Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോണ്‍ഗ്രസില്‍ യുദ്ധം മുറുകുന്നു, പരസ്പരം കുറ്റപ്പെടുത്തി നേതാക്കള്‍

തിരുവനന്തപുരം- ചെങ്ങന്നൂര്‍ തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് യുദ്ധം രൂക്ഷമാകുന്നു. തോല്‍വിയുടെ ഉത്തരവാദിത്തം നിലവിലെ നേതൃത്വത്തിനാണെന്ന് പ്രഖ്യാപിച്ച് ഓരോ നേതാക്കളും രംഗത്തെത്തിയതോടെ ഇടവേളക്ക് ശേഷം കോണ്‍ഗ്രസിലെ ഗ്രൂപ്പ് യുദ്ധം സീമകള്‍ ലംഘിച്ച് മുന്നേറുകയാണ്. എല്ലാവരുടെയും ലക്ഷ്യം വരാന്‍ പോകുന്ന പാര്‍ട്ടി പുനഃസംഘടനയാണ്. ഇത് ലക്ഷ്യമിട്ടാണ് ഓരോരുത്തരും വെടിപൊട്ടിക്കുന്നതും.
 
ഉപതെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, എം.എം. ഹസന്‍ എന്നിവരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദല്‍ഹിയിലേക്കു വിളിപ്പിച്ചിട്ടുണ്ട്. ആറ്, ഏഴ് തീയതികളിലാണ് ചര്‍ച്ച. ഇപ്പോള്‍ വിദേശത്തുള്ള രാഹുല്‍ അഞ്ചിനാണ് തിരിച്ചെത്തുക. പുതിയ കെ.പി.സി.സി അധ്യക്ഷന്‍, യു.ഡി.എഫ് കണ്‍വീനര്‍, രാജ്യസഭാ സീറ്റ് എന്നിവയും ചര്‍ച്ചയാകും. നിലവിലെ സാഹചര്യത്തില്‍ മൂന്ന് സ്ഥാനങ്ങളിലേയ്ക്കും ഒരുമിച്ച് നിയമനം നടത്താനാണ് രാഹുല്‍ ഗാന്ധിയുടെ നീക്കം.
സ്വന്തം നാട്ടില്‍ നേരിട്ട ദയനീയ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. സംഘടനയിലെ പോരായ്മകള്‍ അംഗീകരിക്കുന്നു. തോല്‍വിയില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. ഇത് ഒന്നോ രണ്ടോ പേരുടെ തലയില്‍ കെട്ടിവെക്കുന്നത് ശരിയല്ല. ഗ്രൂപ്പ് തര്‍ക്കം ഇല്ലായിരുന്നു. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി തന്നെ പ്രവര്‍ത്തിച്ചിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

ചെങ്ങന്നൂരിലെ പരാജയം ഗൗരവമേറിയതാണെന്ന് കെ. മുരളീധരന്‍ പ്രതികരിച്ചു. സ്വന്തം ബൂത്തില്‍ താനൊരിക്കലും പിന്നോട്ട് പോയിട്ടില്ലെന്നും ചെന്നിത്തലയെ പരിഹസിച്ച് മുരളീധരന്‍ പറഞ്ഞു. പഞ്ചായത്തിലും കോര്‍പറേഷനിലും പിന്നോട്ട് പോയിട്ടും സ്വന്തം ബൂത്തില്‍ ഒരിക്കല്‍ പോലും പിന്നോട്ട് പോയിട്ടില്ല. പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ചെങ്ങന്നൂര്‍ ആവര്‍ത്തിക്കും. താഴേത്തട്ടില്‍ പ്രവര്‍ത്തകര്‍ക്ക് സ്വാതന്ത്ര്യം നല്‍കണം, അല്ലാത്ത പക്ഷം എന്ത് ഏച്ചുകെട്ടിയാലും ഫലമുണ്ടാകില്ല. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ കാര്യമായ മാറ്റം വേണം. താഴേത്തട്ടില്‍നിന്ന് പാര്‍ട്ടിയില്‍ പുനഃസംഘടന വേണമെന്നും മുരളീധരന്‍ പ്രതികരിച്ചു.
അതേസമയം, കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലടി അവസാനിപ്പിച്ച് മുന്നോട്ടു പോകണമെന്ന് വിദ്യാര്‍ഥി സംഘടനയായ കെ.എസ്.യു ആവശ്യപ്പെട്ടു. കെ.എസ്.യുവിനെ കുറ്റപ്പെടുത്തുന്നവര്‍ സംഘടനക്കായി എന്തു ചെയ്തു. സംഘടനയുടെ ദുര്‍ബലാവസ്ഥക്ക് കോണ്‍ഗ്രസ് നേതാക്കളും കാരണക്കാരാണെന്നും സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് പറഞ്ഞു.

മുല്ലപ്പള്ളി രാമചന്ദ്രനെ കെ.പി.സി.സി അധ്യക്ഷനാക്കുമെന്നാണ് സൂചന. രാഹുലുമായുള്ള അടുപ്പവും സംഘടനാ തെരഞ്ഞെടുപ്പ് മികച്ച രീതിയില്‍ നടത്താന്‍ കഴിഞ്ഞതും മുല്ലപ്പള്ളിക്ക് അനുകൂല ഘടകമാണ്. പുതിയ പ്രസിഡന്റിനെ നിയമിക്കുന്നതിനൊപ്പം രണ്ടോ മൂന്നോ വര്‍ക്കിംഗ് പ്രസിഡന്റ് പദവിയുണ്ടാക്കും. ഇതിലൂടെ ഗ്രൂപ്പ് നേതാക്കളെ ഉള്‍പ്പെടുത്തി പ്രതിസന്ധി പരിഹരിക്കാനാണ് ആലോചിക്കുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ബെന്നി ബെഹനാന്‍, വി.ഡി. സതീശന്‍, കെ. സുധാകരന്‍ കെ.വി. തോമസ്, കൊടിക്കുന്നില്‍ സുരേഷ്, കെ. മുരളീധരന്‍, കെ.സി. വേണുഗോപാല്‍ തുടങ്ങിയ പേരുകളും കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് പറഞ്ഞ് കേള്‍ക്കുന്നുണ്ട്. എം.എം. ഹസന്‍ സ്ഥാനം സംരക്ഷിക്കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. സമവായ സ്ഥാനാര്‍ഥിയായിട്ടാണ് മുല്ലപ്പള്ളിയെ പരിഗണിക്കുന്നത്. രാഹുല്‍ ഗാന്ധിക്ക് താല്‍പര്യം വി.ഡി. സതീശനെ അധ്യക്ഷ പദവി ഏല്‍പിക്കാനാണ്. എന്നാല്‍ കേരളത്തിലെ ഒരു നേതാവും സതീശന് അനുകൂലമല്ല. ഈ സാഹചര്യമാണ് മുല്ലപ്പള്ളിക്ക് അനുകൂലമാകുന്നത്.
രാജ്യസഭാ സ്ഥാനാര്‍ഥിയായി പി.സി. വിഷ്ണുനാഥിനെ മത്സരിപ്പിക്കാനാണ് രാഹുലിന്റെ നീക്കമെന്നാണ് സൂചന. പി.ജെ. കുര്യന്‍ ശക്തമായി തന്നെ സീറ്റിനായി രംഗത്തുണ്ട്. എം.എം. ഹസനെയോ, കെ. മുരളീധരനെയോ യു.ഡി.എഫ് കണ്‍വീനറാക്കാനും സാധ്യതയുണ്ട്.
 

Latest News