പ്രതിപക്ഷ ഐക്യമെന്ന മരീചിക

തെരഞ്ഞെടുപ്പ് ഏറെ അടുത്തുവെങ്കിലും ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യം എന്ന ആശയം ഇപ്പോഴും അപ്രായോഗികമായി തുടരുന്നു. വിരുദ്ധ താൽപര്യങ്ങളുള്ള അനേകം പാർട്ടികളെ ഒരുമിച്ചു നിർത്താൻ അസാമാന്യമായ മെയ്‌വഴക്കം ആവശ്യമാണ്. കോൺഗ്രസിനാകട്ടെ, ഐക്യമുണ്ടാക്കുന്നതിൽ യാതൊരു തിടുക്കവും കാണുന്നില്ല. ബി.ജെ.പി.ക്കെതിരെ പോരാടുമെന്ന് അവകാശപ്പെടുന്ന പാർട്ടികളെ നയിക്കുന്നത് ആശയമല്ല, നിർബന്ധിതാവസ്ഥയാണെന്നതാണ് ഇതിന് കാരണം.

 

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര സമാപിച്ചതോടെ, 2024 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെയും നരേന്ദ്ര മോഡിയെയും നേരിടാൻ ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യം ഉടൻ രൂപപ്പെടുമെന്ന പ്രതീക്ഷ മതേതര വിശ്വാസികൾക്കിടയിൽ ശക്തമായിരുന്നു. എന്നാൽ പ്രതീക്ഷ അസ്ഥാനത്താകുന്ന നിലക്കാണ് കാര്യങ്ങളുടെ പോക്ക്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അക്ഷമനാണ്, പ്രതിപക്ഷ ഐക്യത്തിനായുള്ള തന്റെ ദൗത്യം ആരംഭിക്കുന്നതിനുള്ള കോൺഗ്രസിന്റെ സൂചനക്കായി കാത്തിരിക്കുകയാണെന്ന് കഴിഞ്ഞ ആഴ്ച അദ്ദേഹം പറഞ്ഞു. എന്നാൽ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും തിടുക്കം തോന്നുന്നില്ല. എന്തുകൊണ്ടെന്ന് ആർക്കും അറിയില്ല. പ്ലീനറി പൂർത്തിയാകാൻ കോൺഗ്രസ് കാത്തിരിക്കുന്നുണ്ടാകാം. എന്നാൽ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചു നിൽക്കാൻ തിടുക്കം കാട്ടുന്നില്ല എന്നതാണ് വസ്തുത.

ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ മമത ബാനർജി ബി.ജെ.പിയെ പരാജയപ്പെടുത്തിയപ്പോൾ അവർ ബി.ജെ.പി വിരുദ്ധ സഖ്യത്തിന്റെ മുന്നിലെത്തുമെന്ന് കണക്കാക്കപ്പെട്ടിരുന്നു, എന്നാൽ ഏതാനും യോഗങ്ങളും ദൽഹി സന്ദർശനങ്ങളും ഒഴികെ, അത് എങ്ങുമെത്തിയില്ല. അതുപോലെ, നിതീഷ് കുമാർ ബി.ജെ.പിയെ വിട്ട് ആർ.ജെ.ഡിയുമായി ചേർന്ന് ബിഹാറിൽ പുതിയ സർക്കാർ രൂപീകരിച്ചപ്പോൾ പ്രതിപക്ഷം അവരുടെ മോഡി വിരുദ്ധ മുന്നണിയുടെ നേതൃത്വത്തിന് പുതിയ താരത്തെ കണ്ടെത്തി. അതും അധികം പോയില്ല.

വലിയ ആരാധനയോടെയും പ്രതീക്ഷയോടെയും നോക്കിക്കണ്ട മൂന്നാമത്തെ പരിപാടി രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയായിരുന്നു. എന്നാൽ പ്രതിപക്ഷ നേതാക്കൾ ഉത്സാഹം കാണിച്ചില്ല. രണ്ട് ഡസനിലധികം പാർട്ടികളെ യാത്രയിൽ ചേരാൻ ക്ഷണിച്ചിരുന്നു, എന്നാൽ കശ്മീരിൽനിന്നുള്ള ഉന്നത നേതാക്കളൊഴികെ ആരും കോൺഗ്രസ് എം.പിക്കൊപ്പം ഏതാനും മൈലുകൾ പോലും നടന്നിട്ടില്ല. ഇത് രാഹുൽ ഗാന്ധിക്ക് വലിയ തിരിച്ചടിയായി.

പ്രതിപക്ഷ ഐക്യം മരീചികയാണോ എന്ന ചോദ്യമാണ് ഇതെല്ലാം ഉയർത്തുന്നത്. ഇന്നത്തെ ഇന്ത്യയെ നിർവചിക്കുന്ന രാഷ്ട്രീയ കാലാവസ്ഥ പ്രതിപക്ഷ പാർട്ടികളെ ഒന്നിച്ചുചേർത്ത് മോഡി സർക്കാരിനെതിരെ വൻ ആക്രമണം അഴിച്ചുവിടാൻ അനുയോജ്യമാകുമായിരുന്നു. എന്നാൽ പ്രതിപക്ഷ ഐക്യം എന്ന ആശയം നിഗൂഢതയിൽ പൊതിഞ്ഞതായിരിക്കുന്നു. ഈ നിശ്ശബ്ദത ഭയപ്പെടുത്തുന്നതാണ്.

ദേശീയ തെരഞ്ഞെടുപ്പിന് 15 മാസം ബാക്കിയുണ്ട്. വിലക്കയറ്റം, തൊഴിലില്ലായ്മ, അദാനി എന്നിവയിൽ മോഡി സർക്കാർ ഗൗരവമേറിയതും പ്രശ്‌നകരവുമായ ചോദ്യങ്ങൾ അഭിമുഖീകരിക്കുന്നുണ്ടെങ്കിലും പ്രതിപക്ഷ നേതാക്കൾക്ക് അവരുടെ മാളങ്ങൾ ഉപേക്ഷിക്കാൻ കഴിയുന്നില്ല. സമാനമായ സാഹചര്യത്തിൽ 1967, 1977, 1989 വർഷങ്ങളിൽ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കുക മാത്രമല്ല, കോൺഗ്രസിനെ താഴെയിറക്കുകയും ചെയ്തു. 1967 ൽ കോൺഗ്രസ് അജയ്യമാണെന്ന് കരുതിയെങ്കിലും പ്രതിപക്ഷ ഐക്യം അസാധ്യമായത് ചെയ്തു; ഒമ്പത് സംസ്ഥാനങ്ങളിൽ പ്രതിപക്ഷം പാർട്ടിയെ അധികാരത്തിൽനിന്ന് പുറത്താക്കി. 1977 ൽ കോൺഗ്രസ് ആദ്യമായി ദേശീയ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു, 1989 ൽ 400 ലധികം ലോക്‌സഭ സീറ്റുകളുണ്ടായിരുന്ന സർക്കാർ ബൊഫോഴ്‌സ് അഴിമതിയുടെ പേരിൽ തകർന്നു. ഇന്ന്, ദേശീയ തലത്തിൽ 37 ശതമാനം വോട്ടുകൾ മാത്രം നേടിയ ബി.ജെ.പിയാണ് കോൺഗ്രസിനെ മാറ്റിനിർത്തിയിരിക്കുന്നത് - കോൺഗ്രസിന്റെ പ്രതാപകാലത്തെ ഏറ്റവും മികച്ച വോട്ടിനേക്കാൾ കുറവാണിത്. (42 ശതമാനം). 

പ്രതിപക്ഷ പാളയത്തിന് ഒന്നിച്ചുനിൽക്കാനുള്ള ഒരു തിടുക്കവുമില്ലെന്ന് തോന്നുന്നു. എന്തുകൊണ്ട് എന്നതാണ് വ്യക്തമായ ചോദ്യം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയുടെ രാഷ്ട്രീയ കാലാവസ്ഥ മാറിയെന്നതാണ് ഇതിൽ പ്രധാനമായത്. ഒരറ്റത്ത്, ഭരണ സംവിധാനം കൂടുതൽ ആശയപരമാകുമ്പോൾ, പ്രതിപക്ഷത്തിന്റെ പ്രത്യയശാസ്ത്രത്തിൽനിന്ന് ആദർശം നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. ബി.ജെ.പി.ക്കെതിരെ പോരാടുമെന്ന് അവകാശപ്പെടുന്ന പാർട്ടികളെ നയിക്കുന്നത് ആശയമല്ല, നിർബന്ധിതാവസ്ഥയാണ്. ഭൂരിപക്ഷം പാർട്ടികൾക്കും അവരുടെ നേതാക്കൾക്കും ദേശീയ വീക്ഷണമോ പരിപാടിയോ ഇല്ല. നേരത്തെ, മൂന്ന് പ്രധാന പ്രതിപക്ഷ രാഷ്ട്രീയ ധാരകൾ (ജനസംഘം പിന്നീട് ബി.ജെ.പി, സോഷ്യലിസ്റ്റുകൾ, കമ്യൂണിസ്റ്റ് പാർട്ടികൾ) കോൺഗ്രസിനെ മാറ്റിസ്ഥാപിക്കാൻ പോരാടിയത് ഇന്ത്യയെക്കുറിച്ച് വ്യക്തമായി നിർവചിക്കപ്പെട്ട പ്രത്യയശാസ്ത്ര ധാരണയുടെ പേരിലാണ്. അവർക്ക് ഇന്ത്യയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. ജനസംഘവും ബി.ജെ.പിയും ഹിന്ദു രാഷ്ട്രം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, കമ്യൂണിസ്റ്റുകൾ വർഗരഹിത സമൂഹമാണ് ആഗ്രഹിച്ചത്, സോഷ്യലിസ്റ്റുകൾ ഒരു ക്ഷേമരാഷ്ട്രം സ്വപ്‌നം കണ്ടു.

ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളിൽ വ്യത്യാസങ്ങളുണ്ടെങ്കിലും ജനാധിപത്യവും ഫെഡറലിസവും ഭരണഘടനയും കോൺഗ്രസ് പാർട്ടിയിൽനിന്ന് രക്ഷിക്കണമെന്ന് എല്ലാ പാർട്ടികൾക്കും അവരുടെ നേതാക്കൾക്കും പൊതുവായ ബോധ്യമുണ്ടായിരുന്നു. ആ സമവായം ഇന്നില്ല. ഈ പാർട്ടികൾക്കൊന്നും തങ്ങളുടെ സ്വപ്‌നങ്ങളുടെ ഇന്ത്യ എന്തായിരിക്കണമെന്ന് ഒരു ധാരണയുമില്ല. അധികാരം പിടിച്ചെടുക്കുകയും സർക്കാരുകൾ രൂപീകരിക്കുകയും ചെയ്യുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം.

നിതീഷ് കുമാർ, കെ.സി.ആർ (കെ. ചന്ദ്രശേഖർ റാവു), അരവിന്ദ് കെജ്‌രിവാൾ, ഭഗവന്ത് മാൻ, ജഗൻ മോഹൻ റെഡ്ഡി, നവീൻ പട്‌നായിക്, ഹേമന്ത് സോറൻ, എം.കെ. സ്റ്റാലിൻ എന്നിവരെപ്പോലെ ബംഗാളിൽ മമത ബാനർജിയും മുഖ്യമന്ത്രിയായാൽ സന്തുഷ്ടയാണ്. എന്നെങ്കിലും മുഖ്യമന്ത്രിയാകാൻ കഴിഞ്ഞാൽ അഖിലേഷ് യാദവും തേജസ്വി യാദവും തൃപ്തരാകും. ഈ നേതാക്കൾക്ക് അതിനപ്പുറമുള്ള ഉന്നതമായ ലക്ഷ്യങ്ങൾക്കായി പോരാടാൻ താൽപര്യമില്ല.

നിതീഷ് കുമാറിന് പ്രത്യയശാസ്ത്രപരമായ യാതൊരു നിർബന്ധവുമില്ല - വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്ന ബി.ജെ.പിയുമായും ആർ.ജെ.ഡിയുമായും അദ്ദേഹത്തിന് അനായാസം നീന്താൻ കഴിയും. മമത, സ്റ്റാലിൻ, ഉദ്ധവ് താക്കറെ, എച്ച്.ഡി. കുമാരസ്വാമി എന്നിവരുടെ സ്ഥിതിയും ഇതു തന്നെയാണ്. ഓരോരുത്തരും മുമ്പ് ബി.ജെ.പിക്കൊപ്പമായിരുന്നു.

ഇന്ന് പ്രതിപക്ഷത്തിരിക്കുന്ന ഭൂരിഭാഗം നേതാക്കളും വ്യക്തമായ പ്രത്യയശാസ്ത്ര നിലപാടുകളുള്ള വലിയ നേതാക്കളുടെ മക്കളാണ് എന്നത് വിരോധാഭാസമാണ്. മുലായം സിംഗ് യാദവ്, ലാലു പ്രസാദ് യാദവ്, ബാലാ സാഹെബ് താക്കറെ, വൈ.എസ്. രാജശേഖര റെഡ്ഡി, ബിജു പട്‌നായിക്, എം.കെ. കരുണാനിധി, ഷിബു സോറൻ, ദേവഗൗഡ, ഫാറൂഖ് അബ്ദുള്ള, മുഫ്തി മുഹമ്മദ് സെയ്ദ് എന്നിവർ സ്വന്തം നിലയിൽ ശക്തരായിരുന്നു, അവരുടെ മക്കളും പ്രശസ്തിയും അധികാരവും നേടി. എന്നാൽ മുകളിലെത്താൻ അവർക്ക് പോരാടേണ്ടി വന്നില്ല, അധികാരം താലത്തിലെത്തിച്ച് നൽകുകയായിരുന്നു. പ്രത്യയശാസ്ത്രം അവരുടെ ശക്തിയല്ല. ആദർശവും ബോധ്യവുമല്ല അവരുടെ രാഷ്ട്രീയത്തെ നിർവചിക്കുന്നത് എന്നതിനാൽ, അധികാരത്തിന്റെ ഒരു കഷ്ണം പങ്കിടാൻ കഴിയുന്ന ഏത് ഗ്രൂപ്പുമായും പാർട്ടിയുമായും അവർക്ക് അണിചേരാം.

അവരുടെ കണ്ണിൽ മോഡിയും രാഹുൽ ഗാന്ധിയും ഒരുപോലെയാണ്. മെച്ചപ്പെട്ട വില പേശലും അധികാരത്തിൽ വലിയ പങ്കും വാഗ്ദാനം ചെയ്യുന്നവൻ അവരുടെ സുഹൃത്തായിരിക്കും. സർക്കാർ ഏജൻസികളുടെ വേട്ടയില്ലെങ്കിൽ, കേന്ദ്രത്തിൽ കാബിനറ്റ് മന്ത്രിമാരാക്കാമെങ്കിൽ,  സംസ്ഥാനങ്ങളിൽ സർക്കാരുകൾ സുഗമമായി നടത്താൻ അനുവദിക്കുമെങ്കിൽ, അവർ പ്രതിപക്ഷ ഐക്യം എന്ന ആശയം ഉപേക്ഷിക്കും. എല്ലാ രാഷ്ട്രീയ വ്യത്യാസങ്ങളും മറന്ന് ബി.ജെ.പിക്കൊപ്പം ചേരും.

മോഡി സർക്കാരിനോട് മായാവതി മൃദുസമീപനം സ്വീകരിക്കുന്നു. മോഡിയോട് ശത്രുത പുലർത്തിയിരുന്ന മമത ബാനർജി പെട്ടെന്ന് മയങ്ങി. ഒരു കാരണവുമില്ലാതെയല്ല ഇത് സംഭവിച്ചത്. കേന്ദ്രം ശല്യപ്പെടുത്താത്തതിനാൽ ഒഡീഷയിൽ നവീൻ പട്‌നായിക് സന്തോഷവാനാണ്. അതുപോലെ ആന്ധ്രാപ്രദേശിലെ ജഗൻ മോഹൻ റെഡ്ഡിയും. കെ.സി.ആറിനും കെജ്‌രിവാളിനും അവരുടെ സംസ്ഥാനങ്ങളിൽ നിലനിൽക്കണമെങ്കിൽ ബി.ജെ.പിയോട് പോരാടണമെന്ന് അറിയാമെങ്കിലും ഭാവിയിൽ അവർ എപ്പോഴും വിട്ടുവീഴ്ചക്ക് തയാറാണ്. കുമാരസ്വാമിയും ഉദ്ധവ് താക്കറെയും മുമ്പ് ബി.ജെ.പിയുമായി അധികാരം പങ്കിട്ടിട്ടുണ്ട്. 2014 ൽ മഹാരാഷ്ട്രയിലെ ബി.ജെ.പി സർക്കാരിനെ രക്ഷിക്കാൻ ശരത് പവാർ സഹായിച്ചു. ബി.ജെ.പിയുടെ പിന്തുണയോടെ മെഹബൂബ മുഫ്തി മുഖ്യമന്ത്രിയായിരുന്നു.
ഈ കളിയിൽ കോൺഗ്രസ് ഒറ്റക്കാണ് എന്നതാണ് വാസ്തവം. ഇത് മറികടക്കാൻ റായ്പൂരിലെ പ്ലീനറിയിൽ അവർ എന്ത് ഒരുക്കിവെച്ചിരിക്കുന്നു എന്നതാണ് അറിയേണ്ടത്. 

Latest News