നിങ്ങൾ സംഘ് പരിവാറിനെതിരെ പോരാടുന്നവരാണോ, എങ്കിൽ കോൺഗ്രസിനൊപ്പം നിൽക്കേണ്ടി വരും എന്ന് എല്ലാ സംഘടനകൾക്കും വ്യക്തികൾക്കും ഉറച്ച സന്ദേശം നൽകാൻ കോൺഗ്രസ് പ്ലീനറി സമ്മേളനത്തിനും രാഹുലിനും സാധിച്ചിരിക്കുന്നു. ഇനിയെന്ത് എന്നത് അടുത്ത നാളുകളിൽ അറിയാം.
ഇന്ത്യൻ നാഷനൽ കോൺഗ്രസിന് നല്ല പ്രായമുണ്ട്- രൂപീകരണ കാലമായ 1885 വെച്ച് കണക്കാക്കിയാൽ 138 വയസ്സ്. വിവിധ ഘട്ടങ്ങളിൽ പ്രായത്തിന്റെ അവശതകൾ ആ സംഘടന കാണിച്ചിട്ടുണ്ടെങ്കിലും ചരിത്രത്തിന്റെ പ്രത്യേക സന്ധികളിൽ ആ സംഘടന ദൗത്യം നിർവഹിച്ചുപോന്നു. കഴിഞ്ഞ ദിവസം കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ സംസാരിച്ച സോണിയ ഗാന്ധി സമീപ കാലത്ത് പാർട്ടിക്ക് സംഭവിച്ച ഉയർച്ച താഴ്ചകളിലേക്ക് ലളിതമായി സൂചന നൽകുകയുണ്ടായി. കൊൽക്കത്ത പ്ലീനറിയിലായിരുന്നു സോണിയ ഗാന്ധി ആദ്യമായി പ്രസംഗിച്ചത്. പിന്നീടവർ പാർട്ടി പ്രസിഡന്റായി. പ്രധാനമന്ത്രി പദം വേണ്ടെന്നുവെച്ച് യു.പി.എ എന്ന സംവിധാനത്തിലേക്ക് ഇന്ത്യയെ എത്തിക്കുക വഴി ബി.ജെ.പി സാധ്യതകൾ വൈകിപ്പിച്ചതൊക്കെ ഇന്നലെ കഴിഞ്ഞതു പോലുള്ള അനുഭവങ്ങൾ. ഈ അനുഭവങ്ങളെല്ലാം ചേർത്ത് കോൺഗ്രസ് തയാറാക്കിയ വീഡിയോ കണ്ട ശേഷം അവർ പറഞ്ഞ വാക്കുകളിൽ ഇനിയുള്ള കോൺഗ്രസ് എങ്ങനെയായിരിക്കുമെന്നതിന്റെ സൂചനകളുണ്ട്- എനിക്ക് വയസ്സായെന്നാണ് അൽപം മുമ്പ് കണ്ട ദൃശ്യങ്ങൾ കാണിച്ചു തരുന്നത്. ഇനി മല്ലികാർജുൻ ഖർഗെയുടെ കീഴിൽ ചെറുപ്പക്കാർ മുന്നോട്ട് വരണം....ഇതു കേട്ട് പ്രിയ മാതാവിനെ കെട്ടിപ്പുണർന്ന രാഹുൽ ഗാന്ധിയുടെ ചിത്രം കോൺഗ്രസിലെ മാറുന്ന കാലത്തെക്കുറിച്ചുള്ള ചിത്രം നൽകുന്നതായി. പ്ലീനറി സമ്മേളനത്തിൽ സംസാരിച്ച രാഹുൽ ഗാന്ധി രാഷ്ട്രീയ എതിരാളികളെ വാക്കുകൾ കൊണ്ട് നേരിടുന്ന കാര്യത്തിൽ തന്റെ ധൈര്യം ആവർത്തിച്ചത് കോൺഗ്രസ് അണികൾക്ക് വലിയ ആവേശമാണ് നൽകിയിട്ടുണ്ടാവുക. ഗൗതം അദാനിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും രണ്ടല്ല ഒന്നാണെന്നാണ് കോൺഗ്രസ് പ്ലീനറി വേദിയിൽ രാഹുൽ ഗാന്ധി ധീരതയോടെ പറഞ്ഞത്. അദാനിയെ അതിസമ്പന്നനാക്കിയത് കേന്ദ്ര സർക്കാരിന്റെ നയങ്ങളാണ്. അദാനിയെ സംരക്ഷിക്കുന്നതെന്തിനാണെന്ന് താൻ നിരന്തരമായി ചോദിച്ചുകൊണ്ടിരിക്കുന്നുണ്ട്. പ്രധാനമന്ത്രിക്ക് ആ ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ല. പ്രധാനമന്ത്രിയും മന്ത്രിമാരും സർക്കാരും അദാനിയുടെ രക്ഷകരാവുകയാണ്. വിമർശനം ഉന്നയിക്കുന്നവരെ അവർ രാജ്യദ്രോഹികളാക്കുന്നു. പ്രതിരോധ മേഖലയിൽ പോലും അദാനിയുടെ ഷെൽ കമ്പനികൾ പ്രവർത്തിക്കുകയാണിപ്പോൾ. ഷെൽ കമ്പനികളെ സംബന്ധിച്ച നിഗൂഢത നീങ്ങുന്നില്ല.
ലളിതമായ ചോദ്യങ്ങളാണ് പ്രധാനമന്ത്രിയോട് ചോദിച്ചത്. ഒന്നിനു പോലും മറുപടി കിട്ടിയില്ല. ഇതുകൊണ്ടൊന്നും പിന്നോട്ട് പോകില്ല. സത്യം പുറത്ത് വരുന്നത് വരെ ചോദിച്ചുകൊണ്ടേയിരിക്കും. പോരാട്ടം തുടരും. ഈസ്റ്റ് ഇന്ത്യ കമ്പനിയെ നേരിട്ടത് പോലെ കോൺഗ്രസ് അദാനിയെ നേരിടുമെന്ന രാഹുൽ ഗാന്ധിയുടെ വാക്കുകൾ കോൺഗ്രസിനെയും സ്വാതന്ത്ര്യ സമരത്തെയുമെല്ലാം ചേർത്തു പിടിക്കുന്ന ഓർമകളിലേക്ക് കേട്ടുനിൽക്കുന്നവരെ എത്തിച്ചു. ഇതൊരു തപസ്യയാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. വിജയം കണ്ട് മാത്രം മടങ്ങുന്ന തപസ്യ.
ലക്ഷക്കണക്കിന് ജനം ഇന്ത്യയിലുടനീളം ഭാരത് ജോഡോ യാത്രയിൽ അണിചേർന്ന കാര്യം എടുത്തു പറഞ്ഞുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസംഗം. പ്രതികൂല കാലാവസ്ഥകൾ അവഗണിച്ചായിരുന്നു യാത്രയിൽ ഉടനീളം ജനം അണിനിരന്നത്. കേരളത്തിലൂടെ നടന്നപ്പോൾ അസഹനീയമായ കാൽമുട്ട് വേദന അനുഭവപ്പെട്ടതൊക്കെ രാഹുൽ വിവരിച്ചു. മുൻപോട്ട് പോകാനാകുമെന്ന് കരുതിയിരുന്നില്ല. കോളേജ് കാലത്ത് ഫുട്‌ബോൾ കളിച്ചപ്പോഴുണ്ടായ പരിക്കായിരുന്നു കാരണം. ജനങ്ങളെ കേൾക്കണമായിരുന്നു. അതു കൊണ്ട് അത്തരം പ്രതിസന്ധികളെ അവഗണിച്ചു മുന്നോട്ട് തന്നെ പോയി. കൃഷി, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, രാസവള ലഭ്യത ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങൾ ഉണ്ടെന്ന് കർഷകരോട് സംസാരിച്ചപ്പോൾ മനസ്സിലായി. വിശപ്പും ദാഹവുമൊക്കെ മറന്ന് ആയിരങ്ങൾ ഒപ്പം നടന്നു. കശ്മീരിലെ ലാൽ ചൗക്കിൽ ദേശീയ പതാക ഉയർത്താൻ ഇപ്പോൾ പ്രധാനമന്ത്രിക്ക് കഴിയുമോ? കശ്മീരിലെ യുവാക്കളുടെ ഹൃദയം കവർന്നതു കൊണ്ടാണ് തനിക്ക് അതിന് സാധിച്ചതെന്ന് മോഡിക്ക് രാഹുലിന്റെ ഓർമപ്പെടുത്തൽ.
ചൈനയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയേക്കാൾ വലുതാണെന്ന് പറഞ്ഞ വിദേശകാര്യ മന്ത്രിയെയും രാഹുൽ ഗാന്ധി പിടികൂടിയിരിക്കയാണ്. സവർക്കർ സ്വീകരിച്ച നിലപാടിന് തുല്യമാണിത്. ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയേക്കാൾ വലുതാണെന്നായിരുന്നു അന്ന് സവർക്കർ പറഞ്ഞത്. ഇതു തന്നെ
യായിരുന്നു അന്ന് ബ്രിട്ടീഷുകാരും പറഞ്ഞു കൊണ്ടിരുന്നത്. ഭൂതകാലത്തിൽ ഇന്ത്യ എന്നൊരു രാഷ്ട്രമോ രാജ്യമോ ഉണ്ടായിരുന്നില്ല എന്ന് ബ്രിട്ടീഷുകാർ അന്ന് പ്രചരിപ്പിച്ചു. ഭാവിയിലും അങ്ങനെയൊന്ന് ഉണ്ടാകില്ല എന്ന് ബ്രിട്ടീഷ് രാഷ്ട്രീയ പണ്ഡിതന്മാർ ചരിത്രപരമായ വിധി പ്രസ്താവം നടത്തുന്നതിനിടക്കായിരുന്നു സവർക്കറുടെ ഈ നിലപാട്. അത്തരത്തിലൊന്നായിപ്പോയി ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ ചൈനയുമായി ഇന്ത്യയെ ബന്ധിപ്പിച്ചുള്ള വാക്കുകൾ എന്ന മർമത്തിലാണ് രാഹുൽ ഗാന്ധി കയറിപ്പിടിച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളിൽ ഈ നിലപാടുകൾ വലിയ ചർച്ചയാകും.
പ്രധാനമന്ത്രിക്ക് എതിരെ രാഹുൽ ഗാന്ധി ലോക്‌സഭയിൽ നടത്തിയ പ്രസംഗം രാഷ്ട്രീയ പ്രമേയത്തിൽ ഉൾപ്പെടുത്തണമെന്ന് എം. ലിജുവാണ് പ്ലീനറി സമ്മേളനത്തിൽ നിർദേശിച്ചത്. അദാനിക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം സഭ രേഖയിൽ നിന്ന് നീക്കിയെങ്കിലും രാഷ്ട്രീയ പ്രമേയത്തിലൂടെ ജനങ്ങളിൽ എത്തിക്കണമെന്ന് പ്ലീനറി സമ്മേളനത്തിലേ തന്റെ കന്നി പ്രസംഗത്തിൽ ലിജു പറഞ്ഞത് ഇനിയുള്ള കാലം കോൺഗ്രസ് എങ്ങനെയായിരിക്കും പോരാടുന്നത് എന്നതിന്റെ എല്ലാ സൂചനയും നൽകുന്നുണ്ട്. നിങ്ങൾ സംഘ് പരിവാറിനെതിരെ പോരാടുന്നവരാണോ, എങ്കിൽ കോൺഗ്രസിനൊപ്പം നിൽക്കേണ്ടിവരും എന്ന് എല്ലാ സംഘടനകൾക്കും വ്യക്തികൾക്കും ഉറച്ച സന്ദേശം നൽകാൻ കോൺഗ്രസ് പ്ലീനറി സമ്മേളനത്തിനും രാഹുലിനും സാധിച്ചിരിക്കുന്നു. ഇനിയെന്ത് എന്നത് അടുത്ത നാളുകളിൽ അറിയാം.






