സീസറുടെ ഭാര്യമാരും നീതിയുടെ തുലാസും

ബാബ്‍‌രി മസ്ജിദ് കേസിൽ വിധി പറഞ്ഞ ജഡ്ജിമാർ

ദൽഹിയിലെ ഏറ്റവും വലിയ പഞ്ചനക്ഷത്ര ഹോട്ടലിൽ അഞ്ചു ജഡ്ജിമാരും വിധി 'ആഘോഷിച്ചു'വെന്നു അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി തന്റെ ആത്മകഥയിൽ പറയുന്നുണ്ട്.  രാമക്ഷേത്ര വിധി ഒരു പാക്കേജ് ആയിരുന്നുവെന്ന സംശയം അന്നു തന്നെ ഉണ്ടായിരുന്നുവെങ്കിലും ജസ്റ്റിസ് അബ്ദുൽ നസീറിന്റെ നിയമനത്തോടെ അത് ബലപ്പെടുന്ന രീതിയിലാണ് കാര്യങ്ങൾ നീങ്ങിയത്.  ചീഫ് ജസ്റ്റിസ് ഗൊഗോയിക്ക് വിരമിച്ചു ദിവസങ്ങൾക്കകം തന്നെ രാജ്യസഭ നോമിനേഷൻ ലഭിച്ചു.  നസീർ അടക്കം മറ്റു മൂന്നു പേർക്കും ഇപ്പോൾ നല്ല പദവികൾ ലഭിച്ചു. പ്രത്യേക കേസ് കൈകാര്യം ചെയ്ത ന്യായാധിപന്മാർക്ക്  മാത്രം സ്‌പെഷ്യൽ റിട്ടയർമെന്റ് ഗിഫ്റ്റ് കിട്ടിയതെങ്ങനെ? 'സീസറുടെ ഭാര്യമാർ' സംശയത്തിന്റെ നിഴലിലായിരിക്കയാണ്. നീതി ദേവത കണ്ണ് കെട്ടിയാണ് നിൽക്കുന്നത്.  


'സീസറുടെ ഭാര്യ സംശയങ്ങൾക്കതീത ആയിരിക്കണം':  വിഖ്യാത റോമൻ ആപ്തവാക്യമാണിത്. സൂചിത കഥ എല്ലാവർക്കും അറിയാം. ഏതാനും വർഷങ്ങൾക്ക് മുമ്പ് കേരള ഹൈക്കോടതിയിൽ ജസ്റ്റിസ് കെമാൽ പാഷ ഒരു വിധിന്യായത്തിൽ ഈ വാക്യം ഉദ്ധരിച്ചപ്പോൾ അതിന്റെ അന്തഃസത്തയെ കുറിച്ച് കുറെ ചർച്ചകൾ നടന്നത് ഓർക്കുന്നു.
അഡ്വ. ഗൗരി മദ്രാസ് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായും റിട്ട. ജസ്റ്റിസ് അബ്ദുൽ നസീർ ആന്ധ്ര ഗവർണറായും നിയമിതരായപ്പോൾ ജൂലിയസ് സീസറുടെ ഭാര്യ പോംപിയയുടെ ദുഃസ്വപ്‌നം വീണ്ടും പ്രസക്തി നേടിയ പോലെ തോന്നി. ഈ നിയമനങ്ങൾ  നീതി ദേവതയുടെ കണ്ണുകെട്ടി ഉയർത്തിപ്പിടിച്ചു നിൽക്കുന്ന നീതിയുടെ തുലാസ് ഇളക്കുമോ എന്ന് പൊതുസമൂഹം ശങ്കിക്കുകയാണ്. ഒരർഥത്തിൽ നിയമനങ്ങളുടെ സാഹചര്യങ്ങൾ അങ്ങനെ ആയിത്തീരുകയായിരുന്നു.

ഭാരതീയ മഹിള മോർച്ചയുടെ ദേശീയ സെക്രട്ടറിയും വിദ്വേഷ പ്രസംഗകയുമായ അഡ്വ. ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരിയെ സുപ്രീം കോടതി കൊളീജിയം ശുപാർശ അനുസരിച്ചു മദ്രാസ് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചത് സ്വാഭാവികം. 

എന്താണ് വിക്ടോറിയ ഗൗരിയുടെ വിദ്വേഷങ്ങൾക്ക് കാരണം? മുസ്‌ലിംകളെ അവർ തലോടുന്നൊന്നുമില്ല. എങ്കിലും ആഞ്ഞടിക്കുന്നത് ക്രൈസ്തവർക്കെതിരെയാണ്. മുസ്‌ലിംകളേക്കാൾ അപകടകാരികളായി അവർ ക്രൈസ്തവരെ കാണുന്നു. എന്നാൽ അവരെ വളർത്തിയത് ക്രിസ്ത്യൻ സ്ഥാപനങ്ങളാണ്. നാഗർകോവിൽ ലിറ്റിൽ ഫഌവർ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്‌കൂളിലെ പഠനത്തിനു ശേഷം കൊടൈക്കനാൽ മദർ തെരേസ സർവകലാശാലയിൽ ബിരുദാനന്തര ബിരുദം നേടിയ അവർ  വേണാടിന്റെയും ചോള, പാണ്ഡ്യ രാജവംശങ്ങളുടെയും കേദാര ഭൂമിയായി വിശേഷിപ്പിക്കപ്പെടുന്ന നഞ്ചിക്കോട്ടുകാരിയാണ്. തമിഴക ദ്രാവിഡ സംസ്‌കാരത്തിന്റെ വിഹാര ഭൂമിയായി അതറിയപ്പെടുന്നു. ക്രൈസ്തവ സംഘടനകളും മിഷനറിമാരും നാഞ്ചിനാട് കൈയടക്കിയിരിക്കയാണ്. അതാണ് അവരുടെ പരിഭവം.  വിവേകാനന്ദന്റെ കർമ ഭൂമിയിൽ ക്രൈസ്തവ അധിനിവേശം നടക്കുന്നു. കന്യാകുമാരി അടക്കമുള്ള പ്രദേശങ്ങളിൽ ഹിന്ദുക്കൾ ന്യൂനപക്ഷമായിരിക്കുന്നു.  ക്രിസ്തീയ ഗാനങ്ങളുടെ അകമ്പടിയോടെ ഭരതനാട്യം കളിച്ച പെൺകുട്ടികൾ ഭരതനാട്യത്തെ വെട്ടി കൊലപ്പെടുത്തി.  വ്യാപകമായി മതപരിവർത്തനം നടത്തുന്നു. കന്യകമാരുടെ ദേവിയുടെ നാമത്തിലുള്ള കന്യാകുമാരിയെ അവർ കന്യക മേരിയാക്കുന്നു. അതിന് അവരുടേതായ വ്യാഖ്യാനം അവിടെ ചെല്ലുന്നവർക്ക് പാതിരിമാരിൽ നിന്ന് കേൾക്കാൻ കഴിയും. നിത്യകന്യകയായ കന്യാകുമാരി ദേവി ഹൈന്ദവ വിശ്വാസത്തിൽ പാർവതി ദേവിയുടെ അവതാരമാണ്. അവർ കന്യകയല്ല. പാർവതി ശിവന്റെ ഭാര്യയാണ്.  'യഥാർത്ഥ കന്യക'യെന്ന് പറയാവുന്നത് കന്യകമേരിയാണ്. തന്ത്രമെങ്ങനെ? ഗൗരിയുടെ വക്കീൽ ഓഫീസ് പത്തു വർഷത്തോളം കന്യാകുമാരിയിലായിരുന്നു. അവിടം ക്രൈസ്തവ മയമാക്കിയത് അവർ നേരിട്ട് കാണുകയായിരുന്നിരിക്കാം. ആർ.എസ്.എസ് മുഖപത്രമായ 'ഓർഗനൈസറി'ൽ  തന്റെ വാദങ്ങൾ സമർത്ഥിക്കുന്ന നിരവധി ലേഖനങ്ങൾ ഗൗരി എഴുതിയിട്ടുണ്ട്.  തമിഴ്‌നാട് ഗ്രാമങ്ങളിൽ അടുത്ത ഏതാനും വർഷങ്ങൾ കൊണ്ട് നാലു ലക്ഷം ചർച്ചുകൾ നിർമിക്കാനുള്ള പദ്ധതിയെ കുറിച്ച് വാർത്തകൾ വന്നിരുന്നു. പ്രസിദ്ധ തമിഴ് നടൻ വിജയ് ഇപ്പോൾ അറിയപ്പെടുന്നത് വിജയ് ജോൺ എന്നാണ്.

മലയാളിയായ നീലകണ്ഠൻ പിള്ളയെ കന്യാകുമാരിയിൽ പ്രാദേശിക ജനങ്ങളെ സ്വാധീനിക്കാൻ അൽമായ രക്തസാക്ഷിത്വ പരിവേഷത്തിൽ വിശുദ്ധനായി കത്തോലിക്കാ സഭ വാഴിച്ചത് സമീപകാല സംഭവം. വിശുദ്ധ പദവിക്കുള്ള യാതൊരു പരിവേഷവും ഇദ്ദേഹത്തിനില്ല.  ജന്മനാ കത്തോലിക്കനായ, അവിവാഹിതനും പുരോഹിതനുമായ ദിവ്യാത്ഭുതങ്ങൾ കാണിച്ച ഒരാൾ മാത്രമേ വിശുദ്ധ പദവിയിൽ അവരോധിക്കപ്പെടുകയുള്ളൂ.  ഇതൊന്നുമല്ലാത്ത വെറും ഏഴ് വർഷം മുമ്പ് മാത്രം ക്രിസ്തുമതം സ്വീകരിച്ച, ഒരു ദിവ്യാത്ഭുതവും കാണിക്കാത്ത നീലകണ്ഠൻ പിള്ളയെ ആ പദവിയിൽ ഉയർത്തിയതിലൂടെ ലക്ഷ്യം വെച്ചത് ചർച്ച ചെയ്യപ്പെട്ട കാര്യമായിരുന്നു. ഇതെല്ലാം കണ്ട് മനംമടുത്തായിരിക്കാം ഒരുപക്ഷേ അവർ ക്രൈസ്തവ വിരുദ്ധ സമീപനം സ്വീകരിച്ചത്. അവരുടെ പാർട്ടി പദവിയും നയവും ആ നിലയിൽ ആയിരുന്നിരിക്കാം.  ഏതായാലും പുതിയ ജസ്റ്റിസ് ഗൗരി നീതിയുടെ തുലാസ് എങ്ങനെ ഉയർത്തിപ്പിടിക്കുമെന്ന് വിലയിരുത്താൻ സമയമെടുക്കും.

ഈ വിവാദം തുടരുമ്പോഴേക്കും നീതിയുടെ തുലാസ് വീണ്ടും ഇളകി.  വിവാദ വിധിന്യായങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ജസ്റ്റിസ് അബ്ദുൽ നസീറിനെ ആന്ധ്ര ഗവർണറാക്കിയതാണ് പ്രശ്‌നം.  ഒരു മാസം മുമ്പാണ് അദ്ദേഹം സുപ്രീം കോടതിയിൽ നിന്ന് വിരമിച്ചത്.  നിയമന  വാർത്തക്കൊപ്പം എല്ലാ മാധ്യമങ്ങളും ബാബ്‌രി മസ്ജിദ് കേസിലെ അദ്ദേഹത്തിന്റെ പങ്ക് ഉയർത്തിക്കാട്ടിയിരുന്നു. യാതൊരു വിയോജിപ്പുമില്ലാതെ വിവാദ വിധി പുറപ്പെടുവിച്ച നസീർ അന്ന് തന്നെ സംശയത്തിന്റെ നിഴലിൽ ആയിരുന്നു. രാമക്ഷേത്രം പൊളിച്ചു ബാബ്‌രി മസ്ജിദ് നിർമിച്ചു എന്നതാണ് പരാതി.  അവിടെ അങ്ങനെ ഒരു ക്ഷേത്രം ഉണ്ടായിരുന്നു എന്നതിന് യാതൊരു സൂചനയും ഇല്ലെന്നു തെളിവ് സഹിതം അഞ്ചു ജഡ്ജിമാരും വ്യക്തമാക്കിയിട്ടുണ്ട്.  സ്വാഭാവികമായും അത് മസ്ജിദിനു വിട്ടുനൽകുകയാണ് ന്യായവിധി.  അതല്ലെങ്കിൽ ഒരു സൗമനസ്യ ഒത്തുതീർപ്പെന്ന നിലയിൽ രണ്ടു കുട്ടർക്കും വേണ്ട എന്ന് കാണണം. ഇതൊന്നും പരിഗണിക്കാതെ  142 ാം വകുപ്പനുസരിച്ച് (സത്യവും നീതിയും നോക്കാതെ) വിധിക്കുകയായിരുന്നു.  ദൽഹിയിലെ ഏറ്റവും വലിയ പഞ്ചനക്ഷത്ര ഹോട്ടലിൽ അഞ്ചു ജഡ്ജിമാരും വിധി 'ആഘോഷിച്ചു'വെന്നു അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി തന്റെ ആത്മകഥയിൽ പറയുന്നുണ്ട്.  രാമക്ഷേത്ര വിധി ഒരു പാക്കേജ് ആയിരുന്നുവെന്ന സംശയം അന്നു തന്നെ ഉണ്ടായിരുന്നുവെങ്കിലും ജസ്റ്റിസ് അബ്ദുൽ നസീറിന്റെ നിയമനത്തോടെ അത് ബലപ്പെടുന്ന രീതിയിലാണ് കാര്യങ്ങൾ നീങ്ങിയത്.  ചീഫ് ജസ്റ്റിസ് ഗൊഗോയിക്ക് വിരമിച്ച് ദിവസങ്ങൾക്കകം തന്നെ രാജ്യസഭ നോമിനേഷൻ ലഭിച്ചു.  നസീർ അടക്കം മറ്റു മൂന്നു പേർക്കും ഇപ്പോൾ നല്ല പദവികൾ ലഭിച്ചു. പ്രത്യേക കേസ് കൈകാര്യം ചെയ്ത ന്യായാധിപന്മാർക്ക്  മാത്രം സ്‌പെഷ്യൽ റിട്ടയർമെന്റ് ഗിഫ്റ്റ് കിട്ടിയതെങ്ങനെ? 'സീസറുടെ ഭാര്യമാർ' സംശയത്തിന്റെ നിഴലിലായിരിക്കയാണ്. നീതി ദേവത കണ്ണുകെട്ടിയാണ് നിൽക്കുന്നത്.  

Latest News