കൊച്ചി - നടിയും അവതാരകയുമായ സുബി സുരേഷിന്റെ വേർപ്പാടിന്റെ നോവിലാണ് മലയാളി പ്രേക്ഷകർ. മലയാളികളുടെ കലാമനസ്സിൽ കൂടുകൂട്ടിയ സുബി വിവാഹത്തിനുള്ള ഒരുക്കങ്ങൾക്കിടെയാണ് ആശുപത്രിയിലായതും അപ്രതീക്ഷിത വിയോഗമുണ്ടായതും.
തമാശക്കാരി എന്ന നിലയ്ക്ക് സുബിയുടെ വിവാഹത്തെ കുറിച്ച് പല വ്യാജ വാർത്തകളും പ്രചരിച്ചിരുന്നു. എന്നാൽ തന്റെ വിവാഹം എപ്പോഴാണെന്ന് തനിക്ക് പോലും അറിയില്ലെന്നും ഇതുവരെ വിവാഹത്തിനുള്ള മൂഡ് വന്നിട്ടില്ലെന്നുമായിരുന്നു സുബി പ്രതികരിച്ചിരുന്നത്. തനിയ്ക്ക് രണ്ടു മൂന്ന് പ്രണയമൊക്കെ ഉണ്ടായിരുന്നുവെന്നും പറഞ്ഞിരുന്നു. എന്നാൽ, അതൊന്നും നല്ല രീതിയിൽ മുന്നോട്ട് പോകില്ലെന്ന് തോന്നിയപ്പോൾ പരസ്പരം തീരുമാനിച്ച് വേണ്ടെന്ന് വെച്ചുവെന്നും സുബി വ്യക്തമാക്കിയിരുന്നു.
വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോഴെല്ലാം പറ്റിയ ആളെ കിട്ടുമ്പോൾ കല്യാണം കഴിക്കുമെന്ന് സുബി പറയുമായിരുന്നു. തനിക്ക് കുടുംബമാണ് വലുത്. തന്റെ ജീവിതത്തിലേക്ക് വരുന്ന ആൾ തന്നെക്കാൾ തന്റെ കുടുംബത്തെ സ്‌നേഹിക്കുന്ന ആളാവണം എന്നാണ് ആഗ്രഹമെന്നും സുബി പറഞ്ഞിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
എന്നാൽ, അവസാനം ഒരു കല്യാണം ഉറപ്പിച്ചിരുന്നുവെന്നും രാഹുൽ എന്നാണ് വരന്റെ പേര് എന്നും സുബി വെളിപ്പെടുത്തിയിരുന്നു. വിവാഹത്തിനായി ഏഴ് പവന്റെ താലിമാല തയ്യാറാക്കി വെച്ചതായും സുബി പറഞ്ഞിരുന്നു. ഇതിനിടയ്ക്കാണ് എല്ലാവരെയും ചിരിപ്പിച്ച് ഇപ്പോൾ പ്രേക്ഷകരെ ഒന്നടങ്കം കണ്ണീരിലായ്ത്തി ആഗ്രഹങ്ങൾ ബാക്കിയാക്കി സുബി വിട പറഞ്ഞത്.
25 ദിവസത്തോളമായി സുബി ആശുപത്രിയിൽ അഡ്മിറ്റായിരുന്നുവെന്ന് പ്രതിശ്രുത വരൻ രാഹുൽ പ്രതികരിച്ചു. രണ്ട് പ്രോഗ്രാം കഴിഞ്ഞ് വന്നതിനു ശേഷം അഡ്മിറ്റാവുകയായിരുന്നു. ഒരു കല്ല് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. പ്രഷർ നിൽക്കുന്നുണ്ടായിരുന്നില്ല. അപ്പോ മറ്റ് ട്രീറ്റ്‌മെന്റുകളൊന്നും ഏറ്റില്ലെന്നും രാഹുൽ പറഞ്ഞു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്ന് രാവിലെ പത്തോടെ രാജഗിരി ആശുപത്രിയിൽ വച്ചായിരുന്നു സുബിയുടെ അന്ത്യം.






