Sorry, you need to enable JavaScript to visit this website.

സ്‌കൂളിലേക്ക് പോയ നാല് എട്ടാം ക്ലാസ് വിദ്യാര്‍ഥികളെ കാണാതായി

പാലക്കാട്- സ്‌കൂളിലേക്ക് പോകാന്‍ വീട്ടില്‍നിന്ന് ഇറങ്ങിയ നാല് ആണ്‍കുട്ടികളെ കാണാതായതായി പരാതി. എട്ടാം ക്ലാസില്‍ പഠിക്കുന്ന നാലുപേരെയാണ് ഒറ്റപ്പാലത്തുനിന്ന് കാണാതായത്. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കുട്ടികളെ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍നിന്ന് നാലുകുട്ടികള്‍ ട്രെയിന്‍ കയറുന്നത് കണ്ടതായി ദൃക്‌സാക്ഷി പോലീസിന് മൊഴി നല്‍കി. വിശദമായ അന്വേഷണത്തില്‍ നാലു ആണ്‍കുട്ടികള്‍ വാളയാറിലേക്ക് ടിക്കറ്റെടുത്തതായി വിവരം ലഭിച്ചു.
ഒരേ ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തിയിട്ടില്ലെന്ന് വ്യക്തമായതോടെയാണ് ഇവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. അതിനിടെയാണ് കുട്ടികള്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നത് കണ്ടു എന്ന വിവരം പോലീസിന് ലഭിച്ചത്. ഇതോടെ റെയില്‍വേ സ്റ്റേഷനില്‍ അന്വേഷിച്ചു. സിസിടിവി പരിശോധിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. അതിനിടെയാണ് നാലു കുട്ടികള്‍ ഒരുമിച്ച് ട്രെയിനില്‍ കയറുന്നത് കണ്ടെന്ന മൊഴി ലഭിച്ചത്.
പരിശോധനയില്‍ നാലുപേര്‍ക്കുള്ള വാളയാര്‍ ടിക്കറ്റ് ഒറ്റപ്പാലം സ്റ്റേഷനില്‍നിന്ന് ഒരാള്‍ എടുത്തതായി കണ്ടെത്തി. തുടര്‍ന്ന് വാളയാര്‍ റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിച്ചെങ്കിലും കുട്ടികളെ കണ്ടെത്താന്‍ സാധിച്ചില്ല. അന്വേഷിക്കുന്നവരെ കബളിപ്പിക്കാന്‍വേണ്ടി ടിക്കറ്റെടുത്തശേഷം മറ്റെവിടേക്കെങ്കിലും കുട്ടികള്‍ പോയതാണോയെന്നും പരിശോധിക്കുന്നുണ്ട്.

 

Latest News