കൊച്ചി- രണ്ടു ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ പള്ളിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കൊച്ചി എളമക്കര പള്ളിയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ പള്ളി പൂട്ടുന്നതിനായി എത്തിയ സെക്യൂരിറ്റി ജീവനക്കാരനാണ് കുട്ടിയെ കണ്ടത്. തുടർന്ന് പള്ളി വികാരിയെ അറിയിച്ചു. പോലീസും സ്ഥലത്തെത്തി. കുഞ്ഞിനെ ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കുട്ടിയെ ആശുപത്രിയിലെ എൻഐസിയുവിലേക്ക് മാറ്റി. കുട്ടി പൂർണ ആരോഗ്യവതിയാണെന്ന് ഡോക്ടർ അറിയിച്ചു.
വെള്ളിയാഴ്ച്ച രാത്രി 8.05ഓടെ ചുരിദാർ ധരിച്ച ഒരു യുവതി, യുവാവും രണ്ടു കുഞ്ഞുങ്ങളുമായി പള്ളിയിലെത്തുകയായിരുന്നു. തുടർന്ന് യുവതിയുടെ കൈയിൽനിന്ന് കുഞ്ഞിനെ വാങ്ങിയ യുവാവ്, കുഞ്ഞിന്റെ നെറ്റിയിൽ ചുംബിച്ചശേഷം പള്ളിയുടെ കുമ്പസാരക്കൂടിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. നാലു വയസ് പ്രായം തോന്നിക്കുന്ന ഒരാൺകുട്ടിയും ഇവർക്കൊപ്പമുണ്ടായിരുന്നു. എളമക്കര പൊലീസ് അന്വേഷണം തുടങ്ങി.