സൗദിക്കെതിരെ ഗൂഡാലോചന; നാല് വനിതകളടക്കം ഒമ്പത് പേരെ ജയിലിലടച്ചു

റിയാദിലെ പബ്ലിക് പ്രോസിക്യൂട്ടേഴ്‌സ് ആസ്ഥാനം.
റിയാദ്- സൗദി അറേബ്യക്കെതിരെ വിദേശ ശക്തികളുമായി ചേര്‍ന്ന് ഗൂഡാലോചന നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ 17 പേരില്‍ നാല് വനിതകളടക്കം ഒമ്പത് പേരെ ജയിലിലടച്ചു. മൂന്ന് വനിതകളടക്കം എട്ട് പേരെ തല്‍ക്കാലം വിട്ടയച്ചതായും പ്രോസിക്യൂഷന്‍ വെളിപ്പെടുത്തി.
തെളിവുകളുടേയും കുറ്റസമ്മതത്തിന്റേയും അടിസ്ഥാനത്തിലാണ് ഒമ്പത് പേരെ അറസ്റ്റ് ചെയ്തതെന്നും തല്‍ക്കാലം വിട്ടയച്ച ബാക്കിയുള്ളവര്‍ക്കെതിരെ അന്വേഷണം തുടരുമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫീസ് വെളിപ്പെടുത്തി.

ജയിലിലുള്ളവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും കുടുംബാംഗങ്ങളെ കാണാന്‍ അനുവദിക്കുമെന്നും പത്രക്കുറിപ്പില്‍ പറഞ്ഞു. അറസ്റ്റിലായവര്‍ സൗദിയോട് ശത്രുത പുലര്‍ത്തുന്ന സംഘങ്ങളുമായി സഹകരിച്ചതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇതിനു പുറമെ, അവര്‍ കുറ്റസമ്മതം നടത്തുകയും ചെയ്തു. ദേശസുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന ഔദ്യോഗിക രേഖകളും രഹസ്യ വിവരങ്ങളും കൈക്കലാക്കാന്‍ സംഘം ശ്രമിച്ചതിന് തെളിവ് ലഭിച്ചു. ഇവരില്‍ വിദേശത്തുള്ള സൗദി വിരുദ്ധ സംഘങ്ങള്‍ക്ക് സാമ്പത്തികമടക്കമുള്ള സഹായം നല്‍കിയെന്നും കണ്ടെത്തി.

Latest News