Sorry, you need to enable JavaScript to visit this website.

മതേതര ചേരിയെ ദുർബലപ്പെടുത്താനുള്ള ഫാസിസ്റ്റ് അജണ്ട തിരിച്ചറിയണം -ഫാത്തിമ തഹ്‌ലിയ

ദമാം മലപ്പുറം ജില്ലാ കെ.എം.സി.സി കാമ്പയിൻ സമാപന സമ്മേളനത്തിൽ ഫാത്തിമ തഹ്‌ലിയ സംസാരിക്കുന്നു.

ദമാം- മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി മലപ്പുറം ജില്ല കെ.എം.സി.സി സംഘടിപ്പിച്ച ഏഴര പതിറ്റാണ്ടിന്റെ അഭിമാനം ത്രൈമാസ കാമ്പയിൻ സമാപിച്ചു. സമാപനം സമ്മേളനത്തിൽ ഹരിത മുൻ സംസ്ഥാന പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ മുഖ്യ പ്രഭാഷണം നടത്തി. മതേതര ചേരിയെ ദുർബലപ്പെടുത്താനുള്ള ഫാസിസ്റ്റ് അജണ്ട തിരിച്ചറിയണമെന്നും ആർ.എസ്.എസ് ഉയർത്തുന്ന വെല്ലുവിളി മറികടക്കാൻ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാട്ടം നയിച്ച ധീരദേശാഭിമാനികൾ കാത്തുസൂക്ഷിച്ച ആത്മവിശ്വാസമാണ് മതേതര ജനാധിപത്യ ചേരിക്ക് പിന്നിൽ ഉറച്ചു നിൽക്കുന്നവർക്ക് ഉണ്ടാകേണ്ടതെന്നും അവർ പറഞ്ഞു. രാജ്യത്ത് ഇന്ന് കാണുന്നത് വർഗീയ ഫാസിസ്റ്റ്കളും രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുന്ന കുത്തക കോർപറേറ്റുകളും ചേർന്ന അവിശുദ്ധ സഖ്യമാണ്. ഇന്ത്യയുടെ ശത്രു രാജ്യങ്ങളിൽ നിന്നടക്കമുള്ള വിദേശ നിഗൂഢ ഫണ്ടുകൾ ആർ.എസ്.എസ് ആസ്ഥാനത്തേക്ക് എത്തുന്നു എന്ന റിപ്പോർട്ടുകൾ ഗുരുതരമായി കാണണം. ഹൈദരബാദ് സർവകലാശാല അടക്കം സംഘപരിവാര സംഘങ്ങളിൽനിന്ന് മതേതര വിദ്യാർഥി യുവജന പ്രസ്ഥാനങ്ങൾക്ക് നേരിടേണ്ടി വരുന്ന ഭീഷണിക്ക് എതിരായ യോജിച്ച പ്രക്ഷോഭത്തിന് മതേതര വിദ്യാർഥി യുവജന കൂട്ടായ്മക്കു വേണ്ടി മുസ്‌ലിം ലീഗും പോഷക ഘടകങ്ങളും രംഗത്തുണ്ടെന്നും     ഫാത്തിമ തഹ്‌ലിയ പറഞ്ഞു. 


ഹുസൈൻ. കെ.പി അധ്യക്ഷത വഹിച്ചു. കിഴക്കൻ പ്രവിശ്യാ കെ.എം.സി.സി പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂർ ഉദ്ഘാടനം ചെയ്തു. സൗദി കെ.എം.സി.സി ദേശീയ ജനറൽ സെക്രട്ടറി ഖാദർ ചെങ്കള, മലപ്പുറം വനിതാ കെ.എം.സി.സി പ്രസിഡന്റ് സാജിദ നഹ, ദമാം കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ കൊളത്തൂർ എന്നിവർ സംസാരിച്ചു. സാദി ഇക്ബാൽ ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി ജൗഹർ കുനിയിൽ സ്വാഗതവും ബഷീർ ആലുങ്കൽ നന്ദിയും പറഞ്ഞു. മുഷ്താഖ് പേങ്ങാട് അവതാരകനായിരുന്നു. ജില്ലാ കെ.എം.സി.സി ഭാരവാഹികളായ മുഹമ്മദ് കരിങ്കപ്പാറ, റിയാസ് മമ്പാട്, ബഷീർ ബാബു പെരിന്തൽമണ്ണ, അഷ്‌റഫ് ക്ലാരി, ഉസ്മാൻ പൂണ്ടോളി വനിതാ വിംഗ് ഭാരവാഹികളായ ഹഫ്‌സ മുഹമ്മദ് കുട്ടി, സഫ്രോൺ മുജീബ്, സുലേഖ ഹുസൈൻ, റിഫാന ആസിഫ് എന്നിവർ നേതൃത്വം നൽകി.
 

Latest News