ചെങ്കല്‍പേട്ടില്‍ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം ജസനയുടേതല്ലെന്ന് കുടുംബം

ചെന്നൈ- തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി-ചെന്നൈ ദേശീയപാതയോരത്ത് ചെങ്കല്‍പേട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം എരുമേലിയില്‍ നിന്ന് രണ്ടര മാസം മുമ്പ് കാണാതായ ജസ്‌നയുടേത് അല്ലെന്ന് സഹോദരന്‍. കഴിഞ്ഞ ദിവസമാണ് തമിഴനാട് പോലീസ് ഈ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് കേരളാ പോലീസിനു വിവരം കൈമാറുകയായിരുന്നു. തിരിച്ചറിയാനായി ജസ്‌നയുടെ സഹോദരനേയും കൂട്ടി പോലീസ് കഴിഞ്ഞ ദിവസം രാത്രിയാണ് ചെങ്കല്‍പേട്ടില്‍ എത്തിയത്. മൃതദേഹത്തിന്റെ പല്ലിലെ ക്ലിപ്, ഉയരം ഉള്‍പ്പെടെയുള്ള സമാനതകള്‍ കണ്ടതിനെ തുടര്‍ന്നാണ് ഇതു ജസ്‌നയുടെ മൃതദേഹമാണോ എന്ന സംശയം ഉയര്‍ന്നത്. എന്നാല്‍ മൃതദേഹത്തില്‍ മൂക്കുത്തിയുണ്ട്. ജസ്‌ന മൂക്കുത്തി ധരിക്കാറില്ല. 90 ശതമാനം കത്തിക്കരിഞ്ഞ മൃതദേഹത്തിന്റെ മുഖവും തിരിച്ചറിയാനാവത്ത അവസ്ഥയിലാണ്. അതേസമയം ഡിഎന്‍എ പരിശോധനാ നടപടികളുമായി മുന്നോട്ടു പോകുമെന്ന് പോലീസ് അറിയിച്ചു.

മൃതദേഹം ഇപ്പോള്‍ ചെങ്കല്‍പേട്ട് ഗവ.ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇവിടെ എത്തി കണ്ട ശേഷമാണ് ഇതു ജസ്‌നയുടെ മൃതദേഹമാകാന്‍ സാധ്യതയില്ലെന്ന് കുടുംബ അറിയിച്ചത്. മാര്‍ച്ച് 21-ന് ബന്ധുവീട്ടിലേക്കായി ഇറങ്ങിയ ജസ്‌നയെ പിന്നീട് കാണാതാകുകയായിരുന്നു.
 

Latest News