പ്രവാസിയെ തട്ടിക്കൊണ്ടു പോയി കവര്‍ച്ച നടത്തിയ കേസില്‍ ട്വിസ്റ്റ്, അറസ്റ്റിലായ കാമുകിയ്ക്ക് പങ്കില്ലെന്ന് യുവാവ്

തിരുവനന്തപുരം:  ദുബായില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രവാസി യുവാവിനെ കാമുകിയും സംഘവും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പണവും ഫോണും കവര്‍ന്ന കേസില്‍ ട്വിസ്റ്റ്. സംഭവത്തില്‍ കാമുകി ഇന്‍ഷയ്ക്ക് താതൊരു പങ്കുമില്ലെന്നാണ് അക്രമത്തിനിരയായ മുഹൈദിന്‍ ഇപ്പോള്‍ പറയുന്നത്. അറസ്റ്റിലായ കാമുകിയ്ക്ക് തന്നെ തട്ടിക്കൊണ്ടുപോയതിലും ഇത് സംബന്ധിച്ച ഗൂഡാലോചനയിലും  യാതൊരു പങ്കുമില്ലെന്ന് ഒരു ടെലിവിഷന്‍ ചാനലിനോട് മുഹൈദിന്‍ പ്രതികരിച്ചു. മുഹൈദിന്റെ പരാതിയില്‍ കാമുകി ഉള്‍പ്പെടെയുള്ള പ്രതികള്‍ അറസ്റ്റിലായി മണിക്കൂറുകള്‍ക്കുള്ളിലാണ് കാമുകിയ്ക്ക് കേസില്‍ പങ്കില്ലെന്ന് ഇയാള്‍ പറയുന്നത്.  തക്കല സ്വദേശിയായ മുഹൈദിന്‍ അബ്ദുല്‍ഖാദറാണ് കവര്‍ച്ചയ്ക്കിരയായത്. സംഭവത്തില്‍ കാമുകി ഇന്‍ഷയും സഹോദരനും ഉള്‍പ്പെടെ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ 22ന് വിമാനത്താവളത്തിലെത്തിയ മുഹൈദിനെ ചിറയിന്‍കീഴിലെ റിസോര്‍ട്ടിലേക്ക് കാറില്‍ തട്ടിക്കൊണ്ടുപോയി റിസോര്‍ട്ടില്‍ രണ്ട് ദിവസം കെട്ടിയിട്ടായിരുന്നു കവര്‍ച്ച. യുവാവിന്റെ പക്കലുണ്ടായിരുന്ന 15 ലക്ഷം രൂപ, രണ്ടു ഫോണ്‍, സ്വര്‍ണം എന്നിവയാണ് തട്ടിയെടുത്തത്. രണ്ടു ദിവസത്തിനു ശേഷം പ്രതികള്‍ ചേര്‍ന്ന് മുഹൈദിനെ വിമാനത്താവളത്തിനു മുന്നില്‍ ഉപേക്ഷിച്ചു. പിന്നാലെ ഇയാള്‍ വലിയതുറ പോലീസില്‍ നല്‍കിയ പരാതിയിലാണ് പ്രതികള്‍ അറസ്റ്റിലായത്. ദുബായില്‍ വച്ച് മുഹൈദിനും ഇന്‍ഷയുമായി അടുപ്പത്തിലായിരുന്നു. ബന്ധത്തില്‍ നിന്നും പിന്‍മാറിയ മുഹൈദിനോട് വിട്ടുപോകണമെങ്കില്‍ ഒരു കോടി നല്‍കണമെന്ന് ഇന്‍ഷയും സഹോദരനും ആവശ്യപ്പെടുകയായിരുന്നു. ഇതു നല്‍കില്ലെന്ന് മുഹൈദിന്‍ പറഞ്ഞതിനെ തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോകലെന്നാണ് വിവരം. 15,70,000 രൂപയും രണ്ട് ഫോണും സ്വര്‍ണവും തട്ടിയെടുത്തെന്നാണ് പരാതിയിലുള്ളത്. ഒപ്പം മുദ്ര പത്രങ്ങളും നിര്‍ബന്ധിച്ച് ഒപ്പിട്ടു വാങ്ങിയതായി പരാതിയിലുണ്ട്. ശംഖുമുഖം അസി. കമ്മിഷണറുടെ നേത്യത്വത്തിലുള്ള പോലീസാണ് കേസ് അന്വേഷിക്കുന്നത്. കാര്‍ ഡ്രൈവര്‍ രാജേഷ്‌കുമാറാണ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്നാണ് മുഹൈദിന്‍ ഇപ്പോള്‍ പറയുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News