ഉഗാണ്ടയില്‍ വാട്‌സാപ്പും ഫേസ്ബുക്കും ഉപയോഗിക്കാന്‍ ദിവസവും നികുതി നല്‍കണം

കംപാല- സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് പൗരന്മാര്‍ ദിവസേന നികുതി നല്‍കണമെന്ന വിവാദ നിയമം ഉഗാണ്ട പാര്‍ലമെന്റ് വെള്ളിയാഴ്ച പാസാക്കി. ട്വിറ്റര്‍, വൈബര്‍, സ്‌കൈപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നതിന് 200 ഷില്ലിങ് (ഏകദേശം 3.55 രൂപ) ആണ് ദിവസവും നികുതിയായ അടക്കേണ്ടത്. ജൂലൈ ഒന്നു മുതല്‍ ഈ നികുതി നിലവില്‍ വരും. എന്നാല്‍ നികുതി ചുമത്താന്‍ പൗരന്മാരുടെ ഇന്റര്‍നെറ്റ് ഉപയോഗം സര്‍ക്കാര്‍ എങ്ങനെ പരിശോധിക്കുമെന്നതു സംബന്ധിച്ച് അവ്യക്തതയുണ്ട്. 

കുറഞ്ഞ ശരാശരി ദിവസക്കൂലി ഉള്ള രാജ്യത്ത് ഈ നികുതി പൗരന്മാര്‍ക്കു വലിയ ബാധ്യതയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വിവാദ ബില്ലിന് പ്രസിഡന്റ് യൊവറി മുസെവെനി ശക്തമായി പിന്തുണയ്ക്കുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങള്‍ ഗോസിപ്പുകള്‍ക്കുള്ള വേദി മാത്രമാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

ഈ നിയമം പാസാക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്റ് ധനകാര്യമന്ത്രിക്ക് മാര്‍ച്ചില്‍ അയച്ച കത്തില്‍ സോഷ്യല്‍ മീഡിയയുടെ ദൂഷ്യഫലങ്ങള്‍ വിവരിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലെ ഗോസിപ്പുകളും മുന്‍വിധികളും അപവാദ പ്രചാരണങ്ങളും തമാശകളും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ നേരിടാനുള്ള വരുമാനം ഇതിലൂടെ തന്നെ കണ്ടെത്താമെന്നാണ് മുസെവെനിയുടെ നിലപാട്.

അതേസമയം, വിദ്യാഭ്യാസം, ഗവേഷണം അടക്കമുള്ള ആവശ്യങ്ങള്‍ക്കുള്ള ഇന്റര്‍നെറ്റ് ഉപയോഗത്തിന് നികുതി നല്‍കേണ്ടതില്ലെന്നും മുസെവെനി വ്യക്തമാക്കുന്നു.
 

Latest News