അഴിഞ്ഞത് സ്വർണ വിലങ്ങുകളെന്ന് ഗൂഗിൾ മുൻ പ്രോഗ്രാം മാനേജർ

ഗൂഗിൾ ജോലിയിൽനിന്ന് പിരിച്ചുവിട്ടതിനെ കുറിച്ചും പുതിയ അവസരങ്ങളെ കുറിച്ചും മുൻ പ്രോഗ്രാം മാനേജർ ജെന്നിഫർ വാഡൻ 

ആകർഷകമായ സൗകര്യങ്ങൾ നൽകി സ്വർണ കൈവിലങ്ങണിയിച്ചാണ് ഗൂഗിൾ കമ്പനിയിൽ ഇതുവരെ തന്നെ പിടിച്ചുനിർത്തിയിരുന്നതെന്ന് 15 വർഷത്തെ സേവനത്തിനുശേഷം ജോലിയിൽനിന്ന് പിരിച്ചുവിട്ട വനിതാ പ്രോഗ്രാം മാനേജർ. കമ്പനിയുടെ ശമ്പളവും ആനുകൂല്യങ്ങളുമാണ് ഇതുവരെ മറ്റ് അവസരങ്ങൾ തേടിപ്പോകാനോ കമ്പനി വിടാനോ തയാറാകാതിരിക്കാൻ കാരണമെന്ന് 54 കാരി ജെന്നിഫർ വാഡൻ ബാർത്ത് പറയുന്നു. 
കമ്പനിയിൽ എല്ലാവരും അങ്ങേയറ്റം സുരക്ഷിതമായിരുന്നുവെന്നും ആനുകൂല്യങ്ങളും മറ്റുമായി അവർ അണിയിക്കുന്ന സ്വർണ കൈവിലങ്ങുകൾ അഴിക്കാൻ ബുദ്ധിമുട്ടായിരുന്നുവെന്നും  അവർ  വിശദീകരിക്കുന്നു. ഇനിയിപ്പോൾ ഗൂഗിൾ തന്നെ മുൻകൈയെടുത്ത് പുറത്താക്കിയതിനാൽ ബുദ്ധിമുട്ടുകളില്ല. ഇതൊരു അവസരമായി കാണുകയാണ്-അവർ പറഞ്ഞു. 
2008ൽ ഗൂഗിളിൽ ചേരുകയും കമ്പനിയിൽ നിരവധി റോളുകളിൽ ജോലി ചെയ്യുകയും ചെയ്ത പ്രോഗ്രാം മാനേജരായിരുന്നു ജെന്നിഫർ വാഡൻ ബാർത്ത്. കഴിഞ്ഞ മാസം ഗൂഗിൾ കൂട്ടത്തോടെ പിരിച്ചുവിട്ട 12,000 ആളുകളിൽ ഒരാൾ. 
തനിക്ക് പുതിയ അവസരം തുറന്നുവെങ്കിലും ഗൂഗിൾ ചെയ്ത കടുംകൈ ധാരാളം സ്ത്രീകൾക്ക് പ്രയാസം സൃഷ്ടിക്കുന്നതാണെന്ന്  അവർ പറഞ്ഞു. തന്നെ പോലെ 40 വയസ്സിന് മുകളിലുള്ളവർക്ക് പുതിയ തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിലുള്ള ബുദ്ധിമുട്ടുകളെ കുറിച്ചും ജെന്നിഫർ കൂട്ടിച്ചേർത്തു. കോർപ്പറേറ്റുകളുടെ ഇങ്ങനെയുള്ള ക്രൂരത എല്ലാവരേയും ബാധിക്കുമെങ്കിലും തന്റെ പ്രായത്തിലുള്ള സ്ത്രീകളെ സംബന്ധിച്ചിടത്തോളം വലിയ പോരാട്ടമാണ് മുന്നിലുള്ളത്. 
പിരിച്ചുവിട്ടതിന് ശേഷം വിലാപത്തിന്റെയും സങ്കടത്തിന്റെയും  പരമ്പരയാണ് തന്നെ തേടിയെത്തിയത്. എല്ലാ മേഖലയിലും പ്രത്യേകിച്ച് നേതൃനിരയിൽ, തൊഴിൽ ശക്തിയിൽ നിപുണരായ സ്ത്രീകളെ ഇല്ലാതാക്കുന്നത് വലിയ തെറ്റാണ്.
ഇത്രയും കാലം കമ്പനിയിൽ തുടർന്നതിന് ഞാൻ എന്നെ തന്നെ  ഭാഗികമായി കുറ്റപ്പെടുത്തുകയാണ്. ഒരർഥത്തിൽ ഗൂഗിൾ എന്നെ പിടിച്ചുനിർത്തുകയാണെന്ന കാര്യം നേരത്തെ മനസ്സിലാക്കേണ്ടിയിരുന്നു. നമ്മൾ ഒരു ട്രാക്കിലെത്തിയാൽ അതിൽ ഒരുതരം സുഖമുണ്ട്. പുതിയ കാര്യങ്ങൾ പരീക്ഷിക്കാൻ തയ്യാറാകുന്നതിനുപകരം നമ്മൾ ആ പാതയിൽ വേഗത കൂട്ടാനാണ് ശ്രമിക്കുക. കുടുംബവുമായും കുട്ടികളുമായുമുള്ള ഉത്തരവാദിത്തങ്ങൾ പുതിയ പരീക്ഷണത്തിൽ ഏർപ്പെടുന്നതിൽനിന്ന് നമ്മെ തടയുന്നുമുണ്ട്. അവർ അണിയിച്ചിരുന്നത് ശരിക്കും സ്വർണ കൈവിലങ്ങുകൾ തന്നെ ആയിരുന്നു-സാമ്പത്തിക ആനുകൂല്യങ്ങളെ പരാമർശിച്ച് വാഡൻ ബാർട്ട് പറഞ്ഞു.
അമേരിക്കയിലെ ആരോഗ്യപരിപാലനവും അതിനായുള്ള ചെലവുകളുമാണ് സുരക്ഷിത ജോലിയെന്ന ചിന്താഗതിയിലെത്തിച്ചത്. മകന്റെ വിദ്യാഭ്യാസം ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു. 
ജോലിയിൽനിന്ന് പിരിച്ചുവിട്ടതിന് ശേഷം പല കമ്പനികളും ജെന്നിഫർ വാഡന്റെ  ബയോഡാറ്റ ആവശ്യപ്പെടുന്നുണ്ട്. സാങ്കേതിക വ്യവസായത്തിൽ ജോലി തേടുന്നതിന്റെ രീതികൾ തന്നെ ആകെ മാറിയിട്ടുണ്ട്. ബയോഡാറ്റ കടലാസിൽ നോക്കുന്നത് പാടേ ഇല്ലാതായിരിക്കുന്നു. റെസ്യൂമെകൾ പ്രോസസ്സ് ചെയ്യുന്ന പ്രക്രിയയിൽ അപേക്ഷകരുടെ ട്രാക്കിംഗ് സിസ്റ്റം തുടരുന്നതിനെ കുറിച്ച്  അവർ പറഞ്ഞു.
പിരിച്ചുവിടാൻ ഗൂഗിൾ സ്വീകരിച്ച രീതിയെ അഭിനന്ദിക്കുന്നില്ലെങ്കിലും സ്വന്തം താൽപര്യങ്ങൾക്കനുസൃതമായുള്ള പുതിയ ജോലി കണ്ടെത്താനുള്ള അവസരമായി കാണുന്നതിനാൽ രണ്ടു കൈയും നീട്ടി സ്വീകരിക്കുകയാണെന്നാണ് ജെന്നിഫർ വാഡൻ പറയുന്നത്. 
എല്ലാ കഴിവുകളും ശരിക്കും ഉപയോഗപ്പെടുത്താനുള്ള വഴികൾ കണ്ടെത്തും. അതിനായുള്ള പരിവർത്തനത്തിന് തയ്യാറായിരിക്കയാണെന്നും നിരാശയില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Latest News