Sorry, you need to enable JavaScript to visit this website.

VIDEO: അസാധാരണം, അപ്രതീക്ഷിതം; ഖേരയുടെ അറസ്റ്റില്‍ പകച്ച് കോണ്‍ഗ്രസ്

ന്യൂദല്‍ഹി- തികച്ചും അപ്രതീക്ഷിതവും അസാധാരണവുമായ നടപടിയായിരുന്നു കോണ്‍ഗ്രസ് വക്താവ് പവന്‍ഖേരയെ വിമാനത്തില്‍നിന്ന് ഇറക്കി അറസ്റ്റ് ചചെയ്ത സംഭവം. റായ്പൂരില്‍ നടക്കാനിരിക്കുന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് തൊട്ടുമുമ്പായി കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയ നീക്കമായി അത്. നേതാക്കള്‍ കയറിയ ഇന്‍ഡിഗോ വിമാനത്തിലും പുറത്ത് ടാര്‍മാക്കിലും കോണ്‍ഗ്രസ് നേതാക്കളും പോലീസും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദമാണ് ഉണ്ടായത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വിമാനക്കമ്പനി അധികൃതരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. നേതാക്കള്‍ വിമാനത്തിനുളളില്‍ വച്ച്  ജീവനക്കാരുമായി തര്‍ക്കിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ബോര്‍ഡിംഗ് പാസ് നല്‍കിയിട്ടും എന്തുകൊണ്ടാണെന്ന് പവന്‍ ഖേരയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടതെന്ന് ചോദിച്ചായിരുന്നു തര്‍ക്കം.

''എന്താണ് കാരണം?'' എന്ന് കെ.സി.വേണുഗോപാല്‍ ചോദിക്കുന്നത് കേള്‍ക്കാം. ''സാധുവായ കാരണമുണ്ടെങ്കില്‍ ഒരു പ്രശ്‌നവുമില്ല'' എന്നും വേണുഗോപാല്‍ പറയുന്നുണ്ട്. ''അദ്ദേഹം ഞങ്ങളുടെ നേതാവാണ്. അദ്ദേഹത്തിന് ബോര്‍ഡിംഗ് പാസ് നല്‍കിയ ശേഷം നിങ്ങള്‍ക്ക് ഇത് എങ്ങനെ ചെയ്യാന്‍ കഴിയും?. അദ്ദേഹം കോണ്‍ഗ്രസിന്റെ ദേശീയ വക്താവാണ്'' മറ്റൊരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. തൊട്ടുപിന്നാലെ, വേണുഗോപാലും മറ്റു കോണ്‍ഗ്രസ് നേതാക്കളും വിമാനത്തില്‍നിന്നിറങ്ങി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. വിമാനം പുറപ്പെടാന്‍ അനുവദിച്ചില്ല.

അദാനി-ഹിന്‍ഡന്‍ബര്‍ഗ് വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി അന്വേഷണം ആവശ്യപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രിയുടെ പേര് 'നരേന്ദ്ര ദാമോദര്‍ദാസ് മോദി' എന്നതിനു പകരം 'നരേന്ദ്ര ഗൗതംദാസ്' എന്നു ഖേര പറഞ്ഞതാണ് വിവാദമായത്.

കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാനായി ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പുരിലേക്കു പോകാന്‍ ദല്‍ഹി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണു ഖേരയെ വിമാനത്തില്‍നിന്നു പുറത്താക്കിയത്. ലഗേജ് പരിശോധിക്കണം എന്നായിരുന്നു ആവശ്യം. പിന്നാലെ അസം പൊലീസ് ഖേരയെ അറസ്റ്റ് ചെയ്തു.

 

Latest News