Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കണ്ണൂര്‍ ജില്ലയില്‍ നിപ്പയില്ല; റോജയുടെ മരണം വൈറസ് മൂലമല്ല 

ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി

കണ്ണൂര്‍ - കണ്ണൂര്‍ തില്ലങ്കേരി സ്വദേശിനി റോജ(39) കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍  പനിയെത്തുടര്‍ന്നു മരിച്ചത് നിപ്പ രോഗ ബാധയാല്‍ അല്ലെന്ന് സ്ഥിരീകരണം. മംഗലാപുരം വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. തുടര്‍ന്ന് ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലിയും ആരോഗ്യ വകുപ്പും ഇക്കാര്യം സ്ഥിരീകരിച്ചു വാര്‍ത്താ കുറിപ്പിറക്കി. തില്ലങ്കേരിയിലെ ജനങ്ങള്‍ പരിഭ്രാന്തരായതിനെത്തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡണ്ട് സുഭാഷ്, ഗ്രാമവാസികളെ നേരിട്ട് ഇക്കാര്യം അറിയിച്ചു. റോജ നിപ്പ ബാധിച്ചാണ് മരിച്ചതെന്ന് ഇന്നലെ രാവിലെ മുതല്‍ ചാനലുകളിലും സോഷ്യല്‍ മീഡിയയിലും പ്രചരിച്ചിരുന്നു. ഇതാണ് പരിഭ്രാന്തിക്കു കാരണമായത്. 
കഴിഞ്ഞ മാസം 22 നാണ് റോജയെ പനി ബാധിച്ച് മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് പരിയാരം മെഡിക്കല്‍ കോളേജിലേക്കു മാറ്റി. ഇവിടെ വെച്ചു നടത്തിയ പരിശോധനയില്‍ പനി തലച്ചോറിനെ ബാധിച്ചതായി കണ്ടെത്തി. രോഗം മൂര്‍ച്ഛിച്ച് അബോധാവസ്ഥയിലായതിനെത്തുടര്‍ന്നാണ് കഴിഞ്ഞ 31 നു കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. അവിടെ അന്നു തന്നെ നിപ്പ രോഗ ബാധ പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഫലം നെഗറ്റീവായിരുന്നുവെങ്കിലും മംഗാലാപുരം വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ വിദഗ്ധ പരിശോധന നടത്തുകയായിരുന്നു. നിപ്പ വൈറസ് ബാധയില്ലെന്നാണ് ഈ പരിശോധനയിലും വ്യക്തമായത്. ഇന്നലെ രാവിലെയാണ് പനി മൂര്‍ച്ഛിച്ച് റോജ മരിച്ചത്. ഇതിനു പിന്നാലെയാണ് നിപ്പ രോഗബാധയാല്‍ മരണം സംഭവിച്ചുവെന്ന് പ്രചരിച്ചത്. 
റോജയ്ക്കു പനി ബാധിച്ചതെങ്ങിനെയന്ന് പരിശോധിച്ചു വരികയാണ്. അടുത്ത ഏതാനും ദിവസം മുമ്പ് ഒരു ബന്ധുവിന്റെ പ്രസവവുമായി ബന്ധപ്പെട്ട് റോജ, തലശ്ശേരിയിലെ ഒരു ആശുപത്രിയില്‍ ഉണ്ടായിരുന്നു. ഇവിടെ വെച്ചാണോ രോഗബാധയുണ്ടായതെന്ന കാര്യം പരിശോധിച്ചു വരികയാണ്. ഈ ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും നിരീക്ഷണത്തിലാണുള്ളത്. പേരാമ്പ്രയില്‍ നിപ്പ ബാധിച്ചു മരിച്ച ഒരാള്‍ നേരത്തെ ഇവിടെ ചികിത്സ തേടിയിരുന്നു. 
കൂത്തുപറമ്പ് നരവൂരിലെ ഭാസ്‌കരന്‍ - ശാന്ത ദമ്പതികളുടെ മകളാണ് റോജ. 
ഹോട്ടല്‍ തൊഴിലാളിയായ ബാലനാണ് ഭര്‍ത്താവ്. വിദ്യാര്‍ഥിനിയായ അയന ഏക മകളാണ്. 
കണ്ണൂര്‍ ജില്ലയില്‍ ഇതുവരെ നിപ്പ രോഗ ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ജോ.ഷാജ് അറിയിച്ചു. ഇന്നലെ മരിച്ച റോജയുടെ രക്തസാമ്പിള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും മംഗലാപുരം വൈറോളജി ലാബിലും പരിശോധിച്ചുവെങ്കിലും രണ്ട് സ്ഥലത്തുനിന്ന് നെഗറ്റീവ് റിപ്പോര്‍ട്ടാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.  

Latest News