ജനപ്രിയ മെസേജിംഗ് സംവിധാനമായ വാടസ്ആപ്പിൽ പുതിയൊരു ഫീച്ചർ കൂടി ഉൾപ്പെടുത്തി. വീഡിയോ കോൾ ചെയ്യുമ്പോൾ തന്നെ ഒന്നിലധികം കാര്യങ്ങൾ ചെയ്യാൻ സഹായിക്കുന്ന പിക്ചർ ഇൻ പിക്ചർ മോഡ് ഫീച്ചറാണ് വാട്‌സ്ആപ്പ് ഉൾപ്പെടുത്തിയിരിക്കുന്നത്. സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും നേരിട്ട് കണ്ട് സംസാരിക്കുന്നതിന് വാട്‌സ്ആപ്പ് വീഡിയോ കോൾ ഫീച്ചർ ഉപയോഗിക്കുന്നവർ നിരവധിയാണ്.
എളുപ്പം കണക്ട് ചെയ്യാം എന്നതാണ് വാട്‌സ്ആപ്പ് വീഡിയോ കോൾ കൂടുതൽ ജനപ്രിയമാക്കിയത്. വീഡിയോ കോൾ ചെയ്യുമ്പോൾ മറ്റു സൗകര്യങ്ങൾ ഉപയോഗിക്കുന്നതിന് പരിമിതികളുണ്ടായിരുന്നു. ഇതിനാണ് കമ്പനി പരിഹാരം കണ്ടിരിക്കുന്നത്.
വീഡിയോ കോൾ ചെയ്യുന്നതിനിടെ തന്നെ മറ്റു ആപ്പുകൾ ഉപയോഗിക്കാൻ കഴിയുംവിധമാണ് പുതിയ ഫീച്ചർ. നിലവിൽ വീഡിയോ കോൾ ചെയ്യുന്നതിനിടെ മറ്റു ആപ്പുകൾ ഉപയോഗിച്ചാൽ വീഡിയോ കോൾ ബാക്ക്ഗ്രൗണ്ടിൽ താൽക്കാലികമായി തടസ്സപ്പെടുമായിരുന്നു. ഈ തടസ്സമാണ് ഒഴിവായത്.
നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ച ഫീച്ചർ ഇപ്പോൾ മുഴുവൻ ഐഫോൺ ഉപഭോക്താക്കൾക്കും ലഭ്യമാക്കിയിട്ടുണ്ട്. പിന്നാലെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ലഭിക്കും. ആപ്പ് സ്‌റ്റോറിൽ വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യുന്നവർക്ക് പുതിയ ഫീച്ചർ ഉപയോഗിക്കാം.