ജിദ്ദ- സൗദി അറേബ്യയിലെ 32 പുരാവസ്തു, ചരിത്ര കേന്ദ്രങ്ങള്‍ കൂടി ദേശീയ പൈതൃക രജിസ്റ്ററില്‍ ഉള്‍പ്പെടുത്തി. 2018 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിലാണ് ഇത്രയും സ്മാരകങ്ങളെ സൗദി കമ്മീഷന് ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജ് (എസ്.സി.ടി.എച്ച്) നാഷണല്‍ ആന്റിക്വിറ്റീസ് രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയതെന്ന് എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രജിസ്റ്റര്‍ ചെയ്ത ചരിത്ര കേന്ദ്രങ്ങളുടെ എണ്ണം 8225 ആയി.
തബൂക്ക് മേഖലയിലെ മൂന്നും അസീര്‍ മേഖലയിലെ രണ്ടും കിഴക്കന്‍ പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന നാരിയയിലെ ഒന്നും പൈതൃക കേന്ദ്രങ്ങള്‍ രിജസ്റ്റര്‍ ചെയ്തവയില് ഉള്‍പ്പെടും. മദീന, യാംബു എന്നിവിടങ്ങളിലെ ഓരോ കേന്ദ്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സൗദി അറേബ്യയിലെ ചരിത്ര കേന്ദ്രങ്ങളും പുരാവസ്തു സ്മാരകങ്ങളും സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ദേശീയ രജിസ്റ്റര്‍ ആരംഭിച്ചത്.
ശാസ്ത്രീയമായ പുരാവസ്തു ഗവേഷണത്തിനും സര്‍വേക്കും എസ്.സി.ടി.എച്ച് സമഗ്ര പദ്ധതിയാണ് രൂപം നല്‍കിയത്. രാജ്യത്തെ വിവിധ മേഖലകളില്‍ 31 പ്രാദേശിക, അന്താരാഷ്ട്ര സംഘങ്ങളാണ് ഇതിനുവേണ്ടി പ്രവര്‍ത്തിക്കുന്നത്.






