പാക്കിസ്ഥാന്‍ വെടിവെപ്പില്‍ രണ്ട് ബി.എസ്.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

ജമ്മു- അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് ബി.എസ്.എഫ് ഭടന്മാര്‍ കൊല്ലപ്പെട്ടു. 2003 ല്‍ ഒപ്പുവെച്ച വെടിനിര്‍ത്തല്‍ കരാര്‍ അക്ഷരാര്‍ഥത്തില്‍ പാലിക്കാന്‍ തീരുമാനമെടുത്ത് ഒരാഴ്ച പിന്നിടുംമുമ്പാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള പ്രകോപനം. വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണാര്‍ഥത്തില്‍ പാലിക്കാന്‍ ഇരു രാജ്യങ്ങളിലേയും മിലിറ്ററി ഓപ്പറേഷന്‍സ് ഡയരക്ടര്‍ ജനറല്‍മാര്‍ സമ്മതിച്ചിരുന്നു.
അന്താരാഷ്ട്ര അതിര്‍ത്തിയില്‍ അഖ്‌നൂര്‍ സെക്ടറില്‍ പ്രഗ് വാള്‍ പ്രദേശത്താണ് പാക് സൈന്യം നിറയൊഴിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ നടന്ന വെടിവെപ്പില്‍ പരിക്കേറ്റ അസി. സബ് ഇന്‍സ്‌പെക്ടര്‍ അടക്കമുള്ള രണ്ട് ഭടന്മാര്‍ ആശുപത്രിയിലാണ് മരിച്ചത്. അതിര്‍ത്തിയിലെ സൈനിക പോസ്റ്റില്‍ കാവല്‍ നില്‍ക്കുകയായിരുന്നു ഇരുവരും. പാക് സൈന്യം നടത്തിയ വെടിനിര്‍ത്തല്‍ ലംഘനത്തിന് കനത്ത തിരിച്ചടി നല്‍കിയതായി ബി.എസ്.എഫ് വൃത്തങ്ങള്‍ അറിയിച്ചു.

Latest News