Sorry, you need to enable JavaScript to visit this website.

ജുമ മസ്ജിദിന് സമീപം മതവിദ്വേഷ ലഘുലേഖകളുമായി എത്തിയവർ അറസ്റ്റിൽ

നെടുമ്പാശ്ശേരി- പറമ്പയം ജുമാമസ്ജിദിന് സമീപമുള്ള വീടുകളിൽ മതവിദ്വേഷമുണ്ടാക്കുന്ന ലഘുലേഖകളും, പുസ്തകങ്ങളും വിതരണം ചെയ്ത സംഭവത്തിൽ രണ്ട് പേരെ ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തു. മുവ്വാറ്റുപുഴ സ്വദേശി പി.ടി.ജോർജ്, കോട്ടയം സ്വദേശി സ്റ്റീഫൻ ചാക്കോ എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച ഉച്ചയോടെ കെ.എൽ.07 എ.യു.4662 നമ്പർ കാറിലെത്തിയ ഇരുവരും കുട്ടികൾക്കുള്ള പുസ്തകങ്ങളുടെ വിൽപ്പനയുടെ മറവിലായിരുന്നു ലഘുലേഖകൾ വിതരണം ചെയ്തത്. ഖുർആനിനെയും, പ്രവാചകൻ മുഹമ്മദിനെയും,  അവഹേളിക്കുന്ന തരത്തിലുള്ള ലഘുലേഖകൾ വായിക്കാനിടയായ നാട്ടുകാർ ഇവരെ തടഞ്ഞുവെച്ച് ചെങ്ങമനാട് പൊലീസിൽ അറിയിക്കുകയായിരുന്നു. കാറിന്‍റെ ഡിക്കിയിൽ നൂറ് കണക്കിന് ലഘുലേഖകളും, ചെറിയ പുസ്തകങ്ങളുമുണ്ടായിരുന്നു. അപ്സര ഓഫ്സെറ്റ് തൃശൂർ എന്ന സ്ഥാപനത്തിൽ പ്രസിദ്ധീകരിച്ചതായി രേഖപ്പെടുത്തുന്ന ലഘുലേഖകൾ ‘മുക്തി വാദി പ്രസ്ഥാനം’ എന്ന പേരിലാണ് ഇറക്കിയിരിക്കുന്നത്. കാറിനുള്ളിൽ ഭക്ഷണം പാകം ചെയ്യുന്ന പാത്രങ്ങളുമുണ്ടായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ഇൻഷ്യൂറൻസില്ലാത്ത കാറിലാണ് ഇവർ സഞ്ചരിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇരുവരെയും സ്റ്റേഷനിലെത്തിച്ചശേഷം പറമ്പയം സ്വദേശിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രാത്രിയോടെയാണ്  പൊലീസ് കേസെടുത്തത്. ഇവർ പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നതെന്നും,  ഹൃദയ സംബന്ധമായ രോഗങ്ങൾക്കടക്കം ഇരയായവരാണെന്നുമാണ് പൊലീസ് പറയുന്നത്. ഇവരുടെ പിന്നിൽ ആരാണെന്ന കാര്യം അന്വേഷിച്ച് വരുകയാണെന്നും പൊലീസ് പറഞ്ഞു. ഇരുവരെയും  പിന്നീട് പൊലീസ് ജാമ്യത്തിൽ വിടുകയും ചെയ്തു.

Latest News