Sorry, you need to enable JavaScript to visit this website.

കോൺഗ്രസിൽ കുത്തിത്തിരിപ്പുണ്ടാക്കാനാണോ വന്നത്, മനോരമ ലേഖികയോട് രൂക്ഷമായി പ്രതികരിച്ച് കെ.സി വേണുഗോപാൽ

റായ്പുർ- കോൺഗ്രസിനകത്തെ കൊച്ചു കൊച്ചുകൊച്ചു കാര്യങ്ങൾ വലുതാക്കുകയാണ് മാധ്യമങ്ങൾ ചെയ്യുന്നതെന്നും പാർട്ടി പ്ലീനറി സമ്മേളനത്തിൽ കുത്തിത്തിരിപ്പുണ്ടാക്കാനാണ് ശ്രമമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. സമ്മേളനത്തിനിടെ ചോദ്യങ്ങളുമായി എത്തിയ മനോരമ ന്യൂസ് ലേഖികയോടാണ് വേണുഗോപാൽ രൂക്ഷമായി പ്രതികരിച്ചത്. വിപ്ലവകരമായ തീരുമാനങ്ങൾ എടുത്ത പ്ലീനറി സമ്മേളനത്തിനിടെ രണ്ടോ മൂന്നോ നേതാക്കളുടെ അഭിപ്രായം എടുത്ത് ഹൈലൈറ്റ് ചെയ്യുകയാണ് മാധ്യമങ്ങൾ. കേരളത്തിലെ ഭാരവാഹികളെ സംബന്ധിച്ച് ഒരു ലിസ്റ്റും ഇതേവരെ വന്നിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങളാണ് പറയുന്നത്. ഒരു മേശക്കു ചുറ്റുമിരുന്ന് ചർച്ച ചെയ്താൽ തീരാവുന്ന പ്രശ്‌നമേയുള്ളൂവെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
നിലവിൽ ചർച്ചയിലുള്ള ലിസ്റ്റ് പിന്നീട് ഔദ്യോഗികമായി മാറുമോ എന്ന ചോദ്യത്തോട് അതിരൂക്ഷമായാണ് കെ.സി പ്രതികരിച്ചത്. നിങ്ങൾ ഈ പാർട്ടിയിൽ കുത്തിത്തിരിപ്പുണ്ടാക്കാനാണോ വന്നത്. ഇവിടെ കുത്തി തിരിപ്പുണ്ടാക്കാനാണോ ശ്രമിക്കുന്നത്. ഇത്തരം ചോദ്യങ്ങൾ ബി.ജെ.പിയോട് ചോദിക്കാൻ ധൈര്യമുണ്ടോ. ഏകാധിപത്യം നിറഞ്ഞു തുളുമ്പുന്ന ബി.ജെ.പിയോട് ചോദ്യം ചോദിക്കാൻ ധൈര്യമില്ല. ഞങ്ങളുടെ പാർട്ടിയിലെ വേറിട്ട അഭിപ്രായങ്ങൾ ജനാധിപത്യത്തിന്റെ സൗന്ദര്യമാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. നേതാക്കൾ അഭിപ്രായ വ്യത്യാസം അവസാനിപ്പിക്കണം എന്ന് സോണിയാ ഗാന്ധി പറഞ്ഞിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് പ്രതികരിക്കാൻ കെ.സി വേണുഗോപാൽ തയ്യാറായില്ല. 
അതേസമയം ശക്തരുടെ മുന്നിൽ തലകുനിക്കുക എന്നതാണ് സവർക്കറുടെ പ്രത്യയശാസ്ത്രമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പുരിൽ പാർട്ടി പ്ലീനറി സമ്മേളനത്തിന്റെ മൂന്നാമത്തെയും അവസാനത്തെയും ദിവസമായ ഞായറാഴ്ച പാർട്ടി പ്രതിനിധികളോട് പ്രസംഗിക്കുകയായിരുന്നു രാഹുൽ. ചൈനയുടെ മുന്നിൽ തല കുനിക്കുകയാണ് മോഡി സർക്കാർ. ചൈന ശക്തമായ സമ്പദ് വ്യവസ്ഥയാണ്. അവരോട് എങ്ങിനെയാണ് പോരാടുക എന്നാണ് മന്ത്രി ചോദിച്ചത്. 'ഇന്ത്യൻ സൈന്യത്തിന്റെ വീര്യത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ ചോദ്യങ്ങൾ ഉന്നയിച്ച ഇന്ത്യൻ മന്ത്രിയുടെ പേര് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സവർക്കറിന്റെയും ആർ.എസ്.എസിന്റെയും ശക്തരായവരുടെ മുന്നിൽ തലകുനിക്കാനുള്ള മാതൃകയാണിതെന്നും രാഹുൽ വ്യക്തമാക്കി. 
മോഡി സർക്കാരിന്റെ ദേശഭക്തി കാപട്യമാണ്. അദാനിയുടെ തട്ടിപ്പുകൾക്ക് മോഡിയാണ് കൂട്ടു നിൽക്കുന്നത്. വിമാനത്തിൽ തലയിൽ കൈവെച്ച് ഇരിക്കുന്ന മോഡിയുടെ ചിത്രം എല്ലാവരും കണ്ടതാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

പ്ലീനറി സമ്മേളനത്തിൽ കോൺഗ്രസ് ഭരണഘടനയിൽ 85 സുപ്രധാന ഭേദഗതികളാണ് വരുത്തിയത്. പാർട്ടി കമ്മിറ്റികളിൽ കൂടുതൽ നേതാക്കൾക്ക് അവസരം നൽകാനാണ് ഭരണഘടനാ ഭേദഗതി. പ്രവർത്തക സമിതി മുതൽ താഴേക്ക് എല്ലാ സമിതികളിലും 50 ശതമാനം സംവരണം നൽകും. ദളിത്, യുവജന, ആദിവാസി, ന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങൾക്ക് പരിഗണന ലഭിക്കും. പ്രവർത്തകസമിതി അംഗങ്ങളുടെ എണ്ണം 35 ആക്കി. മുൻ പ്രധാനമന്ത്രിമാരും മുൻ അധ്യക്ഷൻമാരും രാജ്യസഭാ, ലോക്‌സഭാ കക്ഷി നേതാക്കളും പ്രവർത്തക സമിതിയിൽ സ്ഥിരാംഗങ്ങളാകും. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ആജീവനാന്തം കോൺഗ്രസ് പ്രവർത്തക സമിതിയിൽ ഉൾപ്പെടുന്നതിനും ഭരണഘടനാ ഭേദഗതി അവസരമൊരുക്കും.

രാജ്യത്താകെ ബൂത്ത് കമ്മിറ്റികളും ഗ്രാമങ്ങളിൽ പഞ്ചായത്ത് കമ്മിറ്റിയും നഗരങ്ങളിൽ വാർഡ് കമ്മിറ്റികളും നിലവിൽവരും. സൗജന്യ ചികിത്സ ഇന്ത്യയിലെ ജനങ്ങളുടെ അവകാശമാക്കും എന്നതാണ് സാമ്പത്തിക പ്രമേയത്തിലെ പ്രധാന നിർദേശം. 1991 ന് സമാനമായ വലിയ പരിഷ്‌കരണം സാമ്പത്തിക രംഗത്ത് നിർദേശിക്കുന്ന കോൺഗ്രസ്, ഭരണത്തിലെത്തിയാൽ ക്ഷേമപ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുമെന്ന് സാമ്പത്തിക പ്രമേയത്തിൽ പറയുന്നു. അദാനിമാർക്ക് വെള്ളവും വളവും നൽകില്ലെന്നും ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം ഇല്ലാതാക്കുമെന്നും കോൺഗ്രസ് പ്രഖ്യാപിച്ചു. രാജ്യത്തിന്റെ സാമ്പത്തിക നയത്തിൽ കാതലായ മാറ്റം വേണമെന്നും പ്ലീനറി സമ്മേളനം ആവശ്യപ്പെടുന്നു.

ബി.ജെ.പിയെ നേരിടണമെങ്കിൽ കോൺഗ്രസ് പാർട്ടിക്ക് സ്വന്തം പ്രത്യയശാസ്ത്രത്തേക്കുറിച്ചുള്ള വ്യക്തമായ ധാരണ ആവശ്യമാണെന്ന് കോൺഗ്രസ് നേതാവും എം.പി.യുമായ ശശി തരൂർ പ്ലീനറി സമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യക്കായി കോൺഗ്രസ് പോരാടുന്നിടത്തോളം രാജ്യത്തിന്റെ ഭാവി ശോഭനമാണെന്നും തരൂർ അഭിപ്രായപ്പെട്ടു. 
ബിൽക്കിസ് ബാനു കേസിലെ പ്രതികളുടെ മോചനത്തിനെതിരെയും പശുക്കടത്ത് ആരോപിച്ചുള്ള അക്രമങ്ങൾക്കെതിരേയും കോൺഗ്രസ് കൂടുതൽ ശക്തമായ പ്രതികരണം നടത്തേണ്ടതായിരുന്നെന്നും തരൂർ അഭിപ്രായപ്പെട്ടു. നിലവിലുള്ള ചങ്ങാത്ത മുതലാളിത്തം രാജ്യത്തെ സമ്പത്തു മുഴുവൻ ഭരിക്കുന്നവരുടെ ചങ്ങാതികളായ ചെറിയ ഒരു ശതമാനം ആളുകളുടെ കൈകളിലേക്ക് എത്തിച്ചിരിക്കുകയാണെന്നും തരൂർ പറഞ്ഞു.
നമ്മുടെ രാജ്യത്തിന് സാമ്പത്തിക വളർച്ച ആവശ്യമാണെന്നും അത് പാർശ്വവത്കരിക്കപ്പെട്ട സാധാരണക്കാരായ ജനങ്ങൾക്ക് ഉപകാരപ്പെടണമെന്നും തരൂർ കൂട്ടിച്ചേർത്തു. നിയന്ത്രണ രേഖയിലെ സംഘർഷവുമായി ബന്ധപ്പെട്ട് ചൈനയെക്കുറിച്ചുള്ള ഇന്ത്യയുടെ നയത്തെ ന്യായീകരിച്ച വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനെ തരൂർ വിമർശിക്കുകയും ചെയ്തു.

Latest News