രാജ്യത്ത് അഴിമതി തടയാന്‍ ആരെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി :  രാജ്യത്ത് എല്ലാ മേഖലകളിലും അഴിമതിയാണെന്നും ഇത് തടയാന്‍ ആരെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട സമയം അതിക്രമിച്ചെന്നും സുപ്രീം കോടതി. അഴിമതി കാരണം സാധാരണക്കാര്‍ പൊറുതിമുട്ടിയ അവസ്ഥയിലാണെന്നും  സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ക്രിമിനല്‍ കേസുകളില്‍ കുറ്റം ചുമത്തപ്പെട്ടവരെ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതി ഇത്തരത്തില്‍ നിരീക്ഷണം നടത്തിയത്.
സര്‍ക്കാര്‍ ഓഫീസുകളില്‍ അഴിമതി നടമാടുകയാണ്. ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസുകളില്‍ പോയിട്ടുള്ളവര്‍ക്കറിയാം അതിന്റെ ദുരനുഭവം. രാജ്യം പഴയ മൂല്യങ്ങളിലേക്കും സംസ്‌കാരത്തിലേക്കും മടങ്ങിയാല്‍ മാത്രമേ മാറ്റങ്ങള്‍ ഉണ്ടാവുകയുള്ളുവെന്നും  ജസ്റ്റിസ് കെ എം ജോസഫ് അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
രാജ്യത്ത് ജനാധിപത്യത്തിന്റെ പേരില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് ഒന്നും പറയാതിരിക്കുന്നതാണ് നല്ലതെന്നും ജസ്റ്റിസ് ജോസഫ് പറഞ്ഞു. ക്രിമിനല്‍ കേസുകളില്‍ കുറ്റം ചുമത്തപ്പെട്ടവരെ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് അശ്വനി ഉപാധ്യായ എന്ന വ്യക്തിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ചെറിയ കുറ്റങ്ങള്‍ ചുമത്തപ്പെട്ടവര്‍ക്ക്  പോലും സര്‍ക്കാര്‍ ജോലി കിട്ടാന്‍ പ്രയാസമാണെന്നിരിക്കേ കുറ്റവാളികള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കുന്നതിനെക്കുറിച്ച് പരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഹര്‍ജി വിശദവാദത്തിന് ഏപ്രില്‍10 ലേക്ക് മാറ്റി.

 

Latest News