നിപ്പാ ജാഗ്രത; ബാലുശ്ശേരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും അവധി നല്‍കി

കോഴിക്കോട്- കഴിഞ്ഞ രണ്ടു ദിവസത്തിനിടെ നിപ്പാ വൈറസ് ബാധയേറ്റ രണ്ടു പേര്‍ കൂടി കഴിഞ്ഞ ദിവസങ്ങളിലായി മരിച്ച പശ്ചാത്തലത്തില്‍ ഇവര്‍ ആദ്യം ചികിത്സയ്‌ക്കെത്തിയ കോഴിക്കോട് ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും അവധി നല്‍കി. ആശുപത്രിയില്‍ ഒപി പ്രവര്‍ത്തിപ്പിക്കുന്നതിന് പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ഇവിടുത്തെ ജീവനക്കാരും ഡോക്ടര്‍മാരും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു.

നിപ്പാ ബാധയുടെ രണ്ടാം ഘട്ട പകര്‍ച്ചയാണിതെന്നും സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ നിപ്പാ ബാധയേറ്റു മരിച്ചവരുമായി ബന്ധപ്പെടുകയോ ഇടപഴകുകയോ ചെയ്തവര്‍ എത്രയും വേഗം നിപ്പാ സെല്ലുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. നിപ്പാ വൈറസിനെ പ്രതിരോധിക്കാനുള്ള പുതിയ മരുന്ന് ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്നെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈറസിന്റെ ഉറവിടം ഇനിയും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ അതീവ ജാഗ്രതയിലാണ് ആരോഗ്യ വകുപ്പ്.
 

Latest News