ബൈഡൻ്റെ ഉക്രൈൻ സന്ദർശനത്തിന്റെ സന്ദേശം

അമേരിക്കൻ പ്രസിഡന്റിന് കാര്യപ്രാപ്തിയില്ലെന്ന് സദാ പറഞ്ഞുകൊണ്ടിരുന്ന വിമർശകരെ നിശ്ശബ്ദരാക്കിയാണ് ബൈഡന്റെ കീവ് യാത്ര. റഷ്യ തുടങ്ങിവെച്ച ഉക്രൈൻ അധിനിവേശത്തിന് ഒരു വയസ്സാവുമ്പോഴും  അവസാനിപ്പിക്കാനുള്ള നീക്കം ഒരിടത്തും കാണുന്നില്ല.

 

യു.എസ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം ഉക്രൈൻ സന്ദർശിച്ചു. കീവിൽ നിന്ന് യാത്ര തിരിച്ച അദ്ദേഹം വാഴ്‌സയും ബ്രസ്സൽസുമൊക്കെ സന്ദർശിച്ച് യുദ്ധ വാർഷിക വേളയിൽ യൂറോപ്പിൽ തന്നെ കാണും. പ്രായത്തിനൊത്ത പക്വത കാണിക്കുന്ന ജോ ബൈഡൻ ഭരണത്തിലേറിയ ശേഷം അമേരിക്ക ഒരിടത്തും യുദ്ധമുണ്ടാക്കിയിട്ടില്ല. പ്രസിഡന്റിന് കാര്യപ്രാപ്തിയില്ലെന്ന് സദാ പറഞ്ഞു കൊണ്ടിരുന്ന വിമർശകരെ നിശ്ശബ്ദരാക്കിയാണ് ബൈഡന്റെ കീവ് യാത്ര. അധിനിവേശത്തിന് ഉത്തരവ് പുറപ്പെടുവിച്ച റഷ്യൻ പ്രസിഡന്റ് പുട്ടിന് ശക്തമായ താക്കീതാണ് ബൈഡൻ നൽകിയിരിക്കുന്നത്. ഉക്രൈൻ തനിച്ചല്ല, ലോകത്തെ ജനാധിപത്യ രാജ്യങ്ങളെല്ലാം സെലൻസ്‌കിക്ക് പിന്നിലുണ്ട്. പടിഞ്ഞാറൻ ചേരിയിൽ ഇക്കാര്യത്തിൽ ഒരു ഭിന്നിപ്പുമില്ലെന്നും പറയാതെ പറഞ്ഞിരിക്കുകയാണ് യു.എസ്. 
ഉക്രൈൻ തലസ്ഥാനമായ കീവിൽ കഴിഞ്ഞ ദിവസം  അപ്രതീക്ഷിതമായി വന്നിറങ്ങിയ ജോ ബൈഡൻ ഉക്രൈൻ പ്രസിഡന്റ് സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി. 2008 ന് ശേഷം ഒരു യു.എസ് പ്രസിഡന്റ് ഉക്രൈൻ സന്ദർശിക്കുന്നത് ഇപ്പോഴാണ്. യുദ്ധത്തിൽ ജീവത്യാഗം ചെയ്തവരുടെ സ്മാരകത്തിൽ സെലൻസ്‌കിയും ബൈഡനും പുഷ്ചക്രം അർപ്പിച്ചു. റഷ്യ-ഉക്രൈൻ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് അമേരിക്കൻ പ്രസിഡന്റ് സന്ദർശനം നടത്തിയത്. സുരക്ഷ കാരണങ്ങളാൽ കീവിലെത്തും വരെ ബൈഡന്റെ സന്ദർശന വിവരം പുറത്തു വിട്ടിരുന്നില്ല.  സന്ദർശനത്തിലൂടെ അമേരിക്കയിലെ ആഭ്യന്തര രാഷ്ട്രീയത്തിലും ബൈഡൻ നേട്ടമുണ്ടാക്കി. പ്രസിഡന്റിന്റെ കർത്തവ്യങ്ങൾ നിർവഹിക്കാൻ ബൈഡൻ ശാരീരികമായും മാനസികമായും സജ്ജമല്ലെന്ന്  ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ തന്നെ സംസാരമുണ്ട്.
രാഷ്ട്രീയ എതിരാളികൾക്കെതിരെ വലിയ വിജയം നേടാൻ ഈ സന്ദർശനത്തിലൂടെ അദ്ദേഹത്തിന് കഴിഞ്ഞു. വളരെ രഹസ്യമായാണ് ബൈഡൻ കീവിൽ എത്തിയത്. അമേരിക്കൻ പ്രസിഡന്റുമാർ സാധാരണയായി അന്താരാഷ്ട്ര യാത്രകളിൽ ഉപയോഗിക്കുന്ന വിമാനത്തിന്റെ ചെറിയ പതിപ്പായ വിമാനം ഉപയോഗിച്ചാണ് ബൈഡൻ കീവിലേക്ക് പറന്നത്. യാത്ര ആസൂത്രണം ചെയ്ത് 15 മിനിറ്റുകൾക്ക് ശേഷമാണ് മാധ്യമ പ്രവർത്തകർ പോലും ഇക്കാര്യം അറിയുന്നത്. ഏതാനും സുരക്ഷ ഉദ്യോഗസ്ഥർ, ഒരു ചെറിയ മെഡിക്കൽ ടീം, അടുത്ത ഉപദേശകർ, രണ്ട് പത്രപ്രവർത്തകർ എന്നിവർ ഉൾപ്പെടെയാണ് ബൈഡനും സംഘവും ഉക്രൈനിൽ 
എത്തിയത്. ഉക്രൈൻ ജനതയോടുള്ള  അചഞ്ചലമായ പ്രതിബദ്ധത തുടരുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി. ബൈഡന്റെ സന്ദർശനം പിന്തുണയുടെ വ്യാപ്തി  അടയാളപ്പെടുത്തുന്നതായി സെലെൻസ്‌കിയും  പറഞ്ഞു. ഉക്രൈന്  എയർ സർവൈലൻസ് റഡാറുകളടക്കം 50 കോടി ഡോളറിന്റെ അധിക സൈനിക സഹായം ബൈഡൻ പ്രഖ്യാപിച്ചു. വരുംദിവസങ്ങളിൽ റഷ്യക്ക് മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം ഉറപ്പ് നൽകി. അഞ്ച് മണിക്കൂറിലേറെ നീണ്ട സന്ദർശനത്തിനൊടുവിലാണ് പോളണ്ടിലേക്ക് മടങ്ങിയത്.  ഇരുവരും കീവിലെ തെരുവുകളിലൂടെ നടക്കവേ വ്യോമാക്രമണ അപായ സൈറണുകൾ മുഴങ്ങിയെങ്കിലും അക്രമ സംഭവങ്ങളൊന്നുമുണ്ടായില്ല.
2022 ഫെബ്രുവരി 24 നാണ് ഉക്രൈനെ ആക്രമിക്കാൻ റഷ്യൻ പ്രസിഡന്റ് വഌദ്മിർ പുട്ടിൻ ഉത്തരവിട്ടത്. ഏതാനും മണിക്കൂറുകളുടെ സൈനികാഭ്യാസത്തിലൂടെ കൊച്ചു രാജ്യത്തെ കീഴപ്പെടുത്താമെന്നായിരുന്നു പുട്ടിന്റെ കണക്കുകൂട്ടൽ.  ഒരു വർഷം പിന്നിടുമ്പോൾ എന്തിനായിരുന്നു യുദ്ധമെന്ന ചോദ്യത്തിന് പുട്ടിന് പോലും ഉത്തരമില്ല. 
അമേരിക്കൻ ഏജൻസികൾ കണക്കാക്കുന്നത് രണ്ടു ലക്ഷം റഷ്യൻ സൈനികർ യുദ്ധഭൂമിയിൽ മരിച്ചു വീണെന്നാണ്. ഉക്രൈൻ പക്ഷത്തും പട്ടാളക്കാർ മരിച്ചു. ഇത് ഒരു ലക്ഷത്തിനടുത്ത് വരുമെന്നാണ് കണക്ക്. 
എൺപതു ലക്ഷം പേർ പലായനം ചെയ്യേണ്ടി വന്നുവെന്നതാണ് യൂറോപ്പിന്റെ സമാധാനം തകർത്ത യുദ്ധത്തിന്റെ ആദ്യ ഫലം. ഏഴായിരം സാധാരണ പൗരന്മാരും മരിച്ചു വീണു. ലോകമെങ്ങും മുമ്പെങ്ങുമില്ലാത്ത വിധം ഭക്ഷ്യ വിഭവങ്ങളുടെ വിലക്കയറ്റത്തിനും യുദ്ധം കാരണമായി. ആഗോള തലത്തിൽ തൊഴിലില്ലായ്മ വർധിക്കാനും യുദ്ധം കാരണമായി. ഉക്രൈന്റെ നാറ്റോ അംഗത്വത്തിലൂടെ അമേരിക്ക യൂറോപ്പിൽ താവളമുണ്ടാക്കുന്നത് തടയുമെന്നായിരുന്നു പുട്ടിന്റെ അവകാശവാദം.  
 റഷ്യയും ഉക്രൈനും  തമ്മിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധമാണുള്ളത്. ഒൻപതാം നൂറ്റാണ്ട് മുതൽ കീവ് റഷ്യയുടെ തലസ്ഥാനമായപ്പോൾ മുതൽ ഈ ബന്ധം നിലവിലുണ്ട്.  1654 മുതൽ റഷ്യൻ സാറിന്റെ ഭരണത്തിൻ കീഴിലുള്ള ഉടമ്പടിയിലൂടെ റഷ്യയും ഉക്രൈനും ഒന്നിച്ചു. ലെനിന്റെ വിപ്ലവത്തെ തുടർന്ന് സാറിന്റെ സാമ്രാജ്യം തകർന്നപ്പോൾ ഉക്രൈൻകാർ സ്വന്തമായി ഒരു രാജ്യം സൃഷ്ടിച്ചു. 1918 ജനുവരിയിൽ ഇവർ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. 1920 ൽ ബോൾഷെവിക്കുകൾ ഉക്രൈന്റെ ഭൂരിഭാഗവും നിയന്ത്രണത്തിലാക്കി. എന്നാൽ രണ്ടു വർഷത്തെ സ്വാതന്ത്ര്യം ഉക്രൈൻ ജനത അനുഭവിച്ചതിലൂടെ അവരുടെ മനസ്സിൽ സ്വാതന്ത്ര്യ ബോധം ഉടലെടുത്തു. തുടർന്ന് ഉക്രൈനെ ഒരു പ്രത്യേക രാഷ്ട്രമായി അംഗീകരിക്കാനും ഉക്രൈൻ പശ്ചിമ റിപ്പബ്ലിക്കിന് അനുകൂലമായ സ്വാതന്ത്ര്യം നൽകാനും ബോൾഷെവിക്കുകൾ നിർബന്ധിതരായി. സോവിയറ്റ് യൂനിയന്റെ ആരംഭത്തിൽ മാത്രമല്ല അവസാനത്തിലും ഉക്രൈൻ  പ്രധാന പങ്ക് വഹിച്ചു. 1991 ഡിസംബർ ഒന്നിലെ ഹിതപരിശോധനയിലൂടെ സോവിയറ്റ് യൂനിയനിൽ നിന്ന് പുറത്തു പോകാനും ഉക്രൈന്  സാധിച്ചു. അതായത് ഉക്രൈനെ വിഴുങ്ങുകയെന്ന റഷ്യൻ വ്യാമോഹം പെട്ടെന്ന് പൊട്ടിമുളച്ചതൊന്നുമല്ല. 
ഒരു വർഷം മുമ്പ് യുദ്ധം തുടങ്ങുമ്പോൾ  സെലൻസ്‌കി ഭരണത്തെ അട്ടമിറിച്ച് പാവ സർക്കാരിനെ പ്രതിഷ്ഠിക്കാമെന്നായിരുന്നു പുട്ടിന്റെ പദ്ധതി. ഇതുസംബന്ധിച്ച് സൈനികർക്ക് നിർദേശം നൽകുകയും ചെയ്തു. അതെല്ലാം ചീറ്റിയെന്ന് മാത്രമല്ല, ഉക്രൈന് ആഗോള തലത്തിൽ പിന്തുണ വർധിക്കുകയും ചെയ്യുന്നതാണ് തുടർന്ന് കണ്ടത്. 
ആയിരങ്ങൾ മരിക്കുകയും എല്ലാം തച്ചുതകർക്കുകയും ചെയ്തിട്ടും റഷ്യയെ പിന്തിരിപ്പിക്കാൻ കാര്യമായ ഒരു ഇടപെടലും നടക്കുന്നില്ല എന്നതാണ് സത്യം. 
ഒന്നാം ലോക മഹായുദ്ധ ശേഷം ഇനിയൊരു യുദ്ധം വേണ്ടെന്ന ധാരണയിലാണ് ലോക രാജ്യങ്ങൾ ലീഗ് ഓഫ് നാഷൻസിന് 1920 ജനുവരി 10 ന് ജനീവയിൽ രൂപം നൽകിയത്. എന്നിട്ടും ഏതാനും ദശകങ്ങൾക്കിപ്പുറം രണ്ടാം ലോക മഹായുദ്ധമുണ്ടായി. അതു കഴിഞ്ഞ് ലോകജനത  ഇനിയൊരിക്കലും യുദ്ധക്കെടുതി അനുഭവിക്കാനിട വരരരുതെന്ന് കരുതിയാണ് 1945  ഒക്ടോബർ 24 ന് സാൻഫ്രാൻസിസ്‌കോയിൽ യോഗം ചേർന്ന് ഐക്യരാഷ്ട്ര സഭയുണ്ടാക്കിയത്. ഇതിന്റെ ഏറ്റവും പ്രധാന ന്യൂനത വൻശക്തികളുടെ വീറ്റോ പവറാണ്. യു.എൻ രക്ഷാസമിതി അടിയന്തര യോഗം ചേർന്ന് പ്രമേയം പാസാക്കിയാൽ ഉക്രൈന് മേൽ അടിച്ചേൽപിച്ച യുദ്ധം അവസാനിക്കേണ്ടതായിരുന്നു.  
റഷ്യ തുടങ്ങിവെച്ച ഉക്രൈൻ അധിനിവേശത്തിന് ഒരു വയസ്സാവുമ്പോഴും ഇത് അവസാനിപ്പിക്കാനുള്ള നീക്കം ഒരിടത്തും കാണുന്നില്ല. അനുരഞ്ജനത്തിനുള്ള സാധ്യത വിദൂരമാണ്. റഷ്യയോ ഉക്രൈനോ ഈ യുദ്ധത്തിൽ വിജയിച്ചുവെന്ന് പറയാവുന്ന സാഹചര്യവുമല്ല ഇപ്പോൾ. 

Latest News