Sorry, you need to enable JavaScript to visit this website.

ഒരാഴ്ചക്കിടെ സൗദി ഓഹരി വിപണിയില്‍ 421 ബില്യണ്‍ റിയാല്‍ നഷ്ടം

റിയാദ് - ഒരാഴ്ചക്കിടെ സൗദി ഓഹരി വിപണിക്ക് 42,100 കോടി റിയാല്‍ (11,230 കോടി ഡോളര്‍) നഷ്ടം നേരിട്ടു. ഡിസംബറിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ തോതിലേക്ക് ഓഹരി സൂചിക ഇടിഞ്ഞു. ബാങ്കിംഗ്, ഊര്‍ജ മേഖലകള്‍ അടക്കമുള്ള മേഖലകള്‍ തകര്‍ച്ച നേരിട്ടു. പോയ വാരത്തില്‍ അല്‍റിയാദ് ബാങ്ക് ഓഹരികള്‍ 7.9 ശതമാനവും മആദിന്‍ 6.3 ശതമാനവും അല്‍ഇന്‍മാ ബാങ്ക് 6 ശതമാനവും അല്‍റാജ്ഹി ബാങ്ക് 5.7 ശതമാനവും സൗദി ഫ്രാന്‍സി ബാങ്ക് 5.4 ശതമാനവും എസ്.ടി.സി 5.2 ശതമാനവും സൗദി അറാംകൊ 4.2 ശതമാനവും സാബിക് 3.9 ശതമാനവും സൗദി നാഷണല്‍ ബാങ്ക് 1.8 ശതമാനവും സൗദി ബ്രിട്ടീഷ് ബാങ്ക് 1.2 ശതമാനവും തോതില്‍ ഇടിഞ്ഞു. വ്യാഴാഴ്ച വൈകീട്ട് വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ സൗദി ഓഹരി വിപണിയുടെ ആകെ മൂല്യം 9.74 ട്രില്യണ്‍ റിയാലായി കുറഞ്ഞു. ഡിസംബര്‍ 15 ന് അവസാനിച്ച വാരത്തില്‍ ഇത് 10.16 ട്രില്യണ്‍ റിയാലായിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


പോയ വാരത്തില്‍ പ്രധാന മേഖലകളെല്ലാം തിരിച്ചടി നേരിട്ടു. ബാങ്കിംഗ് മേഖലാ ഓഹരികളാണ് ഏറ്റവും വലിയ ഇടിവ് നേരിട്ടത്. ഈ മാസാദ്യം മുതല്‍ ബാങ്കിംഗ് ഓഹരികള്‍ ഒമ്പതു ശതമാനം തോതില്‍ ഇടിഞ്ഞിട്ടുണ്ട്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ബാങ്കുകളുടെ ലാഭത്തിലെ വളര്‍ച്ച മന്ദഗതിയിലായതാണ് ബാങ്ക് ഓഹികളുടെ പ്രകടനത്തെ ബാധിച്ചത്. കഴിഞ്ഞ വര്‍ഷം ബാങ്കുകള്‍ ആകെ 6,252 കോടി റിയാല്‍ ലാഭം നേടിയിരുന്നു. ഇത് സര്‍വകാല റെക്കോര്‍ഡ് ആണ്. എന്നാല്‍ 2021 നെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം ബാങ്കുകളുലെ ലാഭത്തില്‍ രേഖപ്പെടുത്തിയ വളര്‍ച്ച മന്ദഗതിയിലായി. നാലാം പാദത്തിലെ ലാഭം വലിയ തോതില്‍ കുറഞ്ഞതാണ് കഴിഞ്ഞ വര്‍ഷം മൊത്തത്തിലുള്ള പ്രകടനത്തെ ബാധിച്ചത്.
കഴിഞ്ഞ വാരത്തിലെ അഞ്ചു പ്രവൃത്തി ദിവസങ്ങളില്‍ സൗദി ഓഹരി സൂചികയില്‍ 420 പോയിന്റ് ഇടിവാണുണ്ടായത്. ഒരാഴ്ചക്കിടെ സൂചിക നാലു ശതമാനം തോതില്‍ ഇടിഞ്ഞു. ഈ വര്‍ഷം സൂചിക ഏറ്റവും ഉയര്‍ന്നത് ജനുവരി 29 ന് ആയിരുന്നു. അന്ന് 10,840 പോയിന്റിലാണ് ക്ലോസ് ചെയ്തത്. ഇതിനെ അപേക്ഷിച്ച് കഴിഞ്ഞ വ്യാഴാഴ്ച സൂചിക 6.3 ശതമാനം തോതില്‍ ഇടിഞ്ഞു. മൂന്നാഴ്ചക്കിടെ സൂചികയില്‍ 690 പോയിന്റിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച 10,153 പോയിന്റിലാണ് സൂചിക ക്ലോസ് ചെയ്തത്.
ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ഏറ്റവും വലിയ പത്തു കമ്പനികളുടെ ഓഹരികള്‍ക്ക് പോയ വാരത്തില്‍ 37,460 കോടി റിയാലിന്റെ നഷ്ടം നേരിട്ടു. കഴിഞ്ഞ വാരത്തില്‍ സൗദി ഓഹരി വിപണിക്ക് നേരിട്ട ആകെ നഷ്ടത്തിന്റെ 89 ശതമാനവും ഈ കമ്പനികളുടെ വിഹിതമാണ്.
അല്‍റാജ്ഹി ബാങ്കിന്റെ വിപണി മൂല്യത്തില്‍ ഒരാഴ്ചക്കിടെ 1,760 കോടി റിയാലിന്റെ നഷ്ടം രേഖപ്പെടുത്തി. അല്‍റാജ്ഹി ബാങ്ക് കഴിഞ്ഞ വര്‍ഷം 1,715 കോടി റിയാല്‍ ലാഭം നേടിയിരുന്നു. 2022 ല്‍ ബാങ്കിന്റെ ലാഭം 16 ശതമാനം തോതില്‍ വര്‍ധിച്ചു. എന്നാല്‍ നാലാം പാദത്തില്‍ ലാഭത്തിലെ വളര്‍ച്ചാ നിരക്ക് 10 ശതമാനമായി കുറഞ്ഞു.

 

Latest News