുമുണ്ട് എന്ന ആശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും നെടുവീർപ്പുകൾ അവരിൽ സമാധാനം വളർത്തി. ആശയങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ ഒന്നിച്ചു നിൽക്കുന്നതിന്റെ പ്രാധാന്യം അവർക്ക് ബോധ്യപ്പെട്ടു. സർക്കാരിന്റെ മുസ്‌ലിം വിരുദ്ധ നീക്കങ്ങൾക്കെതിരെ അവർ ഒരുമിച്ച് സമരം ചെയ്തു.

മുസ്ലിം സമുദായവും മതേതര കക്ഷികളും നടത്തിവന്ന പ്രതിഷേധ സമരങ്ങളുടെ തീച്ചൂളകൾക്കിടയിൽ കടന്നുവന്ന  കോവിഡ് മഹാമാരിയും മുസ്ലിം സമൂഹത്തിൽ ആധി പടർത്തി. മോഡിയും അമിത് ഷായും ഉയർത്തിപ്പിടിച്ച പൗരത്വ നിയമത്തിന്റെ ഓളങ്ങൾ താൽക്കാലികമായി ശാന്തമായി. കോവിഡ് പ്രതിസന്ധി കാരണം മുസ്ലിം സംഘടനകൾ നടത്തിവന്നിരുന്ന പരസ്യ പരിപാടികൾ നിലയ്ക്കുകയും ചെയ്തു. ഈ കാലഘട്ടത്തിൽ ആക്ഷേപങ്ങളോ കുത്തുവാക്കുകളോ ഖണ്ഡന മണ്ഡനങ്ങളോ സംവാദങ്ങളോ അരങ്ങേറിയില്ല. മോഡിയും കോവിഡും മുസ്ലിം സമൂഹത്തിന് സമ്മാനിച്ച പോസിറ്റിവായ കാര്യങ്ങളായിരുന്നു അവർക്കിടയിൽ ഉണ്ടായ ഐക്യബോധവും പരസ്പരം ആക്ഷേപിച്ചുള്ള സംസാരങ്ങളിൽ നിന്ന് മാറിനിൽക്കലും. 'അവൻ നിങ്ങളുടെ ഹൃദയങ്ങൾക്കിടയിൽ ഇണക്കമുണ്ടാക്കി' (ഫ അല്ലഫ ബൈന ഖുലൂബികും) എന്ന് ഖുർആൻ വിശേഷിപ്പിച്ച അവസ്ഥയിലേക്ക് കേരളീയ മുസ്ലിം സമൂഹം ഏറെക്കുറെ മാറുകയും ചെയ്തു.

ഭയത്തിന്റെ നാളുകൾ അകന്നു തുടങ്ങിയപ്പോൾ സംഘടനകൾ അവരുടെ പതിവ് രീതികളിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്. മുസ്ലിം സമുദായത്തിന്റെ പുരോഗതിക്ക് ഉപകരിക്കുമെങ്കിൽ സമ്മേളനങ്ങൾ നല്ലതു തന്നെ. പക്ഷെ, മറുപടിയും മറുപടിക്ക് മറുപടിയുമായി ആക്ഷേപത്തിന്റെയും അസഹിഷ്ണുതയുടെയും അവസ്ഥയിലേക്ക് അത് മാറുന്നുവെങ്കിൽ അത് സമുദായത്തിന് ആപത്തുകൾ മാത്രമാണ് സമ്മാനിക്കുക. ആശയ പ്രബോധനങ്ങൾ സൗമ്യമായ വിധത്തിൽ നടക്കുകയാണ് വേണ്ടത്. മറ്റുള്ളവരെ അപഹസിച്ചുകൊണ്ടുള്ള ശൈലികൾ ഇസ്ലാം അംഗീകരിക്കുന്നില്ലെന്ന് എല്ലാവർക്കുമറിയാം. മറ്റുള്ളവരെ വിമർശിച്ചും കുറ്റം പറഞ്ഞും മാത്രമേ സ്വന്തം ആശയം പ്രബോധനം ചെയ്യാൻ സാധിക്കൂവെന്ന് കരുതരുത്. ഇന്ത്യ രാജ്യം നൽകിയ മതസ്വാതന്ത്ര്യത്തിന്റെയും ന്യൂനപക്ഷാവകാശങ്ങളുടെയും പേരിൽ അവയെ ദുരുപയോഗം ചെയ്യുന്നത് അല്ലാഹുവിന്റെ കോപത്തിന് കാരണമാവും. 
ഇസ്ലാം കലഹമല്ല. സംഘടന സങ്കുചിതത്വവുമല്ല. പുറത്താക്കലും അകത്താക്കലുമല്ല. ഉപദേശങ്ങളും സഹിഷ്ണുതയുമാണ്. എല്ലാവരെയും ഉൾക്കൊള്ളാനും എല്ലാവരെക്കുറിച്ചും മാന്യമായി സംസാരിക്കാനുമുള്ള മാനസിക വികാസമായിരിക്കണം മുസ്ലിമിന്റെ മുഖമുദ്ര. മതേതര സംഘടനകൾക്കിടയിൽ ഐക്യവും സഹിഷ്ണുതയും വേണമെന്ന് പറയുന്ന മുസ്ലിം സംഘടനകൾ അവർക്കിടയിലാണ് അത് ആദ്യമായി വേണ്ടതെന്ന് മറന്നു പോവരുത്.
മതപണ്ഡിതന്മാർ തന്നെ വിഭിന്ന ചേരികളിൽ പ്രവർത്തിക്കുന്നത് കാണുമ്പോൾ നിർമത, നിരീശ്വര പ്രസ്ഥാനങ്ങൾക്കിടയിൽ കിടന്ന് നട്ടം തിരിയുന്ന സാധാരണക്കാരിൽ പരിഭ്രമം കൂടുതലാവുകയാണ് ചെയ്യുക.  
സമുദായത്തെ അവർ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയിൽ നിന്നും പരിതാപകരമായ പിന്നോക്കാവസ്ഥകളിൽ നിന്നും രക്ഷപ്പെടുത്തുക. ബുദ്ധിയും വിവേകവുമുള്ള സംഘടന നേതാക്കളിൽ നിന്നും പണ്ഡിതന്മാരിൽ നിന്നും സമുദായം ഇന്നേറെ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നത് അതാണ്.

Latest News