Sorry, you need to enable JavaScript to visit this website.

നിപ്പ: കോഴിക്കോട്ടെ കോടതികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യം

കോഴിക്കോട്- നിപ്പാ വൈറസ് പകര്‍ച്ച രണ്ടാം ഘട്ടത്തിലേക്ക് കടന്ന ഗൗരവമേറിയ പൊതുജനാരോഗ്യ സാഹചര്യം കണക്കിലെടുത്ത് കോഴിക്കോട്ടെ കോടതികള്‍ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് ആവശ്യം ശക്തമാകുന്നു. കോടതികളിലേക്ക് പലയിടത്തു നിന്നും ആളുകള്‍ എത്തുന്ന സാഹചര്യത്തിലാണ് രോഗം പടരാനുള്ള എല്ലാ സാധ്യതകളും അടക്കുന്നതിന് കോടതികള്‍ നിര്‍ത്തിവെക്കണമെന്ന ആവശ്യം.  ജില്ലാ കലക്ടര്‍ യു വി ജോസ് ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാഴ്ചത്തേക്ക് കോടതി നിര്‍ത്തിവയ്ക്കണമെന്നാണ് കലക്ടറുടെ ശുപാര്‍ശ. അതീവ ജാഗ്രത ആവശ്യമായതു കൊണ്ടാണ് ഈ ആവശ്യമെന്നും കലക്ടര്‍ അറിയിച്ചു.

കോഴിക്കോട് ജില്ലാ കോടതിയിലെ സീനിയര്‍ സുപ്രണ്ട് കഴിഞ്ഞ ദിവസം നിപ്പാ ബാധിച്ച് മരിച്ചിരുന്നു. ഇദ്ദേഹത്തോട് അടുത്ത ബന്ധം പുലര്‍ത്തിയവര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇവരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.   

കോഴിക്കോട്ടെ വിവിധ കോടതികളില്‍ സിവില്‍ കേസുകളിലും അടിയന്തിര പ്രാധാന്യമില്ലാത്ത ക്രിമിനല്‍ കേസുകളിലും ഹാജരാകുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. സാക്ഷികളും വരാന്‍ മടിക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ജില്ലയ്ക്കു പുറത്തു നിന്നും വരുന്നവര്‍ ഒന്നിച്ചു ചേരുന്ന ഇടം എന്ന നിലയ്ക്കാണ് ഇവിടെ രോഗം പടരാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.
 

Latest News