Sorry, you need to enable JavaScript to visit this website.
Wednesday , March   22, 2023
Wednesday , March   22, 2023

മരുഭൂമിയുടെ നിഗൂഢതകൾ തേടി

മരുഭൂ യാത്ര സംഘം 

അത്ഭുതങ്ങളുടെ കലവറയാണ് മരുഭൂമി. അടുത്തറിയും തോറും പുതിയ അറിവുകൾ ലഭിക്കുന്ന മഹാത്ഭുതം. യാത്രകളെ പ്രണയിച്ചു തുടങ്ങിയ നാൾ മുതൽ കേട്ടുതുടങ്ങിയതാണ് നിഗൂഢതകൾ  നിറഞ്ഞ മരുഭൂമിയുടെയും അതിൽ മറഞ്ഞിരിക്കുന്ന പല കഥകളും. കഥകളിലും വായനയിലൂടെയുമെല്ലാം അടുത്തറിഞ്ഞ മരുഭൂമിയുടെ മുഖങ്ങൾ ഓരോ കഥകളിലും  പലതായിരുന്നു. ഒട്ടകപ്പുറത്ത് പോകുന്ന കച്ചവടക്കാരെയും മറ്റു യാത്രികരെയും കൊള്ളയടിക്കുന്ന കൊള്ളക്കാരുടെ തിരുട്ടു ഭൂമി. ലൈലാ മജ്‌നുവിന്റെ കഥ പറഞ്ഞു തന്ന പ്രണയ ഭൂമിയാകും. ബെന്യാമിൻ പറഞ്ഞു തന്ന കഥയിലെ നജീബിന്റെ കണ്ണീർ തുള്ളികൾ വീണ കഥന ഭൂമി ആയിരിക്കണം. അങ്ങനെ നിരവധി കഥകളെല്ലാം കേട്ടിട്ടുണ്ട്.
മരുഭൂമി അല്ലാതെ സൗദിയിൽ  മറ്റെന്തുണ്ട് കാണാൻ എന്ന ചോദ്യങ്ങൾക്ക്, നല്ല കാഴ്ചകൾ തന്ന് ഒരുപാട് ഞെട്ടിച്ചിട്ടുണ്ട് ഈ മണ്ണ്. അതിൽ  ഈ അടുത്ത്  ഓർമകളിൽ ചേക്കേറിയതാണ്  ദമാം സഞ്ചാരി  ടീം പകർന്നു തന്ന ഷിപ്രോക്ക് എന്ന വേറിട്ട യാത്ര അനുഭവം.വേണമെങ്കിൽ  ഈ യാത്രയെ ആ മരുഭൂമികൾക്കിടയിലെ മലഞ്ചെരിവുകളുടെരഹസ്യങ്ങൾ 
തേടിയുള്ള യാത്രയായോ കണ്ണെത്താദൂരം നിവർന്നു കിടക്കുന്ന മണൽപരപ്പിന്റെ ആഴം  അളക്കാനുള്ള യാത്രയായോ, ആസ്വാദകനോട്  യാത്രയുടെ അളവുകോൽ പറഞ്ഞിട്ടെന്തു കാര്യം...അല്ലേ? യാത്രികൻ എന്താണ് പകർന്നു കിട്ടിയത് അതായിരുന്നു ഈ  യാത്ര.


ദമാമിൽ നിന്നും ജുബൈലിൽ നിന്നുമായി രണ്ടിടങ്ങളിൽ നിന്നായിരുന്നു  യാത്രക്കൊരുങ്ങിയവർ  എത്തിച്ചേരേണ്ടിയിരുന്നത്. സഞ്ചാരി ടീമിന്റെ  നിർദേശപ്രകാരം ഇരു ഇടങ്ങളിൽ നിന്നും പുറപ്പെട്ട ഞങ്ങൾ അബു ഹദ്രിയ ഹൈവേയിൽ ഉള്ള അൽദീസ്  പമ്പിൽ നിശ്ചിത സമയങ്ങളിലായി പ്രത്യേക നിർദേശപ്രകാരം 4 ഇന്റു 4 വാഹനത്തിൽ എത്തിച്ചേർന്നു.
ജുബൈലിൽ നിന്നായിരുന്നു ഞാൻ യാത്ര തിരിച്ചത്. മുഹമ്മദലിക്കയും ഇഖ്ബാലും ദീപക്കും ഞാനും അടങ്ങുന്ന 4 പേരായിരുന്നു ഞങ്ങളുടെ വാഹനത്തിൽ.
ജുബൈലിൽ നിന്നും ഏകദേശം 27 കിമി അകലമുണ്ടായിരുന്നു അൽദീസ്  പമ്പിലേക്ക്. അവിടെനിന്ന് 16 വണ്ടികളിലായി 7.15 ഓടെ ഞങ്ങൾ യാത്രക്ക് തുടക്കം കുറിച്ചു.
അൽദീസ്  പമ്പ് മുതൽ ഞങ്ങളുടെ വണ്ടി ദീപക്കിന്റെ കരവലയങ്ങളിൽ ആയിരുന്നു. പുറംകാഴ്ചകൾ ആസ്വദിച്ചും വർണിച്ചും ഞാനും മുഹമ്മദലിക്കയും ഇഖ്ബാലും  ദീപക്കിന്റെ  ഒഴുക്കിനനുസരിച്ചു  പിന്നീട് അങ്ങോട്ട് സഞ്ചരിക്കുകയായിരുന്നു.
അൽ ദീസ് പമ്പിൽ നിന്നും 7.15 ഓടെ  പുറപ്പെട്ട ഞങ്ങൾ ഒറ്റവരി പാതയിലൂടെ ആയിരുന്നു സഞ്ചാരം തുടർന്നത്. സറാർ  എന്ന ചെറുപട്ടണമായിരുന്നു എത്തിച്ചേരേണ്ടിയിരുന്നത്. വലിയ  യാത്രക്ക് ഒരുങ്ങിയെങ്കിലും ചിലപ്പോഴൊക്കെ മുഹമ്മദലിക്കാന്റെ സംസാരങ്ങളിൽ ഞങ്ങൾ  വീണുപോയി എന്നുള്ളതാണ് സത്യം. പ്രവാസ ജീവിതത്തിനിടയിൽ വീണുകിട്ടുന്ന ഇത്തരം സംസാരങ്ങളാണ് ഏക ആശ്വാസവും.  വണ്ടികളെ കുറിച്ചും കുറച്ച് തമാശകളുമൊക്കെയായി 130 കിമി ഞങ്ങൾ താണ്ടിയതറിഞ്ഞില്ല.

ഇടക്ക് എപ്പോഴോ റോഡിനിരുവശങ്ങളിൽ നിന്നും വളരെ അകലെയായി ആട്ടിൻ പറ്റങ്ങളും ഒട്ടകങ്ങളും ശ്രദ്ധയിൽ പെട്ടിരുന്നു. ഏകദേശം രണ്ടു മണിക്കൂർ യാത്രക്കൊടുവിൽ സറാർ  എന്ന ചെറുപട്ടണത്തിലെ പമ്പിൽ 16 വണ്ടികളും എത്തിച്ചേരുകയും വീണ്ടും വളരെ പെട്ടെന്ന് തന്നെ യാത്ര തുടരുകയുമായിരുന്നു. സറാർ  ഒരു ചെറിയ പ്രദേശമാണ്.  ചുറ്റും വലിയ വികസിതമല്ലാത്ത കൃഷി മുഖ്യ ജീവിത മാർഗമാക്കിയ ഒരു പറ്റം മനുഷ്യർ വസിക്കുന്ന ചെറുനഗരം. കാണാൻ  വലിയ കാഴ്ചകൾ ഒന്നും തന്നെ സറാറിൽ ഇല്ലായിരുന്നു.


 സറാർ- നാരിയ റൂട്ടിൽ ഏകദേശം 7 കിമി സഞ്ചരിച്ചതിന് ശേഷം ഷിപ്രോക്കിലേക്ക് മറ്റൊരു റോഡിലേക്ക് മാറുകയായിരുന്നു. മുന്നോട്ടുള്ള യാത്ര വളരെ രസകരമായിരുന്നു. ടാർ ചെയ്ത മിനുസമുള്ള റോഡ് ആയിരുന്നില്ല, നമുക്ക് മുൻപ് സഞ്ചരിച്ചവർ വരച്ചുതീർത്ത വഴികൾ ആയിരുന്നു. ദിവസങ്ങൾക്കു മുൻപ് പെയ്ത  മഴയുടെ പടപ്പുകൾ അത്രയും ഈ വഴികളിൽ കാണാമായിരുന്നു. ഇനി മുന്നോട്ടുള്ള 6, 7 കിമി കയറ്റവും ഇറക്കവും ആയി തീർത്തും രസകരമായിരുന്നു. ഓഫ് റോഡ്  യാത്രകളിൽ വാഹനങ്ങൾ ഓടിച്ചു കസ്രത്തു കളിക്കുന്നവർക്ക് ഇതൊരു അവസരമായിരുന്നു. അവരത് വേണ്ടുവോളം ആസ്വദിക്കുകയും ചെയ്തു.
ഷിപ്രോക്ക് കപ്പലിന്റെ മാതൃക പോലെ ഉള്ളതുകൊണ്ടാണ് ഇങ്ങനെ ഒരു പേരു വന്നത്.


ചുറ്റിലും ചിതറിക്കിടക്കുന്ന കുന്നുകളായിരിന്നു പ്രധാന കാഴ്ച എന്നു പറയുന്നത്.  മറ്റുള്ളതിൽ നിന്നു ഷിപ്രോക്കിനെ വേറിട്ട് നിർത്തുന്നത് ഇതിന് ഉള്ളിലേക്കു നമുക്ക് കയറിപ്പോവാം എന്നുള്ളതാണ്. 
സലീംക്കന്റെയും സാലിഹിന്റെയും നിർദേശത്തിനനുസരിച്ച് ഓരോരുത്തരും ഗുഹയുടെ കവാടത്തിലേക്ക് ഇഴഞ്ഞു കയറി.
ഇനി അടുത്തത് എന്റെ ഊഴമായിരുന്നു. ഒരു ഉരഗ ജീവിയെപ്പോലെ പോലെ അള്ളിപ്പിടിച്ചു ഞാൻ മുന്നോട്ട് നീങ്ങി. മുൻപിലും ബാക്കിലുമായി ഒത്തിരി പേർ കൂട്ട് ഉണ്ടെങ്കിലും അതിലുപരി നല്ല പേടി ആയിരുന്നു. തീർത്തും അപരിചിതമായ ചുറ്റുപാടും. ആരോ ഉയർത്തിപ്പിടിച്ച കല്ലുകൾ നീക്കി വഴി ഒരിക്കിത്തരുന്ന പോലെ ആയിരുന്നു ആ മുന്നോട്ടുള്ള വഴി അത്രയും. 30 അടി ഇഴഞ്ഞു നീങ്ങി ചെന്നെത്തുന്നത് കിണറു പോലെ വൃത്താകൃതിയിൽ ഉള്ള തുറസ്സായ  സ്ഥലത്താണ്. അവിടെ നിന്നു ആരോ കെട്ടി തീർത്ത ഏണി ഉണ്ടായിരുന്നു മുകളിലേക്കു  എത്തിച്ചേരാൻ. ഞാനും അതിലൂടെ മുകളിലേക്കു കയറി.
എല്ലാവരും പരസ്പരം സഹായിച്ചും സഹകരിച്ചും യാത്ര കൂടുതൽ സുന്ദരമാക്കി. മുകളിൽ ആഷിഫിന്റെയും താഴെ സാലിഹിന്റെയും നേതൃത്വത്തിൽ ആയിരുന്നു ഓരോരുത്തരെയും മുകളിലേക്കു  കയറുന്ന സഹായ കമ്മിറ്റി പ്രവർത്തിച്ചത്. അവർ നിരന്തരം വാക്കി ടോക്കിയിൽ  നിർദേശങ്ങൾ കൈമാറുന്നുണ്ടായിരുന്നു.


നീണ്ടുനിവർന്നു കിടക്കുന്ന  പ്രതലത്തിൽ എവിടെയൊക്കെയോ ചിതറിക്കിടക്കുന്ന  മലയിടുക്കുകൾ. ദൂരത്തായി ഇടയന്മാരും ആട്ടിൻപറ്റങ്ങളും ഒട്ടകങ്ങളും പുൽകൃഷിയും വ്യക്തമല്ലാതെ കാണാം. കയറ്റത്തിനിടയിൽ സായിയുടെ കാലിന് ചെറിയ പരിക്ക് പറ്റിയത് ഒഴികെ ബാക്കി എല്ലാവരും സേഫ് ആയിരുന്നു. വിജേഷിന്റെ ഉഴിച്ചിൽ സായിക്ക്  വളരെ ആശ്വാസം പകർന്നു. വീണ്ടും വീട്ടുകാരെയും റബ്ബിനെയും ഓർത്തുകൊണ്ട് തിരിച്ചിറങ്ങി.  കുറച്ച് സമയം ചുറ്റും നോക്കിക്കാണുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്തു. ഒരിക്കൽ കൂടി ഓഫ് റോഡ്  ആസ്വദിച്ചുള്ള മടക്കയാത്ര 11:30 ന് ആരംഭിച്ചു. ഇനി സറാർ  അതായിരുന്നു ലക്ഷ്യം. നിസ്‌കാരവും ഭക്ഷണവും ഒക്കെ സറാറിൽ വെച്ചായിരുന്നു.


അഫ്ഗാൻ റസ്റ്ററന്റിൽ നിന്നും ബുഖാരി റൈസും ഫഹം ചിക്കനും ബിരിയാണിയും  ഓർഡർ ചെയ്തു. നല്ലോണം വിശന്നതിനാലും നല്ല രുചിയുള്ളത് കൊണ്ടും ഫുഡ് വേണ്ടാന്ന് പറഞ്ഞവരും നന്നായി കഴിച്ചു. വിശ്രമത്തിന് ശേഷം 1.30 ഓടെ വീണ്ടും അടുത്ത ലക്ഷ്യത്തിലേക്ക്   യാത്ര തിരിക്കുകയായിരുന്നു. സലിം ടാലിസൺ, സാലിഹ് ഹൈദർ, ആഷിഫ്, വിജീഷ് ഉത്തമൻ, മൻസൂർ കിഴക്കുംപാട്ട്, നിസാർ യൂസുഫ് എന്നിവരടങ്ങുന്ന ദമാം സഞ്ചാരിയുടെ ടീമിന്റെ നേതൃത്വത്തിൽ മറ്റൊരു പുതിയ കാഴ്ച തേടി വീണ്ടും യാത്ര തുടർന്നു.

Latest News