സി.ആര്‍.പി.എഫ് നടപടി ആസൂത്രിതമെന്ന്; കശ്മീരില്‍ പ്രതിഷേധാഗ്നി

ശ്രീനഗര്‍- പ്രക്ഷോഭകര്‍ക്കിടയിലേക്ക് സൈനിക വാഹനം ഇടിച്ചുകയറ്റി ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കശ്മീരില്‍ പ്രതിഷേധമിരമ്പുന്നു. സി.ആര്‍.പി.എഫ് ഭടന്മാരുടെ നടപടി വ്യാപകമായ ജനരോഷം വിളിച്ചുവരുത്തിയതിന് പിന്നാലെ പോലീസ് സംഭവത്തില്‍ കേസെടുത്തു.
പാഞ്ഞുവന്ന സി.ആര്‍.പി.എഫ് വാഹനം മൂന്നു പ്രക്ഷോഭകരെയാണ് ഇടിച്ചുവീഴ്ത്തിയത്. ഇവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഒരാള്‍ പിന്നീട് മരിച്ചു. പ്രക്ഷോഭകരില്‍നിന്ന് രക്ഷപ്പെടാനാണ് ഇങ്ങനെ ചെയ്തതെന്ന് വിശദീകരിക്കുന്നുവെങ്കിലും സി.ആര്‍.പി.എഫിന്റെ നടപടി ആസൂത്രിതമെന്നാണ് ആരോപണം.
പ്രക്ഷോഭം കൂടുതല്‍ വ്യാപകമാകാനും സര്‍ക്കാരിനെതിരെ വിമര്‍ശം ശക്തമാകാനും സംഭവം ഇടയാക്കിയിട്ടുണ്ട്. റമദാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും കശ്മീരി യുവാക്കളെ സമാധാന പാതയിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് കശ്മീര്‍ സന്ദര്‍ശനത്തിന് അടുത്ത ദിവസം എത്താനിരിക്കേയുമാണ് സി.ആര്‍.പി.എഫിന്റെ പരിധി വിട്ട പ്രവര്‍ത്തനം.
ശ്രീനഗറിലെ നൗഹട്ട പ്രദേശത്താണ് വെള്ളിയാഴ്ച അതിക്രമമുണ്ടായത്. രണ്ട് കേസുകളാണ് പോലീസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഒന്ന്, അശ്രദ്ധമായ ഡ്രൈവിംഗിന് സി.ആര്‍.പി.എഫ് ഡ്രൈവര്‍ക്കെതിരെയും മറ്റൊന്ന് കലാപവും കൊലപാതക ശ്രമവും നടത്തിയെന്ന പേരില്‍, കല്ലേറ് നടത്തിയ പ്രക്ഷോഭകര്‍ക്കെതിരെയും.
സി.ആര്‍.പി.എഫ് വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ കൈസര്‍ അഹ്മദ് എന്ന യുവാവാണ് ആശുപത്രിയില്‍ മരിച്ചത്. കൈസറിന്റെ വിലാപ യാത്ര വലിയ പ്രതിഷേധ റാലിയായി മാറി.
മുതിര്‍ന്ന സി.ആര്‍.പി.എഫ് ഓഫീസറെ വീട്ടില്‍ വിട്ട് മടങ്ങി വരുന്നതിനിടെയാണ് സൈനിക വാഹനം യുവാക്കള്‍ക്കു നേരെ ഇടിച്ചു കയറ്റിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. തെരുവില്‍ പ്രതിഷേധിക്കുന്ന യുവാക്കള്‍ക്കിടയിലൂടെ അതിവേഗം ഓടിച്ചു പോകുന്ന സി.ആര്‍.പി.എഫ് വാഹനത്തെ പ്രക്ഷോഭകര്‍ ആക്രമിക്കുന്ന ദൃശ്യവുമുണ്ട്. വാഹനത്തിനു നേരെ കല്ലെറിഞ്ഞും മറ്റും തടയാനും പ്രക്ഷോഭകര്‍ ശ്രമിക്കുന്നു. എന്നാല്‍ സൈനിക വാഹനം അതിവേഗം രംഗം വിടുന്നതും ദൃശ്യത്തിലുണ്ട്. യുവാക്കളെ ഇടിച്ചു തെറിപ്പിച്ചതിനെ തുടര്‍ന്നാണ് പ്രക്ഷോഭകര്‍ വാഹനത്തെ ആക്രമിച്ചതെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു.
വെടിനിര്‍ത്തലെന്നാല്‍ തോക്കിനു പകരം ജീപ്പുപയോഗിച്ച് ജനങ്ങളെ കൊല്ലുമെന്നാണോ എന്ന് ചോദിച്ച് നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല രംഗത്തു വന്നു. സി.ആര്‍.പി.എഫ് വാഹനം ആക്രമിക്കപ്പെട്ടുവെന്നത് സത്യമാണെന്നും എന്നാല്‍ രോഷാകുലരായ പ്രക്ഷോഭകരുടെ ഇടയിലേക്ക് അത് കടന്നുചെല്ലാന്‍ അവസരമൊരുക്കിയ പോലീസാണ് തെറ്റുകാരെന്നും നാഷനല്‍ കോണ്‍ഫറന്‍സ് വക്താവ് ജുനൈദ് അസിം മാട്ടൂ പറഞ്ഞു.
 

Latest News