ബെല്ല യാത്ര പറഞ്ഞു, കണ്ണീരടക്കാനാവാതെ ഹാന്‍ഡ്‌ലര്‍ ജിലേഷ്

തൃശൂര്‍- രാമവര്‍മപുരം സിറ്റി കെ 9 ഡോഗ് സ്‌ക്വാഡിലെ എക്‌സ്‌പ്ലോസീവ് സ്‌നിഫര്‍ ഡോഗ് ബെല്ല ഇനി ഓര്‍മ. എട്ടുവയസുകാരി ബെല്ല കഴിഞ്ഞ ദിവസമാണ് മരണമടഞ്ഞത്. 2015ല്‍  ജനിച്ച ബെല്ലയെ തൃശൂര്‍ കനൈന്‍ ക്ലബാണ് തൃശൂര്‍ സിറ്റി പോലീസിന് സൗജന്യമായി നല്‍കിയത്.
മൂന്നു മാസം പ്രായമുള്ളപ്പോള്‍ തൃശൂര്‍ പോലീസ് അക്കാദമിയിലെ ട്രെയിനിംഗ് സ്‌കൂളിലെത്തിയ ബെല്ല ഒമ്പതു മാസം എക്‌സ്‌പ്ലോസീവ് സ്‌നിഫര്‍ വിഭാഗത്തില്‍ ട്രെയ്‌നിംഗ് പൂര്‍ത്തിയാക്കി. ഗ്രേഡ് സിപിഒ പി.സി.ജിലേഷാണ് ബെല്ലയുടെ ഫസ്റ്റ് ഹാന്‍ഡ്‌ലര്‍. ഒപ്പം ഗ്രേഡ് എഎസ്‌ഐ ഷിന്‍സനുമുണ്ട്.
2017 ഓള്‍ കേരള ഡ്യൂട്ടി മീറ്റില്‍ നാലാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട് ബെല്ല.
കുട്ടികളോട് ഏറെ ഇഷ്ടമുണ്ടായിരുന്ന പോലീസ് ഡോഗായിരുന്നു ബെല്ലയെന്ന് ഹാന്‍ഡ്‌ലര്‍ ഓര്‍ക്കുന്നു. നിരവധി ഡെമോണ്‍സ്‌ട്രേഷനുകളില്‍ പോലീസ് സേനയുടെ അഭിമാനമായിട്ടുണ്ട് ബെല്ല. തൃശൂരിലെ മിക്ക വിവിഐപി ഡ്യൂട്ടികളിലും സുരക്ഷാനിരയുടെ മുന്‍നിരയില്‍ ബെല്ലയുടെ സാന്നിധ്യമുണ്ടായിരുന്നു. ന്യൂമോണിയയും മഞ്ഞപ്പിത്തവും ബാധിച്ചാണ് ബെല്ല മരണമടഞ്ഞത്.
ബെല്ലക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ സിറ്റി പോലീസ് കമ്മീഷന്‍ അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എത്തി. ചേതനയറ്റ ശരീരത്തിനു മുന്നില്‍നിന്ന് പൊട്ടിക്കരഞ്ഞ ഹാന്‍ഡ്‌ലര്‍ ജിലേഷിനെ ആശ്വസിപ്പിക്കാന്‍ കഴിയാതെ സഹപ്രവര്‍ത്തകര്‍ വിഷമിച്ചത് നൊമ്പരക്കാഴ്ചയായി.

 

Latest News