ഉപ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വന്നപ്പോൾ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയ്ക്ക് ആഹ്ലാദിക്കാൻ ഒട്ടും വകയില്ല. ഉപ തെരഞ്ഞെടുപ്പ് നടന്ന ലോക്‌സഭാ മണ്ഡലങ്ങളിൽ ശ്രദ്ധേയമായത് ഉത്തർ പ്രദേശിലെ കൈരാനയാണ്. ദൽഹിയോട് ചേർന്ന് കിടക്കുന്ന യു.പിയിലെ കൈരാന ദേശീയ പ്രാധാന്യം കൈവരിച്ചിരുന്നു. മുസഫർനഗർ കലാപത്തിലൂടെയുണ്ടാക്കിയ ധ്രുവീകരണം ഉപയോഗപ്പെടുത്തി ബി.ജെ.പി നേടിയ ലോക്‌സഭാ സീറ്റാണിത്. മതേതര കക്ഷികൾ ഭിന്നിച്ചു നിന്നപ്പോഴാണ് വിജയം.
അന്തരിച്ച എം.പി സുകു സിംഗിന്റെ മകൾ മൃകംഗ സിംഗ് സ്ഥാനാർഥിയായിട്ടും പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാർഥിയോട് പരാജയപ്പെടുകയായിരുന്നു. ദലിതും ന്യൂനപക്ഷവും ചേർന്നാൽ വോട്ടർമാരിൽ അറുപത് ശതമാനം വരുന്ന മണ്ഡലമാണിത്. ഇവിടെ ആർ.എൽ.ഡിയുടെ തബസും ഹസൻ ബിജെപിയെ പരാജയപ്പെടുത്തി. മതേതര വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ മൽസരിച്ചില്ല. ബി.എസ്.പിയും മൽസരിച്ചില്ല. എസ്.പി ആർ.എൽ.ഡിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് പഴയ പ്രതാപം തിരിച്ചു പിടിക്കുന്നുവെന്ന സൂചന നൽകുന്നതാണ് ഇന്നലെ പുറത്തു വന്ന ഫലം. ഒപ്പം ബിജെപിക്ക് മൽസരിച്ച മിക്കയിടത്തും കനത്ത തിരിച്ചടി നേരിടേണ്ടിവരികയും ചെയ്തു. പതിനാല് മണ്ഡലങ്ങളിലാണ് ഉപ തെരഞ്ഞെടുപ്പ് നടന്നത്. നാല് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും. പത്ത് നിയമസഭാ മണ്ഡലങ്ങളിൽ ഒന്നിൽ മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്. നാലിടത്ത് കോൺഗ്രസ് വെന്നിക്കൊടി നാട്ടി. പൊതു തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ കോൺഗ്രസ് ഉപയോഗിച്ച രാഷ്ട്രീയ തന്ത്രങ്ങൾ ബിജെപിയെ ഞെട്ടിച്ചു. പ്രാദേശിക പാർട്ടികളുടെ ഐക്യവും ബിജെപിക്ക് കനത്ത തിരിച്ചടി നൽകി.
കർണാടകം, മഹാരാഷ്ട്ര, ബിഹാർ, കേരളം, മേഘാലയ, ജാർഖണ്ഡ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ ഉപ തെരഞ്ഞെടുപ്പ് നടന്നത്. കർണാടകം, മഹാരാഷ്ട്ര, പഞ്ചാബ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ ഉപ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ത്രസിപ്പിക്കുന്ന വിജയം നേടി. മഹാരാഷ്ട്രയിലെ കോൺഗ്രസ് വിജയം എടുത്തുപറയേണ്ടതാണ്.
ഉപ തെരഞ്ഞെടുപ്പ് നടന്ന പലുസ് കഡേഗാവ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. മേഘാലയയിലെ അമ്പാട്ടി മണ്ഡലത്തിൽ കോൺഗ്രസാണ് ജയിച്ചത്. ശക്തമായ പോരാട്ടത്തിനൊടുവിലാണ് കോൺഗ്രസ് സീറ്റ് നിലനിർത്തിയത്. നാഷണൽ പീപ്പിൾസ് പാർട്ടി അവസാന നിമിഷം വരെ വെല്ലുവിളി ഉയർത്തിയെങ്കിലും വിജയം കോൺഗ്രസിനായിരുന്നു. ഇപ്പോൾ കോൺഗ്രസ് സഭയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി. ഉപ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ കോൺഗ്രസ് പുതിയ നീക്കത്തിന് ഒരുങ്ങുകയായി. മേഘാലയയിൽ കോൺഗ്രസ് സ്ഥാനാർഥി വിജയിച്ചതോടെ പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ഇനി സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് അവകാശവാദമുന്നയിക്കുമെന്നാണ് നേതാക്കളുടെ പ്രതികരണം. നിലവിൽ ബിജെപിയുടെ പിന്തുണയോടെയാണ് മേഘാലയയിൽ ഭരണം നടക്കുന്നത്.
ബിജെപി സഖ്യസർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടെ കർണാടകയിൽ നടത്തിയ അതേ നീക്കം മേഘാലയയിലും ആവർത്തിക്കാനാണ് തീരുമാനം. കർണാടകയിൽ ഗവർണർ ബിജെപിയെ സർക്കാരുണ്ടാക്കാൻ ആദ്യം ക്ഷണിച്ചതാണ് മേഘാലയയിൽ കോൺഗ്രസ് പിടിവള്ളിയാക്കുന്നത്. ഈ തിരിച്ചടികൾക്കിടെ ബിജെപിക്ക് ആശ്വാസത്തിന് വക നൽകിയ വിജയം ഉത്തരാഖണ്ഡിലേത് മാത്രം. തരളി മണ്ഡലത്തിൽ നേരിയ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിറ്റിങ് സീറ്റ് നിലനിർത്തിയത്.
കർണാടക തലസ്ഥാനമായ ബംഗളുരുവിൽ അടുത്തിടെ കുമാരസ്വാമി മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാൻ വിവിധ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളാണ് പറന്നെത്തിയത്. 2019ലെ പൊതു തെരഞ്ഞെടുപ്പ് സംബന്ധിച്ച് വ്യക്തമായ സൂചന നൽകുന്നതായിരുന്നു ഇത്. ബി.ജെ.പിയും കോൺഗ്രസുമില്ലാതെയുള്ള മറ്റൊരു മുന്നണി സാധ്യതയും ഉരുത്തിരിഞ്ഞു വരുന്നുണ്ട്. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി മാസങ്ങൾക്കപ്പുറം കൊൽക്കത്തയിൽ ബംഗാൾ സെക്രട്ടേറിയറ്റിൽ കൂടിക്കാഴ്ച നടത്തിയിരുന്നുവല്ലോ.
കോൺഗ്രസിന്റെ നേതൃത്വത്തിൽ വിശാലസഖ്യം രൂപീകരിക്കുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചതിനിടെയാണ് മമത ബാനർജി മൂന്നാം മുന്നണി ചർച്ചയ്ക്ക് തുടക്കമിട്ടത്. എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒരു കുടക്കീഴിൽ നിർത്താനാണ് ഇപ്പോൾ കോൺഗ്രസ് ശ്രമിക്കുന്നത്.
പല സംസ്ഥാനങ്ങളിലും കാർഷിക മുന്നേറ്റം സംഘടിപ്പിക്കാൻ കഴിയുന്ന സി.പി.എമ്മിനെ എഴുതി തള്ളാനായിട്ടില്ലെന്ന് മറ്റു കക്ഷികൾ തിരിച്ചറിയുന്നുണ്ട്. കോൺഗ്രസ് പ്ലീനറി സമ്മേളനത്തിലെ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലുമുണ്ടായിരുന്നു സവിശേഷത. ഇടതുപക്ഷ പിന്തുണയില്ലാതെ ഭരിച്ച രണ്ടാം യു.പിഎയുടെ പാളിച്ചകൾ ഏറ്റു പറയാൻ അദ്ദേഹം തയാറായി.
ലോക്‌സഭാ തെരഞ്ഞെടുപ്പ് വർഷമായ 2019 ലേക്കുള്ള പാത കഠിനമാണ്. എന്നാൽ, യുദ്ധകാഹളം മുഴക്കി കോൺഗ്രസ് അതിനു കച്ചമുറുക്കിക്കഴിഞ്ഞു. തന്ത്രങ്ങളുടെയും പുതിയ അടവുകളുടെയും സമയമാണ് ഇനി. പ്രാദേശിക തല സഖ്യങ്ങൾ അടക്കം മോഡിയുടെയും സംഘത്തിന്റെയും ആക്രമണോൽസുകരായ പ്രചാരണസംഘത്തോടു നേർക്കുനേർ അടിച്ചുനിൽക്കാൻ കോൺഗ്രസ് യുവസേനയെ സജ്ജമാക്കി വരികയാണ്.
ഉത്തർപ്രദേശ് ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി നേരിട്ടതിന് പിന്നാലെ എൻഡിഎ സഖ്യകക്ഷികൾ പലതും കേന്ദ്രസർക്കാരിനെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വിമർശിച്ച് രംഗത്തെത്തിയിരുന്നു. രാജ് താക്കറെ, രാംവിലാസ് പസ്വാൻ തുടങ്ങിയ നേതാക്കൾ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും എതിരായി പ്രസ്താവനകൾ പുറപ്പെടുവിക്കുകയുണ്ടായി.
21 സംസ്ഥാനങ്ങളിൽ അധികാരത്തിലേറിയ ബി.ജെ.പിയെ പ്രതിരോധിക്കാനായി പ്രാദേശിക പാർട്ടികൾ അഭിപ്രായ വ്യത്യാസം മറന്ന് ഒപ്പം ചേരുമെന്ന പ്രതീക്ഷയാണു കോൺഗ്രസിനുള്ളത്.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോടികൾ മുടക്കി ഏർപ്പാടാക്കിയ അമേരിക്കൻ പി.ആർ ഏജൻസി സമൂഹ മാധ്യമങ്ങളുടെ സഹായത്തോടെയാണ് നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനത്തെത്തിച്ചത്. രണ്ടാം യു.പി.എ അഴിമതിയിൽ മുങ്ങി കുളിച്ച് നിൽക്കുകയാണെന്ന പൊതുബോധം സൃഷ്ടിക്കാൻ മാധ്യമങ്ങളുടെ സഹായത്തോടെ കോൺഗ്രസിന്റെ എതിരാളികൾക്ക് എളുപ്പം സാധിച്ചു. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനുള്ള അംഗബലം പോലുമില്ലാത്ത അവസ്ഥയിലായി കോൺഗ്രസ്. ഇപ്പോൾ കാറ്റ് മാറി വീശി തുടങ്ങിയിരിക്കുന്നു. എൻ.ഡി.എ ക്യാമ്പിൽ നിന്ന് ഘടകകക്ഷികൾ ഓരോന്നായി വിട പറയുന്നു. ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളിലെല്ലാം ഭരണ കക്ഷി തോൽക്കുന്നു. ഇന്ത്യയെ തകർത്ത നോട്ട് റദ്ദാക്കലിന്റേയും ജി.എസ്.ടി നടപ്പാക്കിയതിന്റേയും ദോഷഫലങ്ങൾ രാജ്യമാകെ അനുഭവിച്ചറിയാൻ തുടങ്ങിയിരിക്കുന്നു. യു.പിയിലും പശ്ചിമ ബംഗാളിലുമെല്ലാം ബദ്ധശത്രുക്കളായ പാർട്ടികൾ പൊതു ശത്രുവിനെതിരെ കൈകോർക്കുന്നു.
രാഷ്ട്രീയ ഭാവി തിരുത്തിക്കുറിക്കുന്ന തരത്തിലുള്ള ഉപ തെരഞ്ഞെടുപ്പുകളാണ് ഇപ്പോൾ നടന്നത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ബി.ജെ.പിയ്ക്കും സഖ്യകക്ഷികൾക്കും അത്ര എളുപ്പമാവില്ല എന്ന സൂചനയാണ് ഇത് നൽകുന്നത്. ബ്രാൻഡ് മോഡി അതിശക്തമായ തിരിച്ചടി നേരിട്ടു വരികയാണ്.
മോഡിയുടെ ബ്രാൻഡ് മൂല്യത്തേക്കാളും മുകളിലാണ് പ്രതിപക്ഷത്തിന്റെ മൂല്യം എന്നത് യാഥാർഥ്യമാണ്. കോൺഗ്രസിനും ഉണർവ് നൽകുന്നതാണ് പ്രതിപക്ഷത്തിന്റെ പ്രകടനം. മമതാ ബാനർജിയും അഖിലേഷും മായാവതിയും ഒന്നിച്ച് നിന്നാൽ വീണ്ടും അധികാരത്തിലെത്തുകയെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമായി അവശേഷിക്കും.