Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്വയം പ്രതിരോധം തീർക്കുന്ന പ്രതിരോധ ജാഥ

ഭരണത്തുടർച്ചയോടെ പാർട്ടിയെ ബാധിച്ചിരിക്കുന്ന ജീർണതകളെ കുറിച്ചുള്ള തെറ്റുതിരുത്തൽ രേഖയുടെ പശ്ചാത്തലത്തിലാണ് ഈ യാത്ര നടക്കുന്നതെന്നത് ശ്രദ്ധേയമാണ്. പ്രതിപക്ഷം മാത്രമല്ല, ഇടതുപക്ഷത്തോട് അനുഭാവമുള്ള വലിയൊരു വിഭാഗം പേരും എന്നേ ചൂണ്ടിക്കാട്ടുന്ന വസ്തുതകളാണ് രേഖയിലുള്ളത്. ഭരണത്തിലെത്തിയതോടെ കിട്ടാവുന്നതെല്ലാം നേടിയെടുക്കണമെന്ന മനോഭാവം പാർട്ടിയിൽ വേരുറപ്പിക്കുകയാണ്. ഉത്തരവാദപ്പെട്ട പദവിയിലെത്തിയാൽ തന്റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ജോലി ഉൾപ്പെടെ വാങ്ങിക്കൊടുക്കുക അവകാശമായി കൊണ്ടുനടക്കുന്ന ചില സഖാക്കളുണ്ട്. അർഹതപ്പെട്ടവർക്ക് ലഭിക്കേണ്ട തൊഴിൽ നേതാക്കൾ തട്ടിയെടുത്തു എന്ന വികാരം സൃഷ്ടിക്കുന്നത് പാർട്ടിയും ജനങ്ങളും തമ്മിലുള്ള അകൽച്ചക്ക് ഇടയാക്കുന്നു.

 

പുതിയ നേതൃത്വം ഏറ്റെടുക്കുമ്പോൾ സംസ്ഥാന തലത്തിൽ പ്രചാരണ ജാഥ സംഘടിപ്പിക്കുക എന്നത് കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ സ്ഥിരം പരിപാടിയാണ്. അത്തരത്തിൽ തന്നെ വേണം എം.വി. ഗോവിന്ദന്റെ നേതൃത്വത്തിൽ സി.പി.എം സംഘടിപ്പിക്കുന്ന,  കാസർകോട്ട് നിന്നു പുറപ്പെട്ടിരിക്കുന്ന ജനകീയ പ്രതിരോധ യാത്രയെ നോക്കിക്കാണാൻ. അതേസമയം 2016 ൽ അധികാരമേൽക്കുകയും പിന്നീട് തുടർഭരണം ലഭിക്കുകയും ചെയ്ത പിണറായി സർക്കാർ ഏറെ വിമർശനങ്ങൾ നേരിടുകയും യൂത്ത് കോൺഗ്രസ് പ്രവർത്തകർ വഴി നീളെ മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ യാത്ര നടക്കുന്നത്. അതോടൊപ്പം അടുത്ത വർഷം വളരെ നിർണായകമായ ലോക്‌സഭ തെരഞ്ഞെടുപ്പു നടക്കുന്ന വേളയിൽ ഈ യാത്രക്ക് വളരെയേറെ രാഷ്ട്രീയ പ്രസക്തിയുണ്ടുതാനും. 19 സീറ്റും യു.ഡി.എഫ് നേടിയ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പു ഫലം എപ്പോഴും വേട്ടയാടുന്ന സി.പി.എമ്മിനു ഇത്തവണ നില മെച്ചപ്പെടുത്തുക എന്നത് നിലനിൽപിന്റെ തന്നെ പ്രശ്‌നമാണ്. 

കേരളത്തിനെതിരെ കേന്ദ്രം തുടരുന്ന കടുത്ത അവഗണനയും പ്രതികാര നടപടികളും തുറന്നുകാട്ടി ജനങ്ങളെ സംഘടിപ്പിച്ച് പ്രതിരോധം തീർക്കുക, വർഗീയ വിദ്വേഷം പരത്തി ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരത്തിലെത്തിയ സംഘപരിവാർ അധികാരം നിലനിർത്താൻ ആ നിലപാട് കൂടുതൽ തീവ്രമാക്കുന്നതും തുറന്നുകാട്ടുക, മാതൃകാപരമായ കേരള ബദലും അതിനെ തകർക്കാൻ കേന്ദ്ര സർക്കാരും യു.ഡി.എഫും നടത്തുന്ന നീക്കങ്ങളും ജനങ്ങളോട് പറയുക എന്നിവയാണ് യാത്രയുടെ പ്രധാന ലക്ഷ്യങ്ങളെന്ന് പാർട്ടി നേതൃത്വം പറയുന്നു. തീർച്ചയായും വളരെ പ്രസക്തമായ ലക്ഷ്യങ്ങളാണിവയെന്നതിൽ സംശയമില്ല. പ്രത്യേകിച്ച് അധികാരം നിലനിർത്താനായി വർഗീയ നിലപാടുകൾ തീവ്രമാക്കുന്ന സംഘപരിവാർ നീക്കങ്ങൾ ശക്തമായി തന്നെ തുറന്നു കാട്ടണം. അതേസമയം ഈ യാത്രയുമായി ബന്ധപ്പെട്ടും ഈ സന്ദേശങ്ങളുമായി ബന്ധപ്പെട്ടും കൂടുതൽ ചർച്ച അനിവാര്യമാണുതാനും. 

പാർട്ടി ചൂണ്ടിക്കാട്ടുന്ന പോലെ ഫെഡറൽ സംവിധാനത്തിന് എതിരായ നിലപാടാണ്  യൂനിയൻ സർക്കാർ സ്വീകരിക്കുന്നത്.  ഒരു കാര്യത്തിലും കേരളത്തിന് അനുകൂലമായ തീരുമാനമുണ്ടാകുന്നില്ല.  റെയിൽവേ, എയിംസ്, വിമാനത്താവളം എന്നിവയിൽ പൂർണമായി അവഗണിച്ചു. അനുവദിച്ച കോച്ച് ഫാക്ടറി നിഷേധിച്ചു. എല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും കണ്ണൂർ വിമാനത്താവളത്തിന്  വിദേശ വിമാന കമ്പനികളുടെ സർവീസിന് അനുമതി നൽകുന്നില്ല, സംസ്ഥാനത്തിന് അർഹതപ്പെട്ട  40,000 കോടി രൂപയുടെ സാമ്പത്തിക വിഹിതം വെട്ടിക്കുറച്ചു എന്നിങ്ങനെ പല ഉദാഹരണങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ ശ്രദ്ധേയമായ കാര്യം ഇക്കാര്യത്തിലൊന്നും പ്രതിപക്ഷത്തെ കൂടി സഹകരിപ്പിച്ച് യൂനിയൻ സർക്കാരിനെതിരായ പ്രക്ഷോഭത്തിന് സർക്കാരോ പാർട്ടിയോ തയാറാകുന്നില്ല എന്നതാണ്. പഴയ ഭരണവും സമരവും എന്ന മുദ്രാവാക്യമൊക്കെ പാർട്ടി കൈയൊഴിഞ്ഞിരിക്കുന്നു. ഇപ്പോൾ ഭരണം മാത്രമാണ് ലക്ഷ്യം എന്നു വന്നിരിക്കുന്നു. അതോടൊപ്പം വികസനത്തിന്റെ  ഒന്നാം ഘട്ടം (വിദ്യാഭ്യാസ, ആരോഗ്യ, സേവന മേഖലകൾ) തരണം ചെയ്ത സംസ്ഥാനങ്ങളുടെ പട്ടികയിൽ പെട്ട കേന്ദ്ര വിഹിതം വെട്ടിക്കുറയ്ക്കാൻ കാരണമായതായി പാർട്ടി പറയുന്നുമുണ്ട്. ഈ മേഖലയിലെ നേട്ടങ്ങൾ പർവതീകരിച്ച് അവതരിപ്പിക്കുന്ന രീതിയെ എത്രയോ വിദഗ്ധർ വിമർശിക്കാറുണ്ട് എന്നോർക്കുന്നത് നല്ലതാണ്. ജി.എസ്.ടി കുടിശ്ശികയൊക്കെ കിട്ടിക്കഴിഞ്ഞിട്ടുമുണ്ട്. 

കേന്ദ്രത്തിന്റെ നിഷേധാത്മക നിലപാടുകൾക്കൊപ്പം സർക്കാരിന്റെ പല നയങ്ങളും കേരളം നേരിടുന്ന അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാണ്. അക്കാര്യത്തിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾ അവിഷ്‌കരിക്കുന്നതിൽ പൊതുവിൽ മാറിമാറി വരുന്ന സർക്കാരുകളെല്ലാം പരാജയമാണ്. ഓരോ സർക്കാർ മാറുമ്പോഴും കടത്തിന്റെ കണക്ക് പെരുകുകയാണ്. കൂടുതൽ കടമെടുക്കാൻ കേന്ദ്രം അനുവദിക്കുന്നില്ല എന്നാണ് പാർട്ടിയുടെ പരാതി എന്നതാണ് തമാശ. മാത്രമല്ല എല്ലാ മേഖലകളിലും നികുതി വർധിപ്പിച്ച്, എന്നും എതിർക്കുന്ന ഡീസൽ, പെട്രോളിനു പോലും സെസ് ഏർപ്പെടുത്തി ജനജീവിതത്തെ കൂടുതൽ ദുരിതമയമാക്കുകയാണ് സർക്കാർ ചെയ്തിരിക്കുന്നത്. കേന്ദ്രവിരുദ്ധ നിലപാടിലൂടെ അതെല്ലാം മറച്ചുവെക്കാമെന്നാണ് പാർട്ടി കരുതുന്നതെന്നു തോന്നുന്നു. ലോകത്തിലെ ഏറ്റവും വലിയ മുതലാളിമാരെ സൃഷ്ടിക്കുന്നതാണ് മോഡി സർക്കാരിന്റെ നയമെന്ന്  യാത്രയുടെ മുന്നോടിയായ ഒരു ഇന്റർവ്യൂവിൽ എം.വി. ഗോവിന്ദൻ പറയുന്നതു കേട്ടപ്പോൾ അദാനിയുടെ വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ മത്സ്യത്തൊഴിലാളി സമരത്തോട് പാർട്ടിയും സർക്കാരും അതിനോട് ചേർന്നു നിൽക്കുന്ന പൗരപ്രമുഖരും എടുത്ത നിലപാട് ഓർമിക്കുന്നത് സ്വാഭാവികം. മുഖ്യമന്ത്രിയുടെ തന്നെ കീഴിലുള്ള ആഭ്യന്തരമടക്കം പല വകുപ്പുകളും തികഞ്ഞ പരാജയമാണെന്ന വിമർശനം പരിഗണിച്ച് കർശന നടപടികൾക്ക് നിർദേശം നൽകാനുള്ള ആർജവം സംസ്ഥാന സെക്രട്ടറിക്കുണ്ടോ എന്നതും ഉത്തരം കിട്ടേണ്ട ചോദ്യമാണ്. 

ഭരണത്തുടർച്ചയോടെ പാർട്ടിയെ ബാധിച്ചിരിക്കുന്ന ജീർണതകളെ കുറിച്ചുള്ള തെറ്റുതിരുത്തൽ രേഖയുടെ പശ്ചാത്തലത്തിലാണ് ഈ യാത്ര നടക്കുന്നതെന്നത് ശ്രദ്ധേയമാണ്. പ്രതിപക്ഷം മാത്രമല്ല, ഇടതുപക്ഷത്തോട് അനുഭാവമുള്ള വലിയൊരു വിഭാഗം പേരും എന്നേ ചൂണ്ടിക്കാട്ടുന്ന വസ്തുതകളാണ് രേഖയിലുള്ളത്. ഭരണത്തിലെത്തിയതോടെ കിട്ടാവുന്നതെല്ലാം നേടിയെടുക്കണമെന്ന മനോഭാവം പാർട്ടിയിൽ വേരുറപ്പിക്കുകയാണ്. ഉത്തരവാദപ്പെട്ട പദവിയിലെത്തിയാൽ തന്റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ജോലി ഉൾപ്പെടെ വാങ്ങിക്കൊടുക്കുക അവകാശമായി കൊണ്ടുനടക്കുന്ന ചില സഖാക്കളുണ്ട്. അർഹതപ്പെട്ടവർക്ക് ലഭിക്കേണ്ട തൊഴിൽ നേതാക്കൾ തട്ടിയെടുത്തു എന്ന വികാരം സൃഷ്ടിക്കുന്നത് പാർട്ടിയും ജനങ്ങളും തമ്മിലുള്ള അകൽച്ചക്ക് ഇടയാക്കുന്നു. തില്ലങ്കേരി സഖാക്കളുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് സൂചിപ്പിക്കുന്നത്. അതിനെ കേവലം പ്രാദേശിക വിഷയമായി കാണാനാകില്ല. മിക്ക സംസ്ഥാനങ്ങളിലും ഇല്ലാത്ത രീതിയിൽ കേരളത്തിൽ നിലനിൽക്കുന്ന കക്ഷിരാഷ്ട്രീയ കൊലപാതകങ്ങളുടെ ഉള്ളറകളിലേക്കാണ് പല തുറന്നുപറച്ചിലുകളും വിരൽ ചൂണ്ടുന്നത്. 

Latest News