Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദുരിതാശ്വാസ നിധിയിലെ തട്ടിപ്പ് : രണ്ടു വര്‍ഷത്തെ മുഴുവന്‍ അപേക്ഷകളും പരിശോധിക്കും

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ക്രമക്കേട് സംബന്ധിച്ച് സംസ്ഥാന വ്യാപകമായി പരിശോധന നടത്താന്‍ വിജിലന്‍സിന്റെ തീരുമാനം. ഇത് സംബന്ധിച്ച് വിജിലന്‍സ് ഡയറകടര്‍ നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ദുരിതാശ്വാസവുമായി ബന്ധപ്പെട്ടുള്ള എല്ലാ അപേക്ഷകളും വിശദമായി പരിശോധിക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഓരോ ജില്ലയിലും എസ് .പിമാരുടെ നേതൃത്വത്തില്‍ ഇന്ന് മുതല്‍ പരിശോധന ആരംഭിക്കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചികിത്സാ സഹായം അനുവദിക്കുന്നതില്‍ ഗുരുതര ക്രമക്കേടുണ്ടെന്ന് കഴിഞ്ഞ ദിവസം വിജിലന്‍സിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അപേക്ഷിക്കാത്തവരുടെ പേരിലും ഫണ്ട് നല്‍കി. തട്ടിപ്പ് നടത്തുന്നത് ഏജന്റുമാരും ഡോക്ടര്‍മാരും ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള സംഘമാമെന്നും കണ്ടെത്തി. സമ്പന്നരായ വിദേശ മലയാളികള്‍ക്കും ചികിത്സാ സഹായം നല്‍കി. ഒരു ഡോക്ടര്‍ മാത്രം നല്‍കിയത് 1500 ല്‍ അധികം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളാണ്. ഇത്തരത്തില്‍ ഗുരുതര ക്രമക്കേടുകളാണ് കലക്ടറേറ്റുകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.
ഏജന്റുമാര്‍ ദുരിതാശ്വാസ നിധി തട്ടിയെടുക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ രാവിലെ മുതല്‍ 14 കലക്ടറേറ്റുകളിലും വിജിലന്‍സ് സംഘം പരിശോധന നടത്തിയത്. തിരുവനന്തപുരം അഞ്ചുതെങ്ങ് പഞ്ചായത്തില്‍ ഒരു ഏജന്റിന്റെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് അപേക്ഷിച്ച 16 അപേക്ഷകളില്‍ തുക അനുവദിച്ചതായി കണ്ടെത്തി. കരള്‍ രോഗിയുടെ അപേക്ഷയില്‍ ഹൃദയസംബന്ധമായ രോഗമാണെന്ന സര്‍ട്ടിഫിക്കറ്റിലാണ് പണം അനുവദിച്ചത്. കൊല്ലത്ത് 20 അപേക്ഷകളിലെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ 13 എണ്ണം എല്ലുരോഗ വിദഗ്ധനായ ഒരു ഡോക്ടര്‍തന്നെ നല്‍കിയതാണ്. പുനലൂര്‍ താലൂക്കില്‍ ഒരു ഡോക്ടര്‍ ഏകദേശം 1500 സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. കരുനാഗപ്പള്ളിയില്‍ 14 അപേക്ഷകളിലെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളില്‍ 11 എണ്ണവും ഒരു ഡോക്ടറുടേതാണ്. മാത്രമല്ല ഒരുവീട്ടിലെ എല്ലാവര്‍ക്കും രണ്ട് ഘട്ടങ്ങളിലായി നാല് സര്‍ട്ടിഫിക്കറ്റുകള്‍ ഒരു ഡോക്ടര്‍ രണ്ടു ദിവസങ്ങളിലായി നല്‍കി. ആധാര്‍കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സമര്‍പ്പിക്കാത്തവര്‍ക്കും അപേക്ഷയില്‍ ഒപ്പ് രേഖപ്പെടുത്താത്തവര്‍ക്കും വരെ തുക അനുവദിച്ചു.
കോട്ടയം മുണ്ടക്കയത്ത് ഒരാള്‍ക്ക് 2017 ല്‍ ഹൃദയസംബന്ധമായ അസുഖത്തിന് കോട്ടയം കലക്ടറേറ്റില്‍ നിന്നും 5000 രൂപയും 2019 ല്‍ ഇതേ അസുഖത്തിന് ഇടുക്കിയില്‍ നിന്നും 10,000 രൂപയും അനുവദിച്ചു. ഇതേ ആള്‍ക്ക് തന്നെ 2020 ല്‍ കോട്ടയത്ത് ക്യാന്‍സറിന് 10,000 രൂപയും നല്‍കി. ഇതിലേയ്ക്കെല്ലാം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ളത് കാഞ്ഞിരപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയിലെ എല്ലുരോഗ വിദഗ്ധനാണ്. ജോര്‍ജ്ജ് എന്നയാളുടെ പേരിലുള്ള അപേക്ഷയിലെ ഫോണ്‍ നമ്പറില്‍ വിളിച്ചപ്പോള്‍ അയാളല്ല അപേക്ഷ സമര്‍പ്പിച്ചതെന്നും വിജിലന്‍സ് കണ്ടെത്തി.

ഇടുക്കിയില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ പേരും രോഗവിവരങ്ങളും വെട്ടിത്തിരുത്തിയത് നിരവധി തവണയാണ്. മറ്റൊരപേക്ഷയോടൊപ്പമുള്ളത് ഏജന്റിന്റെ ഫോണ്‍ നമ്പറാണെന്നും വിജിലന്‍സ് കണ്ടെത്തി. എറണാകുളത്ത് സമ്പന്നനായ വിദേശ മലയാളിക്ക് ചികിത്സാധനസഹായം അനുവദിച്ചു. ഒരാള്‍ക്ക് 3,00,000 രൂപയും മറ്റൊരാള്‍ക്ക് 45,000 രൂപയുമാണ് അനുവദിച്ചത്. മലപ്പുറം നിലമ്പൂരില്‍ ചെലവായ തുക രേഖപ്പെടുത്താത്ത മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളിലും ഫണ്ട് അനുവദിച്ചു. സ്പെഷ്യലിസ്റ്റ് അല്ലാത്ത ഡോക്ടര്‍മാര്‍ ഗുരുതര രോഗങ്ങള്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. പാലക്കാട് പരിശോധിച്ച 15 അപേക്ഷകളിലെ 5 എണ്ണത്തില്‍ ഹൃദയസംബന്ധമായ അസുഖത്തിനുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ആയൂര്‍വേദ ഡോക്ടറാണ്. ഈ അഞ്ച് അപേക്ഷകളും ഒരേ ഏജന്റ് മുഖേനയാണ് നല്‍കിയിരിക്കുന്നത്. കാസര്‍കോട് രണ്ട് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഒരേ കൈയ്യക്ഷരത്തിലുള്ളതാണ്. എന്നാല്‍ അതില്‍ ഒപ്പ് പതിച്ചിരിക്കുന്നത് രണ്ട് ഡോക്ടര്‍മാരാണെന്നും കണ്ടെത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അപേക്ഷയോടൊപ്പമുള്ള വരുമാന സര്‍ട്ടിഫിക്കറ്റുകളും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികതയും പരിശോധിക്കാനാണ് വിജിലന്‍സിന്റെ തീരുമാനം. ഏജന്റുമാരും ഉദ്യോഗസ്ഥരും കമ്മീഷന്‍ കൈപ്പറ്റിയിട്ടുണ്ടോയെന്നതും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം അറിയിച്ചത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News