Sorry, you need to enable JavaScript to visit this website.

ജനദ്രോഹ നടപടികൾ മറച്ചുവെക്കാൻ സിപിഎം വർഗീയ ധ്രൂവീകരണ നീക്കം നടത്തുന്നു -റസാഖ് പാലേരി

തിരുവനന്തപുരം - ഭരണരംഗത്തെ തകർച്ച കെടുകാര്യസ്ഥത, ബജറ്റിലെ നികുതി നിർദ്ദേശങ്ങൾ ഉയർത്തുന്ന ജനവികാരം,  സംഘ്പരിവാർ അനുകൂല പോലീസ് നയങ്ങൾ, കോർപ്പറേറ്റ് ചങ്ങാത്തം, ഭരണധൂർത്ത്, ബന്ധു നിയമനം അടക്കം വലിയ തോതിൽ പ്രതിരോധത്തിലായി നിൽക്കുകയാണ് ഇടതു സർക്കാരിന് നേതൃത്വം നൽകുന്ന സി.പി.എം. അത് മറച്ചു പിടിക്കാൻ ഡൽഹിയിൽ നടന്ന ഒരു ചർച്ചയെ ഉപയോഗപ്പെടുത്തി മതസമൂഹങ്ങളിൽ വൈരം പടർത്താൻ സി.പി.എം ശ്രമിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അവരുടെ സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇപ്പോൾ നടത്തുന്ന പ്രതിരോധ ജാഥ ഈ പ്രതിസന്ധിയെ മറച്ചു പിടിക്കാൻ മാത്രമാണ്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും മത സമൂഹങ്ങൾ തമ്മിൽ വൈരം വളർത്തുന്ന തരത്തിലുള്ള സാമൂഹ്യ എഞ്ചിനീയറിംഗ് നടത്തുകയാണ് സി.പി.എം ചെയ്തത്. കേരളത്തിലെ മുസ്!ലിം - െ്രെകസ്തവ സൗഹൃദം തകർക്കാൻ അവർ ശ്രമിച്ചു. മത സമൂഹങ്ങൾക്കുള്ളിലും ഭിന്നത വളർത്താനും നീക്കം നടത്തി. ഇതിന്റെയൊക്കെ പരിണിത ഫലമാണ് ചില ക്രൈസ്തവ നേതാക്കൾ നടത്തിയ വർഗീയ പരാമർശങ്ങൾ. അതേ സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനാണ് സി.പി.എം ഇപ്പോൾ വീണ്ടും ശ്രമിക്കുന്നത്.

ഡൽഹിയിൽ ചില മുസ്ലിം മതസംഘടനകളും ആർ.എസ്.എസും നടത്തിയ ചർച്ചയിൽ ഇതിൽ കക്ഷിയല്ലാത്ത വെൽഫെയർ പാർട്ടിയെയും യു.ഡി.എഫിനെയും ചേർത്ത് കെട്ടാൻ ശ്രമിക്കുന്നത് ഇതിന്റെ ഭാഗമാണ്. ഇപ്പോൾ വെൽഫെയർ പാർട്ടിയെ വികൃതവത്കരിക്കാൻ ശ്രമിക്കുന്ന സി.പി.എം 2015 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിയുമായി 90 ഓളം പഞ്ചായത്തുകളിൽ പ്രാദേശിക ധാരണ ഉണ്ടാക്കിയിരുന്നു. 20 ലധികം പഞ്ചായത്തുകൾ ഒന്നിച്ച് ഭരിക്കുകയും ചെയ്തിരുന്നു. ഈ ധാരണ പ്രാദേശികമായി 2019 വരെ തുടർന്നു. എന്നാൽ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ദേശീയ സാഹചര്യം പരിഗണിച്ച് യു.ഡി.എഫിനെ പിന്തുണച്ചപ്പോഴാണ് വെൽഫെയർ പാർട്ടിയെ വർഗീയ പാർട്ടിയായി മുദ്ര കുത്തുന്നത്. 2019 ലെ തെരഞ്ഞെടുപ്പിൽ തന്നെ തമിഴ്‌നാട്ടിൽ നിന്ന് വിജയിച്ച രണ്ട് സി.പി.എം സ്ഥാനാർഥികളും വെൽഫെയർ പാർട്ടിയുടെ പിന്തുണയോടെയാണ് വിജയിച്ചത് എന്നതും ഓർക്കണം.

സാമൂഹ്യനീതി തകർക്കുന്ന തരത്തിലാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ തങ്ങളുടെ ബജറ്റുകൾ അവതരിപ്പിച്ചത്. വിലക്കയറ്റവും തൊഴിൽ നഷ്ടവും മൂലം പൊറുതിമുട്ടുന്ന രാജ്യത്തെ ജനതയെ പരിഗണിക്കാൻ കേന്ദ്ര-സംസ്ഥാന ബജറ്റുകൾക്ക് കഴിഞ്ഞിട്ടില്ല. തൊഴിലുറപ്പ് പദ്ധതിക്ക് വിഹിതം വെട്ടിക്കുറച്ചതും ന്യൂനപക്ഷ മന്ത്രാലയത്തിനുള്ള ബജറ്റ് വിഹിതം വൻതോതിൽ ഇല്ലാതാക്കിയതുമെല്ലാം രാജ്യത്ത ദുർബല സമൂഹങ്ങളെ കൂടുതൽ ദുർബലമാക്കാനുള്ള നീക്കമാണ്.

ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് അദാനി സാമ്രാജ്യം തകരുന്നത് നാം കണ്ടതാണ്. അത്തരം കോർപ്പറേറ്റുകളെ സഹായിക്കുക എന്ന രീതിയാണ് കേന്ദ്ര സർക്കാരിന്റേത്. 2020ൽ ശതകോടീശ്വരന്മാർ 102 ആയിരുന്നു. അത് ഇപ്പോൾ 166 പേരായി ഉയർന്നു. ഏറ്റവും പാവപ്പെട്ട 50 ശതമാനം പേരുടെ സ്വത്ത് രാജ്യത്തെ സ്വത്തിന്റെ മൂന്ന് ശതമാനം മാത്രം. എന്നുമാത്രമല്ല ജി.എസ്.ടിയിലെ 64 ശതമാനം നൽകുന്നത് ജനസംഖ്യയിലെ 50 ശതമാനം പേരാണ്. രാജ്യത്തെ വിഭവങ്ങളുടെ 80 ശതമാനത്തോളം കൈവശം വെച്ചിരിക്കുന്ന അതിസമ്പൻമാരുടെ ജി.എസ്.ടി വിഹിതം വെറും 4 ശതമാനം മാത്രമാണ്.

കേരളം ഭരിക്കുന്ന ഇടതുപക്ഷം വർഗ വിശകലനത്തിൽ തൊഴിലാളി വർഗത്തോടൊപ്പവും സാമ്പത്തിക പിന്നാക്കാവസ്ഥയുള്ളവരുടെയൊപ്പവും നിൽക്കേണ്ടതായിരുന്നു. ഇന്ത്യയിലെ രാഷ്ട്രീയ പരിസ്ഥിതിയിൽ മതേതരപക്ഷത്ത് നിന്ന് സംഘ്പരിവാർ ഉയർത്തുന്ന രാഷ്ട്രീയത്തിന്റെ വളർച്ചാ സാധ്യതയെ സാമൂഹ്യമായി പ്രതിരോധിക്കേണ്ടുന്ന ചുമതലകൂടി മതേതര സർക്കാരുകൾക്കുണ്ട്. ആ നിലക്ക് അതിന്റെ ചാമ്പ്യൻമാരെന്നു അവകാശപ്പെടുന്ന കേരളത്തിലെ സി.പി.എമ്മിന് പ്രത്യേക ഉത്തരവാദിത്തമുണ്ട്. പക്ഷേ അതൊന്നും പരിഗണിക്കാതെ കേന്ദ്ര ഭരണകൂടത്തിന്റെ മിനിയേച്ചറായി കേരള ഭരണവും മാറുന്നു.

കേരളത്തിൽ കഴിഞ്ഞ ആറ് വർഷമായി ഭരിക്കുന്ന ഇടതു സർക്കാർ സാമ്പത്തിക മാനേജ്‌മെന്റിൽ വലിയ പരാജയമാണ്. പൊതുകടം 3.6 ലക്ഷം കോടിയായി കുതിച്ചുയരുകയും നികുതി പിരിവിൽ ഏറ്റവും പിറകിൽ നിൽക്കുന്ന സംസ്ഥാനമായി മാറുകയും ചെയ്തു. അതുവഴി ഉയർന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സാധാരണക്കാരുടെ മേൽ വലിയ നികുതി ഭാരം അടിച്ചേൽപിക്കുകയാണ് ഇടത് സർക്കാർ ചെയ്യുന്നത്.

അരി വില, ബജ് ചാർജ്, വൈദ്യുതി ചാർജ്, വെള്ളക്കരം എന്നിവയെല്ലാം വളരെ ഉയർന്ന നിരക്കിൽ നൽകുന്ന സംസ്ഥാനമാണ് കേരളം. പെട്രോൾ, ഡീസൽ സെസ് മാത്രമല്ല കെട്ടിട നികുതി, ഭൂമിയുടെ ന്യായവില വർധന, ഒഴിഞ്ഞ കെട്ടിടങ്ങൾക്കുള്ള അധിക നികുതി, കോടതി ഫീസ്, വാഹന നികുതി, ഫ്‌ലാറ്റ് അപ്പാർട്ട്‌മെന്റുകളുടെ മുദ്രവില വർധന, തുടങ്ങിയ എല്ലാ നികുതി നിർദ്ദേശങ്ങളും സാധരണക്കാരെയും ഇടത്തരക്കാരിൽ താഴ്ന്നവരെയും ശക്തമായി ബാധിക്കും. കേന്ദ്രം ജി.എസ്.ടി നഷ്ടപരിഹാരം നൽകുന്നില്ല എന്നതുകൊണ്ടാണ് നികുതി ഭാരം എന്നാണ് ധനമന്ത്രി പറയുന്നത്. കെ.വി തോമസിനെ കാബിനറ്റ് റാങ്ക് നൽകി കേരള അംബാസിഡറായി നിയമിച്ചത് എന്തിനാണ്. കേന്ദ്രം നഷ്ടപരിഹാരം തരുന്നില്ലെങ്കിൽ അതിന് കേരളത്തിലെ പ്രതിപക്ഷം അടക്കം എല്ലാവരെയും അണിനിരത്തി സമ്മർദ്ദങ്ങൾ നടത്തുകയാണ് വേണ്ടത്. അതിന് പകരം കേന്ദ്ര സർക്കാരുമായി ഡീൽ ഉണ്ടാക്കി കേരളത്തിലെ സാധാരണ ജനത്തിന് മേൽ നികുതി ഭാരം അടിച്ചേൽപിക്കുകയാണ് സർക്കാർ ചെയ്യുന്നത്.

മുന്നോക്ക വികസന കോർപ്പറേഷന് 38.05 കോടി അനുവദിക്കുമ്പോൾ പിന്നോക്ക വികസന കോർപ്പറേഷന് 16 കോടി രൂപ മാത്രവും ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷന് 13 കോടി മാത്രവും അനുവദിക്കുന്നത് സാമൂഹ്യ നീതിയുടെ തലത്തിൽ ഇടതു സർക്കാർ ബി.ജെ.പി തുടരുന്ന അതേ നയം പിന്തുടരുന്നു.

ദേശീയ സാഹചര്യത്തിൽ മതനിരപേക്ഷ ശക്തികൾ ഒന്നിച്ച് നിൽക്കേണ്ടുന്ന സന്ദർഭത്തിൽ ഡൽഹിയിൽ നടന്ന ഒരു ചർച്ചയുടെ പേരിൽ കേരളത്തിൽ മാത്രം വർഗീയ ധ്രൂവീകരണവും ഭിന്നതയും പരസ്പര വൈരവും വളർത്താൻ സി.പി.എം നടത്തുന്ന നീക്കം അത്യന്തം അപലപനീയമാണ്. ഏതെങ്കിലും പ്രാദേശിക നേതാക്കളല്ല കേരള മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയുമാണ് നുണപ്രചരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് എന്നത് കൂടുതൽ ഗൗരവതരമാണ്.

കേന്ദ്ര കേരള സർക്കാരുകളുടെ സാമൂഹ്യ നീതി നിഷേധത്തിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ വെൽഫെയർ പാർട്ടി ഉയർത്തും. അതേസമയം തന്നെ  ദേശീയ തലത്തിൽ സംഘ്പരിവാറിനെതിരെ വിവിധ മതേതര കക്ഷികളുടെ ഐക്യനിരക്കായും പാർട്ടി ശ്രമിക്കും.

ദേശീയതലത്തിൽ ത്രിപുരയിൽ രൂപപ്പെട്ട സി.പി.എം-കോൺഗ്രസ് ധാരണയെ സ്വാഗതം ചെയ്ത സമീപനമാണ് വെൽഫെയർ പാർട്ടിക്കുള്ളത്. രാജ്യവ്യാപകമായി ഇത്തരം ധാരണകൾ ആവശ്യമാണെന്നാണ് പാർട്ടി കരുതുന്നത്. 

സംസ്ഥാന ട്രഷറർ സജീദ് ഖാലിദ്, തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. അനിൽ കുമാർ, ജില്ലാ ട്രഷറർ എം.കെ ഷാജഹാൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 

 

Latest News