മധ്യപ്രദേശ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ 'ഹിംഗ്ലീഷിലും' പരീക്ഷ എഴുതാം

ഭോപാല്‍- മധ്യപ്രദേശ് മെഡിക്കല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി നടത്തുന്ന എല്ലാ വാചാ, എഴുത്തു പരീക്ഷകളും 'ഹിംഗ്ലീഷ്' ഭാഷയിലും എഴുതാമെന്ന് അസാധാരണ ഉത്തരവ്. മേയ് 26-ന് യൂണിവേഴ്‌സിറ്റി ഇറക്കിയ സര്‍ക്കുലറിലാണ് ഇംഗ്ലീഷ്, ഹിന്ദി, ഹിംഗ്ലീഷ് ഭാഷകള്‍ അനുവദിച്ചു കൊണ്ട് അറിയിപ്പുള്ളത്. ഇംഗ്ലീഷിന്റേയും ഹിന്ദിയുടേയും മിശ്രിത രൂപമാണ് ഹിംഗ്ലീഷ് എന്നും സര്‍ക്കുലറില്‍ പറയുന്നു. ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലാത്ത ഈ മിശ്രിത ഭാഷയില്‍ പരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥികളെ അനുവദിച്ച അസാധാരണ നടപടിയില്‍ അക്കാഡമിക് രംഗത്തുള്ളവര്‍ ആശ്ചര്യപ്പെട്ടിരിക്കുകയാണ്. 

വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് ഹിംഗ്ലീഷില്‍ പരീക്ഷ എഴുതാന്‍ യൂണിവേഴ്‌സിറ്റിക്കു കീഴിലുള്ള വിവിധ കോളെജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അനുമതി നല്‍കിയതെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഈ തീരുമാനത്തെ വിദ്യാര്‍ത്ഥികള്‍ സ്വാഗതം ചെയ്തിരിക്കുകയാണെന്നും ഗ്രാമീണ മേഖലകളില്‍ നിന്ന് വരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ഗുണം ചെയ്യുമെന്നും യുണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ആര്‍ എസ് ശര്‍മ പറയുന്നു.

ശരിയുത്തരം അറിയുമെങ്കിലും അത് ഇംഗ്ലീഷില്‍ എഴുതാന്‍ പ്രയാസമുള്ള നിരവധി വിദ്യാര്‍ത്ഥികളുണ്ടെന്ന് അദ്ദേഹം പറയുന്നു. ഉത്തരമെഴുതുമ്പോള്‍ ഹിന്ദി വാക്കുകള്‍ ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഉപയോഗിച്ച് എഴുതാം. വാചാ പരീക്ഷകളിലും ഇംഗ്ലീഷ് അറിയാത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ പ്രയാസമനുഭവിക്കുന്നുണ്ട്. എംബിബിഎസ്, ആയുര്‍വേദ, നഴ്‌സിങ് അടക്കം വിവിധ വൈദ്യശാസ്ത്ര കോഴ്‌സുകള്‍ നടത്തുന്ന 312 കോളെജുകളാണ് മധ്യപ്രദേശ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിക്കു കീഴിലുള്ളത്. ജൂലൈ, ജനുവരി മാസങ്ങളിലാണ് പരീക്ഷകള്‍ നടക്കുന്നത്.
 

Latest News