Sorry, you need to enable JavaScript to visit this website.

വിസ്മയ സൗദി

സൗദി അറേബ്യയുടെ ജന്മസ്ഥലം; ദിരിയ.

ഇന്ന് സൗദി സ്ഥാപക ദിനം

 

ലോകത്തെ വിസ്മയിപ്പിക്കുകയാണ് സൗദി അറേബ്യ. മാറ്റങ്ങളുടെ അതിവേഗക്കാറ്റിന് മുന്നിൽ ലോകം വീർപ്പടക്കി നിൽക്കുന്നു. ഇത്രയും വേഗത്തിൽ ഒരു രാജ്യത്തിന് മാറാനാകുമോ എന്നവർ ആലോചിക്കുന്നുണ്ടാകും. ആധുനിക സൗദി കിതപ്പില്ലാതെ കുതിക്കുകയാണ്. ലോകത്തിന്റെ നെറുകയിലേക്കുള്ള പ്രയാണം നടത്തുന്ന രാജ്യം ഇന്ന് സ്ഥാപക ദിനാഘോഷത്തിന്റെ നിറവിലാണ്. 




കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിലാണ് സൗദി അറേബ്യ മാറിക്കൊണ്ടിരിക്കുന്നത്. അടിസ്ഥാന വികസനത്തിൽ മിസൈൽ വേഗവുമായി കുതിക്കുന്ന രാജ്യം നയനിലപാടുകളിലും ലോകത്തിന്റെ നെറുകയിലേക്കുള്ള യാത്രയിലാണ്. ലോകത്തിന് ഇനിയൊരിക്കലും എഴുതിത്തതള്ളാനാകാത്ത വിധം സകല മേഖലകളിലും സൗദി അതിന്റെ വിജയത്തിന്റെ പച്ചപ്പതാകയും വാനിലേക്കുയർത്തി പറക്കുന്നു. 
ഇക്കഴിഞ്ഞ ഒരു വർഷം മാത്രം മതി, സൗദിയുടെ വിജയത്തിന്റെ കുതിപ്പ് തിരിച്ചറിയാൻ. 
ആധുനിക സൗദി അറേബ്യയുടെ സ്ഥാപകൻ അബ്ദുൽ അസീസ് രാജാവിന്റെ ദീർഘവീക്ഷണമാണ് രാജ്യത്തിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചത്. സൽമാൻ രാജാവിന്റെയും പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും ഇഛാശക്തി വർത്തമാനകാല സൗദിയെ കുതിപ്പിലേക്ക് നയിക്കുന്നു. മാറുന്ന ലോകത്തിന്റെ നെറുകയിലേക്കുയരുകയാണ് സൗദി അറേബ്യ. സ്ഥാപക ദിനസന്ദേശം ലോകത്തിന് നൽകുന്നത് ഈ ഉയർച്ചയുടെ കഥകളാണ്.  
വിഷൻ-2030 പദ്ധതി വികസന ചരിത്രത്തിലെ യശഃസ്തംഭമായി ഉയർന്നു നിൽക്കുന്ന സന്ദർഭത്തിലാണ് സ്ഥാപക ദിനാചരണം. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകർക്കും തൊഴിലാളികൾക്കും അവസരങ്ങളുടെ പുതുകവാടമായി നിയോം, ദ ലൈൻ പദ്ധതികൾ. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ദീർഘദർശിത്വത്തോടെയുള്ള ഭരണ പാടവത്തിന്റെ ദിശാസൂചിക.  
ചരിത്രപരവും സാംസ്‌കാരികവുമായ ഊഷ്മള വിനിമയങ്ങളിലൂടെ ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള പ്രാചീന ബന്ധം അരക്കിട്ടുറപ്പിക്കുന്നതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ കരാറുകളും ഉഭയകക്ഷി പങ്കാളിത്തത്തോടെയുള്ള നിരവധി സംരംഭക പദ്ധതികളും. സൗദി അറേബ്യയുടെ ഏറ്റവും വലിയ അസംസ്‌കൃത എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യ, വൻതോതിൽ അരി, മാംസം, ഇലക്ട്രിക്കൽ മെഷിനറി, വാഹനങ്ങൾ, മിനറൽ, സെറാമിക് തുടങ്ങിയ വസ്തുക്കളാണ് ഇങ്ങോട്ട് കയറ്റി അയക്കുന്നത്.  


ലോകത്തെ ഏറ്റവും വലിയ നിക്ഷേപ പദ്ധതിയാണ് നിയോം. വിവിധ ഇന്ത്യൻ കമ്പനികൾക്ക് ഇതിനകം കരാർ ലഭിച്ചുകഴിഞ്ഞു. നിയോം പ്രോജക്ടിന്റെ വിവിധ വിഭാഗങ്ങളുടെ തലപ്പത്ത് വനിതകളുൾപ്പെടെയുള്ള ഇന്ത്യക്കാരും ചുമതലയേറ്റു, നിയോം ഫ്യൂച്ചർ ഡെസ്റ്റിനേഷൻ എന്ന് പേരിട്ട പദ്ധതി ഉത്തര, പശ്ചിമ സൗദിയിലാണ് നടപ്പാക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പ്രത്യേക സാമ്പത്തിക മേഖലയായിരിക്കുമിത്. കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് നിയോം സ്വപ്ന പദ്ധതി പ്രഖ്യാപിച്ചത്. ലോകത്തെ മുൻനിര മാതൃക രാജ്യമാക്കി സൗദി അറേബ്യയെ പരിവർത്തിപ്പിക്കുന്നതിനുള്ള വിഷൻ2030 പദ്ധതിയുടെ ഭാഗമായാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. സൗദി, ഈജിപ്ത്, ജോർദാൻ രാജ്യങ്ങളുടെ അതിർത്തികൾക്കകത്ത് യാഥാർഥ്യമാക്കുന്ന പദ്ധതി ലോകത്ത് മൂന്നു രാജ്യങ്ങളിൽ പരന്നുകിടക്കുന്ന ലോകത്തെ ആദ്യത്തെ പ്രത്യേക സാമ്പത്തിക മേഖലയാകും. 
ഊർജം-ജലം, ഗതാഗതം, ബയോടെക്‌നോളജി, ടെക്‌നിക്കൽ-ഡിജിറ്റൽ സയൻസസ്, ഫുഡ്, അഡ്വാൻസ്ഡ് ഇൻഡസ്ട്രീസ്, മാധ്യമം-മീഡിയ നിർമാണം, വിനോദം, ജീവിത രീതി എന്നീ ഒമ്പതു പ്രധാന നിക്ഷേപ മേഖലകൾക്ക് നിയോം പദ്ധതി ഊന്നൽ നൽകുമെന്ന് കിരീടാവകാശി പറഞ്ഞു. സാമ്പത്തിക വളർച്ചയും വൈവിധ്യവൽക്കരണവും ഉത്തേജിപ്പിച്ചും വ്യവസായം പ്രോത്സാഹിപ്പിച്ചും പ്രാദേശിക വ്യവസായ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തിയും വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും മൊത്തം ആഭ്യന്തരോൽപാദനം വർധിപ്പിക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്. സ്വകാര്യ, സർക്കാർ നിക്ഷേപങ്ങളെയും പങ്കാളിത്തങ്ങളെയും പദ്ധതി ആകർഷിക്കും. ഏതാനും വർഷങ്ങൾക്കുള്ളിൽ പദ്ധതി പ്രദേശത്ത് 50,000 കോടിയിലേറെ ഡോളറിന്റെ നിക്ഷേപങ്ങൾ നടത്തും. സൗദി ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടും പ്രാദേശിക, വിദേശ നിക്ഷേപകരുമാണ് പദ്ധതി പ്രദേശത്ത് മുതൽമുടക്കുക. 
തന്ത്രപ്രധാനമായ സ്ഥലമാണ് എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്. ലോക വ്യാപാരത്തിന്റെ പത്തു ശതമാനം കടന്നുപോകുന്ന ചെങ്കടലിന്റെ തീരമാണ് നിയോം പദ്ധതിക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. അറബ്, ഏഷ്യൻ, ആഫ്രിക്കൻ, യൂറോപ്യൻ, അമേരിക്കൻ മേഖലകളിലെ ഏറ്റവും മികച്ച സമാഗമ പോയന്റ് ആണിത്. ഉത്തര, പശ്ചിമ സൗദിയിൽ ചെങ്കടലിന്റെയും അഖബ ഉൾക്കടലിന്റെയും തീരത്ത് 468 കിലോമീറ്റർ നീളത്തിലുള്ള പ്രദേശത്താണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ കിഴക്കു ഭാഗത്ത് 2500 മീറ്റർ ഉയരമുള്ള പർവതങ്ങളാണ്. സമശീതോഷ്ണം ഈ പ്രദേശത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. കാറ്റും സൂര്യപ്രകാശവും ബദൽ ഊർജ സ്രോതസ്സുകൾ പ്രയോജനപ്പെടുത്തുന്നതിനും സഹായകമാകും. 
ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് വൻകരകൾ സന്ധിക്കുന്ന സ്ഥലം കൂടിയാണിത്. ലോക ജനസംഖ്യയിൽ 70 ശതമാനം പേർക്ക് നിയോം പദ്ധതി പ്രദേശത്ത് എട്ടു മണിക്കൂറിനകം എത്തിച്ചേരുന്നതിന് സാധിക്കും. വൈജ്ഞാനിക, സാങ്കേതിക, ഗവേഷണ, വിദ്യാഭ്യാസ തൊഴിൽ, ചികിത്സ, താമസ മേഖലകളിൽ ലോകത്തെ ഏറ്റവും മികച്ച സൗകര്യങ്ങൾ ഇവിടെയുണ്ടാകും. ഏഷ്യ, ആഫ്രിക്ക വൻകരകളെ ബന്ധിപ്പിക്കുന്ന കിംഗ് സൽമാൻ കോസ്‌വേയുടെ പ്രധാന പ്രവേശന കവാടം നിയോം പദ്ധതി പ്രദേശത്താകും. ഇത് പദ്ധതിയുടെ സാമ്പത്തിക പ്രാധാന്യം വർധിപ്പിക്കും. 


പദ്ധതിയിലെ പ്രധാന മുതൽമുടക്ക് പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ വകയാകും. ലോകത്തെങ്ങുമുള്ള വൻകിട നിക്ഷേപകരെയും കമ്പനികളെയും പദ്ധതിയിലേക്ക് ആകർഷിക്കും. നിക്ഷേപകർക്ക് ഉയർന്ന ലാഭം ഉറപ്പുവരുത്തുന്ന പദ്ധതി ദീർഘകാലാടിസ്ഥാനത്തിൽ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് ഭീമമായ വരുമാനം നൽകും. ഇത് സൗദി സമ്പദ്‌വ്യവസ്ഥക്ക് കരുത്തു പകരും. വിദ്യാഭ്യാസ, ചികിത്സ, ടൂറിസം, നിക്ഷേപ, ഇറക്കുമതി ആവശ്യങ്ങൾക്ക് പ്രതിവർഷം സൗദിയിൽ നിന്ന് പതിനായിരം കോടിയിലേറെ ഡോളർ പുറത്തേക്കൊഴുകുന്നുണ്ട്. ഇതിന് തടയിടുന്നതിനും പുതിയ പദ്ധതി സഹായകമാകും.
ലോകത്തിലെ ഏറ്റവും സുരക്ഷിത മേഖലയായിരിക്കും നിയോം പദ്ധതി പ്രദേശം. ഇതിനായി ലോകത്തിലെ ഏറ്റവും മികച്ച സുരക്ഷ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തും. സൗദി അറേബ്യയുടെ മറ്റു ഭാഗങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമായ നിയമങ്ങളാണ് നിയോം പദ്ധതി പ്രദേശത്തുണ്ടാവുകയെന്നും കിരീടാവകാശി പറഞ്ഞു. പദ്ധതി പ്രദേശത്തെ കസ്റ്റംസ്, തൊഴിൽ, നികുതി നിയമങ്ങൾ അടക്കമുള്ള സാധാരണ നിയമങ്ങളെല്ലാം സൗദിയിലേതിന് വ്യത്യസ്തമായിരിക്കും. എന്നാൽ പരമാധികാരവുമായി ബന്ധപ്പെട്ട നിയമങ്ങൾ നിയോം പദ്ധതി പ്രദേശത്ത് അടക്കം രാജ്യത്ത് എല്ലായിടത്തും ഒന്നു തന്നെയായിരിക്കും. പദ്ധതിയുടെ ആദ്യ ഘട്ടം 2025 ൽ ഉദ്ഘാടനം ചെയ്യുന്നതിനാണ് ലക്ഷ്യമിടുന്നത്. 


റിയാദിലെ ഖിദിയ വിനോദ നഗരി പദ്ധതി, ചെങ്കടലിലെ ദ്വീപുകൾ വിനോദ സഞ്ചാര വ്യവസായത്തിന് പ്രയോജനപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള റെഡ് സീ പദ്ധതി, മക്കയിലും മദീനയിലും ലക്ഷക്കണക്കിന് ഹജ്, ഉംറ തീർഥാടകർക്ക് താമസ സൗകര്യങ്ങൾ ഒരുക്കുന്നതിന് സ്ഥാപിച്ച പുതിയ കമ്പനികൾ എന്നിവയെല്ലാം അടുത്ത കാലത്ത് സൗദി അറേബ്യ പ്രഖ്യാപിച്ച വൻകിട പദ്ധതികളാണ്. ഇക്കൂട്ടത്തിലെ ഏറ്റവും ബൃഹത്തായ പദ്ധതിയാണ് ഇന്നലെ പ്രഖ്യാപിച്ച നിയോം ഫ്യൂച്ചർ ഡെസ്റ്റിനേഷൻ പദ്ധതി. 
ഭാവിയെ കുറിച്ച് സ്വപ്‌നം കാണുന്നവർക്കുള്ളതാണ് നിയോം പദ്ധതി. ചൈനയിലെ വൻമതിലിനേക്കാൾ വലിയ മതിൽ സോളാർ പാനലുകൾ ഉപയോഗിച്ച് പദ്ധതി പ്രദേശത്ത് നിർമിക്കും. പദ്ധതിയിൽ മനുഷ്യരേക്കാൾ കൂടുതലായി റോബോട്ടുകളെയാണ് ലക്ഷ്യമിടുന്നത്. ചെങ്കടൽ പ്രദേശത്തെ വെയിലും കാറ്റും ഊർജം ഉൽപാദിപ്പിക്കുന്നതിന് പര്യാപ്തമാകും. നിയോം പദ്ധതി സൗദി അറേബ്യയുടെ മുഖഛായ മാറ്റും. പദ്ധതി പ്രദേശത്തെ യാത്രകൾക്ക് പൈലറ്റില്ലാ വിമാനങ്ങൾ ഉപയോഗപ്പെടുത്തും. 


പദ്ധതിയുടെ വിജയത്തിന് ആശ്രയിക്കുന്ന പ്രധാന ഘടകം സൗദി യുവാക്കളാണ്. സൗദി ജനതയിൽ എഴുപതു ശതമാനവും 30 നു താഴെ പ്രായമുള്ളവരാണ്. തീവ്രവാദം കാരണമായി ജനങ്ങളുടെ ജീവിതം നഷ്ടപ്പെടുത്തുന്നതിന് അനുവദിക്കില്ലെന്നും നിയോം പദ്ധതിയെ കുറിച്ച ചർച്ചക്കിടെ കിരീടാവകാശി പറഞ്ഞു. 
നവസാങ്കേതിക വിദ്യകൾ ക്രിയാത്മകമായി പ്രയോജനപ്പെടുത്തണം. ഇവ അവസരങ്ങളാണ്. എല്ലാവരും പരസ്പരം സഹകരിക്കുന്നതിലൂടെ കൂടുതൽ മികച്ച ലോകം സൃഷ്ടിക്കുന്നതിന് സാധിക്കുമെന്നാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുൾപ്പെടെയുള്ള ഭരണാധികാരികളുടെ പ്രതീക്ഷ. ആ പ്രതീക്ഷ സഫലമാകുന്നതിനുള്ള മുന്നേറ്റത്തിൽ ഇന്ത്യൻ ഗവൺമെന്റിനും ഇന്ത്യൻ തൊഴിലാളികൾക്കും അതോടൊപ്പം സൗദി പ്രവാസികളായ ഇന്ത്യക്കാർക്കും സജീവ പങ്കാളിത്തം വഹിക്കാനാകും.  
 

Latest News