Sorry, you need to enable JavaScript to visit this website.

കോട്ടയത്തെ പല നഗരസഭകളിലും പടലപ്പിണക്കം; ഭരണം പ്രതിസന്ധിയിൽ

കോട്ടയം- പാലാ നഗരസഭക്കു പിന്നാലെ കോട്ടയത്തെ പല നഗരസഭകളിലും പടലപ്പിണക്കത്തിലും ശീതസമരത്തിലും ഭരണം പ്രതിസന്ധിയിലാണ്. പാലാ നഗരസഭയിൽ ഭരണകക്ഷിയിൽ കേരള കോൺഗ്രസ് എമ്മും സി.പി.എമ്മും തമ്മിലുള്ള വല്യേട്ടൻ കളി തുടരുകയാണ്. സി.പി.എം നേതാവ് ബിനു പുളിക്കക്കണ്ടത്തിനെ ചെയർമാനാക്കാത്തത് ജോസ് കെ.മാണി ഇടപെട്ടാണെന്ന്് അദ്ദേഹം ആരോപണം ഉയർത്തിയിരുന്നു. അതിനുശേഷം വന്ന സിപിഎം ചെയർപേഴ്‌സണാകട്ടെ കേരള കോൺഗ്രസുമായി തുറന്നപോരിലേർപ്പെടുകയായിരുന്നു. ഇതോടെ ഇരുകക്ഷികളുമായുളള ഭിന്നത വർധിച്ചു. ഇതെചൊല്ലിയുളള വാദപ്രതിവാദം കൊഴുക്കുകയാണ്.
കോട്ടയം നഗരസഭയിൽ കേവലഭൂരിപക്ഷമില്ലാതെയാണ്  യു.ഡി.എഫ് ഭരണം. രണ്ടു തവണ ഭാഗ്യം കൊണ്ടുമാത്രം ഭരണം നിലനിർത്തിയതാണ്. യു.ഡി.എഫ്.-21, എൽ.ഡി.എഫ്.-22, ബി.ജെ.പി.-എട്ട് എന്നിങ്ങനെയാണ് ഇപ്പോഴത്തെ കക്ഷിനില. തുടക്കം മുതൽ തുലാസിലാണ് ഭരണം. നറുക്കെടുപ്പിലൂടെയാണ് അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ തെരഞ്ഞെടുക്കപ്പെട്ടത്. പദ്ധതി നിർവഹണത്തിൽ ജില്ലയിൽ ഏറ്റവും പിന്നിലാണ് കോട്ടയം നഗരസഭ. ഭരണകക്ഷിയിൽ ഭിന്നത രൂക്ഷമാണ്. തിങ്കളാഴ്ചത്തെ അവിശ്വാസചർച്ചയ്ക്കു മുന്നോടിയായി കോൺഗ്രസ് നൽകിയ വിപ്പ് ആറ് അംഗങ്ങൾ കൈപ്പറ്റിയില്ലെന്നതുതന്നെ ഇതിന്റെ തെളിവായി കണക്കാക്കുന്നു. ഡി.സി.സി ജനറൽ സെക്രട്ടറിയുൾപ്പെടെയുള്ള കൗൺസിലർമാരാണ് വിപ്പ് കൈപ്പറ്റാത്തത്. പാർലമെന്ററി പാർട്ടി യോഗം വിളിച്ചുചേർക്കാതെയാണ് വിപ്പ് നൽകിയതെന്ന് കൈപ്പറ്റാത്തവർ പറയുന്നു. കഴിഞ്ഞ ഒൻപത് മാസമായി പാർലമെന്ററി പാർട്ടി യോഗം ചേർന്നിട്ടില്ല. തിങ്കളാഴ്ചത്തേതുൾപ്പെടെ രണ്ടു തവണയാണ് എൽ.ഡി.എഫ് അവിശ്വാസം കൊണ്ടുവന്നത്. രണ്ടു തവണയും ഇതിനെ അതിജീവിക്കാൻ കഴിഞ്ഞുവെന്നതാണ് കോൺഗ്രസിന്റെ വിജയം.
ഏറ്റുമാനൂർ നഗരസഭയിൽ രണ്ട് സ്വതന്ത്രന്മാരുടെ പിന്തുണയോടെയാണ് യു.ഡി.എഫ് ഭരണം നിലനിർത്തുന്നത്. ഏഴ് അംഗങ്ങളുള്ള ബി.ജെ.പി അവിശ്വാസ പ്രമേയം വരുമ്പോൾ വിട്ടുനിൽക്കുകയാണ് ചെയ്യാറുള്ളത്. ലൗലി ജോർജ് പടികരയാണ് ചെയർപേഴ്‌സൺ. 35-അംഗ കൗൺസിലാണ് നഗരസഭയിലുള്ളത്. ചെയർപേഴ്‌സൺ, വൈസ് ചെയർപേഴ്‌സൺ സ്ഥാനങ്ങളെച്ചൊല്ലി ഭരണകക്ഷിയായ യു.ഡി.എഫിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുണ്ട്. യു.ഡി.എഫിനെ പിന്തുണച്ച രണ്ട് സ്വതന്ത്രാംഗങ്ങൾക്ക് സ്റ്റാൻഡിങ് കമ്മിറ്റി സ്ഥിരംസമിതി അധ്യക്ഷ സ്ഥാനങ്ങൾ നൽകിയിട്ടുണ്ട്.
നഗരസഭയിൽ അധ്യക്ഷസ്ഥാനം മാറേണ്ടസമയം കഴിഞ്ഞിട്ടും യു.ഡി.എഫ് നേതൃത്വത്തിന് തീരുമാനമെടുക്കാനാകുന്നില്ല. കോൺഗ്രസിനാണ് ഇനി അധ്യക്ഷസ്ഥാനം നൽകേണ്ടത്. കോൺഗ്രസിലെ ഗ്രൂപ്പിസം മൂലം ഇപ്പോഴുള്ള സ്വതന്ത്രഅംഗത്തോട് സ്ഥാനത്ത് തുടരാൻ കോൺഗ്രസ്, യു.ഡി.എഫ് നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. ഇതിൽ യു.ഡി.എഫിനുള്ളിൽ തന്നെ അസ്വാരസ്യങ്ങളുയർന്നിട്ടുണ്ട്. ചിലരെ അധ്യക്ഷസ്ഥാനത്തെത്താതിരിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും ആരോപണമുണ്ട്.
പദ്ധതി നിർവഹണം പൂർത്തിയാക്കേണ്ട സമയത്തും പാലാ നഗരസഭയിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്‌പോരും തെറിവിളിയും പതിവായതിനെയാണ് ബിജെപി ചോദ്യം ചെയ്യുന്നത്. ഇടതു പക്ഷ ഭരണം നിലവിൽ വന്ന നാൾ മുതൽ സിപിഎം -കേരളാ കോൺഗ്രസ് അംഗങ്ങൾ തമ്മിലും ഇപ്പോൾ ഭരണപക്ഷവും യുഡിഎഫ് അംഗങ്ങളും തമ്മിൽ പദ്ധതി പൂർത്തീകരിക്കുന്നത് സംബന്ധിച്ച് വാക്കേറ്റവും എടാ പോടാ വിളിയും നടക്കുന്നുവെന്നും ബിജെപി ആരോപിച്ചു. എൽഡിഎഫ് പറയുന്ന കപട വികസന പദ്ധതികളുടെ ലിസ്റ്റ് തയ്യാറാക്കി നൽകുന്നത് മാത്രമാണ് ആകെ നടക്കുന്നത്. ഒരിക്കൽ ഉദ്ഘാടനം ചെയ്തത് വീണ്ടും ഉദ്ഘാടനം ചെയ്യുകയും 60 വർഷമായി പ്രവർത്തിക്കുന്ന കടയെ പുതിയ സംരംഭം എന്ന് കള്ള രേഖയുണ്ടാക്കിയതും സ്ഥിരമായി കറുപ്പ് ധരിച്ച് പ്രതിഷേധിക്കുന്ന സിപിഎം അംഗവുമെല്ലാം ജനാധിപത്യത്തെ കൊഞ്ഞനം കുത്തുന്നു.  എല്ലാ രംഗത്തും പാലാ മുൻസിപ്പാലിറ്റിയിലെ ജനങ്ങളെ ദ്രോഹിക്കുകയാണ് ഭരണപക്ഷവും പ്രതിപക്ഷവും. കടമ നിർവഹിക്കാനാവാത്തവർ രാജിവച്ചു പുറത്തുപോകണമെന്നാണ് ബിജെപി ആവശ്യം.

Latest News