റിയാദ്- സൗദി സ്ഥാപക ദിനത്തിൽ ആട്ടും പാട്ടുമായി ഫുട്‌ബോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. അറബികളുടെ പാരമ്പര്യ വേഷമായ തോബ് ധരിച്ച് സൗദിയുടെ പകാതയും ചുറ്റി അർദ നൃത്തത്തിൽ ചുവടുവെച്ചാണ് ക്രിസ്റ്റ്യാനോ സ്ഥാപന ദിനത്തിൽ പങ്കാളിയായത്. നൃത്തത്തിൽ അറബികൾ കയ്യിലേന്തുന്ന വാളും ക്രിസ്റ്റ്യാനോയുടെ കയ്യിലുണ്ട്. അതീവ സന്തോഷത്തോടെ ചുവടുവെച്ചാണ് ക്രിസ്റ്റിയാനോ സൗദിയുടെ സ്ഥാപക ദിനത്തിൽ പങ്കെടുത്തത്. അല്‍ നസ്ര്‍ കളിക്കാരും പരിശീലകന്‍ ഗ്രാസിയയും സൗദി വേഷം ധരിച്ചാണ് ഗ്രൌണ്ടില്‍ നടന്ന ആഘോഷത്തില്‍ പങ്കെടുത്തത്.
രാജ്യത്തിന്റെ ഉറച്ച വേരുകളിലുള്ള അഭിമാനത്തിന്റെ അർഥതലങ്ങളും, ഭരണാധികാരികളും പൗരന്മാരും തമ്മിലുള്ള ശക്തമായ ബന്ധവും ജനമനസ്സുകളിൽ ഊട്ടിയുറപ്പിച്ച് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും ഭരണനേതൃത്വത്തിൽ സൗദി അറേബ്യ ഇന്ന് സ്ഥാപകദിനാഘോഷ നിറവിലായിരുന്നു. ഹിജ്‌റ 1139 മധ്യത്തിൽ (1727 ഫെബ്രുവരി) ആണ് ഇമാം മുഹമ്മദ് ബിൻ സൗദിന്റെ കരങ്ങളാൽ സൗദി അറേബ്യ സ്ഥാപിതമായത്. മൂന്നു നൂറ്റാണ്ടുകൾക്കു മുമ്പ് ദിർഇയ തലസ്ഥാനമായും വിശുദ്ധ ഖുർആനും നബിചര്യയും ഭരണഘടനയുമായി സ്ഥാപിതമായ സൗദി അറേബ്യ ഇന്നും അടിസ്ഥാന മൂല്യങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പരിഷ്‌കാരങ്ങളുടെയും പുരോഗതിയുടെയും അഭിവൃദ്ധിയുടെയും പടവുകൾ അനുസ്യൂതം താണ്ടുന്നു.
ഇമാം മുഹമ്മദ് ബിൻ സൗദ് സ്ഥാപിച്ച മഹത്തായ ചരിത്ര പൈതൃകത്തിൽ രാജ്യത്തെ ജനങ്ങൾ അഭിമാനിക്കുന്നു. ഇമാം മുഹമ്മദ് ബിൻ സൗദ് സ്ഥാപിച്ച സൗദി ഭരണത്തിനു കീഴിൽ അറേബ്യൻ ഉപദ്വീപിലെ അക്കാലത്തെ ജനങ്ങൾ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക സമ്പന്നതോടെയാണ് ജീവിച്ചത്. രണ്ടാം സൗദി ഭരണത്തിന് ഇമാം തുർക്കി ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ സൗദ് തുടക്കം കുറിച്ചു. ആധുനിക സൗദി അറേബ്യയുടെ ശിൽപി കൂടിയായ അബ്ദുൽ അസീസ് ബിൻ അബ്ദുറഹ്മാൻ അൽഫൈസൽ അൽസൗദ് രാജാവാണ് ഐക്യസൗദി അറേബ്യ സ്ഥാപിച്ചത്.
Al-Nasr player #CristianoRonaldo Ronaldo performs the Saudi Ardha celebrating the Foundation Day.#FoundationDay2023 #EKHNews_EN pic.twitter.com/Rjvlg1GJ32
— AlEkhbariya News (@EKHNews_EN) February 22, 2023
യുഗാന്തരങ്ങളിൽ വികസനത്തിന്റെയും വളർച്ചയുടെയും പുരോഗതിയുടെയും പടവുകൾ ചവിട്ടിക്കയറിയാണ് ഇന്ന് കാണുന്ന അഭിവൃദ്ധിയും ആഗോള തലത്തിൽ മികച്ച സ്ഥാനവും രാജ്യം കൈവരിച്ചത്. സൗദി രാഷ്ട്ര സ്ഥാപനത്തിന്റെ അടയാളങ്ങൾ അറേബ്യൻ ഉപദ്വീപിലെങ്ങും പ്രകടമായി. സൗദി രാഷ്ട്രം സ്ഥാപിതമായതു മുതൽ മൂന്നു നൂറ്റാണ്ടിന്റെ ഓർമകളും അനശ്വര സംഭവങ്ങളും നിലപാടുകളും സ്മരിക്കാനുള്ള അവസരമാണ് സ്ഥാപകദിനാഘോഷം. സ്വതഃസിദ്ധമായ ഒരു നിമിഷത്തിൽ നിന്ന് പിറവിയെടുത്ത രാജ്യമായിരുന്നില്ല സൗദി അറേബ്യ. മറിച്ച്, നൂറ്റാണ്ടുകളിലൂടെയാണ് രാജ്യം രൂപപ്പെട്ടതും സമൂഹത്തിന്റെ സുരക്ഷക്കും ഇരു ഹറമുകളുടെയും പരിചരണത്തിനും ജനക്ഷേമത്തിനും മുൻഗണ നൽകുന്ന ഒരു യോജിച്ച ഭരണകൂടത്തിന്റെ അടിത്തറ ഉറപ്പിച്ചതും. നിരവധി വെല്ലുവിളികൾക്കിടെയും ദേശീയ ഐക്യത്തിന്റെ ആഴവും ശക്തിയും മൂന്നു നൂറ്റാണ്ടായി രാജ്യത്തിന്റെ തുടർച്ചക്ക് സഹായിച്ചു. വൈദേശിക ആക്രമണങ്ങളെ സൗദി അറേബ്യ ചെറുക്കുകയും സാമൂഹിക ഐക്യം തകർക്കാനുള്ള ശ്രമങ്ങളെ തോൽപിക്കുകയും ചെയ്തു. മുൻകാലങ്ങളിൽ കടന്നുപോയ വിഷമകരമായ സാഹചര്യങ്ങൾ തരണം ചെയ്ത് രാജ്യം ശുഭകരമായ യുഗത്തിലെത്തി.

സ്ഥാപകദിനാഘോഷത്തോടനുബന്ധിച്ച് ഭരണാധികാരികളോടുള്ള കൂറും സ്‌നേഹവും പ്രകടിപ്പിക്കുകയും ഗതകാല ചരിത്രം അനുസ്മരിക്കുകയും ചെയ്യുന്ന വൈവിധ്യമാർന്ന സാംസ്‌കാരിക, കലാ പരിപാടികൾ രാജ്യത്തെങ്ങും നടക്കും. സ്ഥാപകദിനത്തിന് സർക്കാർ, സ്വകാര്യ മേഖലാ ജീവനക്കാർക്ക് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയിൽ ഒരു ദിവസമാണ് അവധി. സർക്കാർ ജീവനക്കാർക്ക് ഇന്നും നാളെയും അവധിയാണ്. വാരാന്ത്യ അവധി കൂടി കണക്കിലെടുത്താൽ സർക്കാർ ജീവനക്കാർക്ക് നാലു ദിവസം അവധിയായിരിക്കും.
ഇന്നലെ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം മൂന്നു നൂറ്റാണ്ടുകൾ പിന്നിലേക്ക് നീളുന്ന ഈ അനുഗൃഹീത രാജ്യത്തിന്റെ ഉറച്ച വേരുകളിലുള്ള അഭിമാനം പ്രകടിപ്പിച്ചു. സുസ്ഥിരത, നീതികൈവരിക്കൽ, പൗരന്മാരുടെ ഐക്യം, വെല്ലുവിളികൾ നേരിടുന്നതിലെ ദൃഢത, വളർച്ചയും പുരോഗതിയുമുള്ള ശോഭനമായ ഭാവിക്കായുള്ള അഭിലാഷം, എല്ലാ മേഖലകളിലും ലോക രാഷ്ട്രങ്ങൾക്കും ജനങ്ങൾക്കും ഇടയിൽ മുൻനിര സ്ഥാനം ശക്തിപ്പെടുത്തൽ എന്നിവയിൽ ഊന്നിയാണ് രാജ്യം സ്ഥാപിതമായതെന്നും മന്ത്രിസഭാ യോഗം വ്യക്തമാക്കി.






