പിരിച്ചുവിടൽ തുടർക്കഥ, ഹാക്കർമാർക്കും ജോലിയില്ല 

മിക്ക രാജ്യങ്ങളും സൈബർ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയതും ഉപയോക്താക്കൾക്കിടയിലെ ബോധവൽക്കരണവും ഹാക്കർമാരെ പട്ടിണിയിലാക്കുന്നു. പല ഹാക്കർ ഗ്രൂപ്പുകളും ജീവനക്കാരെ പിരിച്ചുവിടുകയാണ്. 

ലോകത്തെമ്പാടും സാങ്കേതിക കമ്പനികളിൽ ജോലിക്കാരുടെ പിരിച്ചുവിടൽ തുടർക്കഥ ആയിരിക്കെ സൈബർ  ഹാക്കർമാർക്കിടയിലും പിരിച്ചുവിടൽ. വലിയൊരു സാമ്പത്തിക മാന്ദ്യം വരുന്നുവെന്ന സൂചന നൽകിയാണ് ഐ.ടി കമ്പനികളും സാങ്കേതിക രംഗത്തെ ഭീമന്മാരും ജീവനക്കാരെ പിരിച്ചുവിടുന്നതെങ്കിൽ വർധിച്ച സൈബർ സുരക്ഷയാണ് ഹാക്കർമാർക്ക് വിനയായത്. 
എല്ലാ രാജ്യങ്ങളിലും സൈബർ സുരക്ഷാ ഉപകരണങ്ങളിലൂടെ ഹാക്കർമാരുടെ ആക്രമണങ്ങളെ ഫലപ്രദമായി ചെറുക്കാൻ ഇപ്പോൾ കഴിയുന്നുണ്ട്. പുതിയ സാഹചര്യത്തിൽ  ഒരു ഹാക്കർ ഗ്രൂപ്പ് 45 കോൾ സെന്റർ ഓപ്പറേറ്റർമാരെ പിരിച്ചുവിട്ടതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. പണം തട്ടാൻ പലവിധ മാർഗങ്ങൾ സ്വീകരിക്കുന്ന സൈബർ ഹാക്കർമാർക്കെതിരായ നടപടികൾ വിവിധ രാജ്യങ്ങൾ ശക്തമാക്കിയതോടെ ഹാക്കർമാർ പുതിയ തൊഴിൽ മേഖലകൾ കണ്ടെത്താൻ ശ്രമിക്കുകയാണ്. 
അമേരിക്കയിൽ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റും അന്വേഷണ ഉദ്യോഗസ്ഥരും കമ്പനികളും 
ഇരകളിൽനിന്ന് മോചന ദ്രവ്യം ആവശ്യപ്പെടുന്ന സൈബർ തട്ടിപ്പുകാർക്കെതിരായ നടപടികൾ ശക്തമാക്കിയപ്പോൾ തട്ടിപ്പുകാരെ വലിയ തോതിൽ പിടിച്ചുകെട്ടാൻ സാധിച്ചതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടിൽ പറയുന്നു.  
ആക്രമണങ്ങളുടെ എണ്ണത്തിലും ഹാക്കർമാർ നേടാൻ ശ്രമിച്ച മോചനദ്രവ്യ പേയ്‌മെന്റുകളുടെ തോതിലും വലിയ കുറവാണ് ഉണ്ടായിരിക്കുന്നതെന്ന് സൈബർ സുരക്ഷാ ഗ്രൂപ്പുകൾ പറയുന്നു. 
കോൺടി എന്ന ഒരു ഹാക്കർ ഗ്രൂപ്പാണ് കഴിഞ്ഞ വർഷം 45 കോൾ സെന്റർ ഓപ്പറേറ്റർമാരെ പിരിച്ചുവിട്ടത്. ആക്രമണങ്ങൾക്ക് ഇരകളെ കണ്ടെത്തുന്നതിനുള്ള  പ്രചാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്ക്  കമ്പനിക്ക് പണം നൽകാനായില്ല. 
സ്വകാര്യ വിവരങ്ങൾ ഉപയോഗിച്ച് ബ്ലാക്ക്‌മെയിൽ ചെയ്ത് ലക്ഷങ്ങൾ കൊയ്യുന്നതിനാണ് തടസ്സങ്ങൾ നേരിട്ടിരിക്കുന്നത്. 
2021ൽ അമേരിക്കയിൽ നാഷണൽ ക്രിപ്‌റ്റോകറൻസി എൻഫോഴ്‌സ്‌മെന്റ് ടീമും റാൻസംവെയർ, ഡിജിറ്റൽ എക്‌സ്‌റ്റോർഷൻ ടാസ്‌ക് ഫോഴ്‌സും ഉൾപ്പെടെയുള്ള പുതിയ സുരക്ഷാ ഗ്രൂപ്പുകൾ സൃഷ്ടിച്ചിരുന്നു. വിവിധ രാജ്യങ്ങളിൽനിന്ന് കുറ്റവാളികളെ അമേരിക്കയിൽ എത്തിക്കുന്നതിൽ കൈവരിച്ച പുരോഗതിയും ഹാക്കർമാർക്ക് വിനയായിട്ടുണ്ട്. 
പോളണ്ടിൽ തടവിലാക്കപ്പെട്ട ഒരാളെ ഫെഡറൽ കോടതിയിൽ ഹാജരാക്കാൻ രാജ്യത്ത് എത്തിച്ചതായി  ഫെഡറൽ പ്രോസിക്യൂട്ടർമാർ കഴിഞ്ഞ വർഷം വെളിപ്പെടുത്തിയിരുന്നു.   സോഫ്റ്റ്‌വെയർ സ്ഥാപനമായ കസേയ ഉൾപ്പെടെയുള്ള കമ്പനികൾക്കെതിരെ ഇയാൾ  റാൻസംവെയർ പ്രയോഗിച്ചിരുന്നു. 2021 ലും 2022 ലും പ്രതീക്ഷിച്ച തോതിലുള്ള സൈബർ ആക്രമണങ്ങൾ ഉണ്ടായിട്ടില്ല. മിക്ക രാജ്യങ്ങളും  പൊതുവെ സൈബർ ആക്രമണങ്ങളുടെ നിരീക്ഷണം വർധിപ്പിച്ചിട്ടുണ്ട്. സ്വകാര്യവിവരങ്ങൾ ചോർത്തുന്നത് തടയാനുള്ള സംവിധാനങ്ങൾ ശക്തമാക്കിയതോടൊപ്പം ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്നതിൽനിന്ന് ഉപയോക്താക്കൾ ജാഗ്രത പുലർത്തുന്നുമുണ്ട്. 

Latest News