ന്യൂദല്‍ഹി- അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി മത്സരിച്ചാല്‍ ബി.ജെ.പിക്ക് നൂറു സീറ്റുകള്‍ പോലും നേടില്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിക്കണം. കോണ്‍ഗ്രസ് ഇതിനായി ഉടന്‍ തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. പൂര്‍ണിയയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു നിതീഷ് കുമാര്‍.
ബി.ജെ.പിയെ അധികാരത്തില്‍നിന്ന് താഴെയിറക്കാന്‍ പ്രതിപക്ഷ ഐക്യത്തിനായി പ്രവര്‍ത്തിക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്നും ബി.ജെ.പിയെ രാജ്യത്തുടനീളം തുടച്ചു നീക്കേണ്ടതുണ്ടെന്നും നിതീഷ് വ്യക്തമാക്കി. എന്റെ നിര്‍ദ്ദേശം അംഗീകരിക്കുകയാണെങ്കില്‍ ബി.ജെ.പിയെ നൂറില്‍ താഴെ ഒതുക്കാം. അല്ലെങ്കില്‍ എന്തു സംഭവിക്കുമെന്ന് നിങ്ങള്‍ക്കറിയാമെന്നും നിതീഷ് പറഞ്ഞു.
അതേസമയം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ മൂന്നാം തവണയും നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് മധ്യപ്രദേശില്‍ നടന്ന പരിപാടിക്കിടെ അമിത് ഷാ പറഞ്ഞു.