നീലഗരിയില്‍ 400 യുവതികള്‍ക്കു മംഗല്യം,  വിവാഹസദ്യയൊരുക്കിയത് 65,000 പേര്‍ക്ക്

നീലഗിരി പാടന്തറ മര്‍കസില്‍ സമൂഹവിവാഹസംഗമം സമസ്ത കേന്ദ്ര സെക്രട്ടറി പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു.

ഗൂഡല്ലൂര്‍-പാടന്തറ മര്‍കസില്‍ 30-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എസ്.വൈ.എസ് നീലഗിരി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സമൂഹവിവാഹം ചരിത്രമായി. മുസ്ലിം, ഹിന്ദു, ക്രൈസ്തവ മതവിഭാഗങ്ങളില്‍പ്പെട്ട 400 യുവതികളാണ് മര്‍കസിന്റെ തണലില്‍ ദാമ്പത്യത്തിലേക്കു കടന്നത്. ദിവസങ്ങള്‍ നീണ്ട ഒരുക്കത്തിനൊടുവിലാണ് രാജ്യത്തെ ഏറ്റവും വലിയ വിവാഹസംഗമത്തിന് മര്‍കസ് വേദിയായത്. മുസ്ലിം യുവതികളുടെ വിവാഹം മര്‍കസില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലും ക്രിസ്ത്യന്‍, ഹിന്ദു വിഭാഗങ്ങളില്‍പ്പെട്ട 77 യുവതികളുടേത്  അവരവരുടെ മതാചാരപ്രകാരം പാടന്തറയിലെ ക്ഷേത്രത്തിലും പള്ളിയിലുമാണ് നടന്നത്. നി്ക്കാഹിനു പ്രമുഖ പണ്ഡിതര്‍ നേതൃത്വം നല്‍കി.
എസ്.വൈ.എസ് സംസ്ഥാന സാന്ത്വനം ചെയര്‍മാനും പാടന്തറ മര്‍കസ് കാര്യദര്‍ശിയുമായ ഡോ.അബ്ദുസലാം മുസ്ലിയാര്‍ ദേവര്‍ഷോല ഉള്‍പ്പെടെ സംഘാടകരുടെ കഠിനാധ്വാനവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഉദാരമതികളുടെ അകമഴിഞ്ഞ സഹായവും സമൂഹവിവാഹത്തിനു ഗരിമ പകര്‍ന്നു. സംഘാടകര്‍ ഓരോ വധുവിനും അഞ്ചു പവന്റെ ആഭരണങ്ങള്‍ വിവാഹസമ്മാനമായി നല്‍കി. വധുവരന്‍മാര്‍ക്കുള്ള വസ്ത്രങ്ങളും സമ്മാനിച്ചു. 65,000 പേര്‍ക്കുള്ള സദ്യയും ഒരുക്കി.
വിവാഹസംഗമം സമസ്ത കേന്ദ്ര സെക്രട്ടറി പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ.സുലൈമാന്‍ മുസ്ലിയാര്‍  അധ്യക്ഷത വഹിച്ചു.
സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധന ചെയ്തു. സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. ഡോ.അബ്ദുസലാം മുസ്ലിയാര്‍ ദേവര്‍ഷോല, എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി.അബ്ദുല്‍ ഹക്കീം അസ്ഹരി, ഗൂഡല്ലൂര്‍ ആര്‍.ഡി.ഒ മുഹമ്മദ് ഖുദ്റത്തുല്ല, തഹസില്‍ദാര്‍ സിദ്ധരാജ് എന്നിവര്‍ പ്രസംഗിച്ചു. സയ്യിദ് അലി അക്ബര്‍ സഖാഫി അല്‍ ബുഖാരി സ്വാഗതവും മജീദ് കക്കാട് നന്ദിയും പറഞ്ഞു.

 

 

Latest News