Sorry, you need to enable JavaScript to visit this website.

ഇസ്രായേലില്‍ ആളുകളെ 'കാണാതാകുന്നതിന് 'പിന്നില്‍ വന്‍ ലോബി, ടൂര്‍ കമ്പനികള്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം :  ' പൂര്‍ണ്ണമായും ആത്മീയ തലത്തില്‍ നടത്തുന്ന യാത്രയാണിത്.  കൊണ്ടു പോകുന്ന ആളുകളെ എത്ര നിരീക്ഷിച്ചിട്ടും കാര്യമില്ല, അവര്‍ വിശ്വസിപ്പിക്കുന്ന രീതിയിലാണ് പെരുമാറുക '  ഇസ്രായേല്‍ സന്ദര്‍ശിച്ച 26 അംഗ തീര്‍ത്ഥാടക സംഘത്തിലെ ആറു പേരെ കാണാനില്ലെന്ന പരാതിക്കിടയായ യാത്രാ സംഘത്തിന് നേതൃത്വം നല്‍കിയ ഫാ.ജോര്‍ജ് ജോസഫ് പറയുന്നു.  26 അംഗ യാത്രാ സംഘത്തിലുണ്ടായിരുന്ന രാജു തോമസ്, ഷൈനി രാജു, മേഴ്‌സി ബേബി, ആനി ഗോമസ് സെബാസ്റ്റിയന്‍, ലൂസി രാജു, കമലം എന്നിവരാണ് ഇസ്രായേലില്‍ വെച്ച് അപ്രത്യക്ഷരായത്.  പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ ഉപേക്ഷിച്ചാണ് ഇവര്‍ മുങ്ങിയതെന്നാണ് ഫാ. ജോര്‍ജ് ജോസഫ് പറയുന്നത്.  69 വയസ്സുള്ള അമ്മമാര്‍ പോലും ഇക്കൂട്ടത്തിലുണ്ടെന്നും  ഇത് സംബന്ധിച്ച് ഡി.ജി.പി അനില്‍കാന്തിന് പരാതി നല്‍കിയതായും അദ്ദേഹം പറയുന്നു.
ഇവരുടെ തിരോധാനത്തിന് പിന്നില്‍ വലിയൊരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഫാ. ജോര്‍ജ് സംശയം പ്രകടിപ്പിക്കുന്നത്. ഇസ്രായേലില്‍ ജോലി ചെയ്ത് കഴിയാനാണ് ഇവര്‍ മുങ്ങിയതെന്ന് കാര്യം ഏതാണ്ട് ഉറപ്പാണ്.  എന്നാല്‍ എന്ത് ജോലിയാണ് ഇവര്‍ക്ക് കിട്ടുകയെന്നോ എത്ര വരുമാനം ലഭിക്കുമെന്നതിനെ സംബന്ധിച്ചൊന്നും  ഫാ. ജോര്‍ജ് ജോസഫിന് യാതൊരു ധാരണയുമില്ല.  കൃഷി രീതിയെക്കുറിച്ച് പഠിക്കാനായി സംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ഇസ്രായേലിലേക്ക് പോയ സംഘത്തിലെ കണ്ണൂര്‍ സ്വദേശി ബിജു കുര്യന്‍ കഴിഞ്ഞ ദിവസം മുങ്ങിയതും അവിടെ നല്ല ശമ്പളമുള്ള ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.

പത്തനംതിട്ട ജില്ലയിലെ തിരുവല്ല കേന്ദ്രമായുള്ള ഒരു ട്രാവല്‍ ഏജന്‍സി മുഖേനയാണ് ഫാ. ജോര്‍ജ് ജോസഫിന്റെ നേതൃത്വത്തിലുള്ള തീര്‍ത്ഥാടക സംഘം ഈ മാസം എട്ടിന് കേരളത്തില്‍ നിന്ന് യാത്ര തിരിച്ചത്. വിസ പോലുമില്ലാതെ സന്ദര്‍ശന പെര്‍മിറ്റ് മാത്രമാണ് ഇവര്‍ക്ക് അനുവദിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ മുങ്ങിയവര്‍ ഇസ്രായേലില്‍ പിടിക്കപ്പെടാുള്ള സാധ്യത ഏറെയാണ്. ഇസ്രായേലിനൊപ്പം ഈജിപ്ത്, ജോര്‍ദ്ദാന്‍ എന്നിവിടങ്ങളും ഇവരുടെ സന്ദര്‍ശനത്തില്‍ ഉള്‍പ്പെടും. ഫെബ്രുവരി 11ന് സംഘം ഇസ്രയേലില്‍ എത്തി. തുടര്‍ന്ന് 14ന് എന്‍കരേം എന്ന ടൂറിസ്റ്റ് കേന്ദ്രത്തില്‍ വെച്ച് മൂന്നുപേരെ കാണാതായി. പിറ്റേന്ന് പുലര്‍ച്ചെ ബെത്ലഹേമിലെ ഹോട്ടലില്‍ വച്ച് മറ്റ് മൂന്ന് പേരും മുങ്ങുകയായിരുന്നു. ഇതേ തുടര്‍ന്ന് ഉടനെ വിവരം ഇസ്രായേല്‍ പോലീസിനെ അറിയിച്ചെങ്കിലും ഇതുവരെയും തുമ്പുണ്ടായിട്ടില്ല.

അതേ സമയം കേരളത്തില്‍ നിന്ന് ഇസ്രായേലിലേക്ക് തീര്‍ത്ഥയാത്ര പോയി അവിടെ അനധികൃതമായി തങ്ങുന്നവര്‍ നിരവധിയുണ്ടെന്നാണ് അനൗദ്യോഗിക വിവരം. 1991 ല്‍ ഇന്ത്യ - ഇസ്രായേല്‍ നയതന്ത്ര ബന്ധങ്ങള്‍ പൂര്‍ണ്ണസ്ഥിയിലായപ്പോഴാണ് കേരളത്തില്‍ നിന്നും ഇസ്രായേലിലേക്ക് തീര്‍ത്ഥാടകരുടെ ഒഴുക്ക് ആരംഭിച്ചത്. 1996 മുതല്‍ കേരളത്തില്‍ നിന്നും നിരവധി ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വിശുദ്ധ നാടുകളിലേക്ക് യാത്രകള്‍ സംഘടിപ്പിച്ചിരുന്നു. ഇത്തരത്തില്‍ തീര്‍ത്ഥ യാത്രക്ക് പോയവരില്‍ നിരവധി പേര്‍ ഇസ്രായേലിലെത്തി മുങ്ങിയിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. പലപ്പോഴും വീട്ടുകാര്‍ പരാതി നല്‍കാത്തത് കൊണ്ട് പൊലീസിന് ഇത് സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാറില്ല. നൂറ് കണക്കിന് ടൂര്‍ ഓപ്പറേറ്റര്‍മാരാണ് ഓരോ വര്‍ഷവും കേരളത്തില്‍ നിന്ന് ഇസ്രായേലിലേക്ക് തീര്‍ത്ഥ യാത്രാ സംഘത്തെ കൊണ്ടു പോകുന്നത്.
കേരളത്തില്‍ നിന്നും നിരവധി പേര്‍ ട്രാവലിംഗ് വിസയിലും, വിദ്യാഭ്യാസ തൊഴില്‍ വിസകളിലും ഇസ്രായേലില്‍ എത്തിയിട്ടുണ്ട്. ഇത്തരം വിസ കിട്ടാത്തവര്‍ തീര്‍ത്ഥ യാത്രക്കെന്ന് പറഞ്ഞ് പോവുകയും അവിടെയെത്തിയ ശേഷം മുങ്ങുകയുമാണ് പതിവ്. മുന്‍പ് ഇത്തരത്തില്‍ മുങ്ങിയവരുടെ ഉപദേശത്തിലാണ് പുതുതായി ' മുങ്ങാന്‍ ' തയ്യാറെടുക്കുന്നവര്‍  ഇസ്രായേലിലേക്ക് പോകുന്നതെന്നാണ് സൂചന. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രായേലിലേക്ക് യാത്ര കൊണ്ടുപോകുന്ന ടൂര്‍ കമ്പനികളെക്കുറിച്ച് സംസ്ഥാന ഇന്റലിജന്‍സ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

 

Latest News