ഫാർമസികളിൽ സൗദികൾക്ക്  തൊഴിലവസരങ്ങൾ  നൽകണമെന്ന് ഗവർണർ

വൻകിട ഫാർമസ്യൂട്ടിക്കൽസ് കമ്പനിയിൽ നാനൂറ് സൗദി ഫാർമസിസ്റ്റുകൾക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിനുള്ള ധാരണാപത്രത്തിൽ കിഴക്കൻ പ്രവിശ്യ ഗവർണർ സൗദ് ബിൻ നായിഫ് രാജകുമാരന്റെ സാന്നിധ്യത്തിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ പ്രതിനിധിയും ഫാർമസ്യൂട്ടിക്കൽസ് കമ്പനി പ്രതിനിധിയും ഒപ്പുവെക്കുന്നു.

മദീന- സ്വകാര്യ കമ്പനിയിൽ നിന്ന് സൗദി ജീവനക്കാരെ അന്യായമായി പിരിച്ചുവിട്ടതിൽ അന്വേഷണം നടത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകളോട് മദീന ഗവർണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരൻ ആവശ്യപ്പെട്ടു. നമാ അൽമുനവ്വറ എസ്റ്റാബ്ലിഷ്‌മെന്റിൽ നിന്നാണ് വനിതാ ജീവനക്കാർ അടക്കമുള്ളവരെ പിരിച്ചുവിട്ടത്. ബന്ധപ്പെട്ട വകുപ്പുകളുമായി ചർച്ചയും അന്വേഷണവും നടത്തി സംഭവത്തിൽ നിയമ, നിർദേശങ്ങൾക്ക് അനുസൃതമായ നടപടികൾ സ്വീകരിക്കുന്നതിന് ഗവർണർ ആവശ്യപ്പെട്ടു. പന്ത്രണ്ടു സൗദി യുവതീ യുവാക്കളെയാണ് നമാ അൽമുനവ്വറ എസ്റ്റാബ്ലിഷ്‌മെന്റ് കഴിഞ്ഞ ദിവസം പിരിച്ചുവിട്ടത്. സേവനം അവസാനിപ്പിക്കുന്ന കാര്യം അറിയിച്ച് ജീവനക്കാർക്ക് കമ്പനി നോട്ടീസ് നൽകുകയായിരുന്നു. ഇതേ കുറിച്ച റിപ്പോർട്ടുകൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടാണ് സംഭവത്തിൽ അന്വേഷണം നടത്തി നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിന് മദീന ഗവർണർ നിർദേശം നൽകിയത്. 
അതിനിടെ, ഫാർമസികളിൽ സൗദി പൗരന്മാർക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കണമെന്ന് കിഴക്കൻ പ്രവിശ്യ ഗവർണർ സൗദ് ബിൻ നായിഫ് രാജകുമാരൻ ആവശ്യപ്പെട്ടു. സൗദിയിലെ വിവിധ പ്രവിശ്യകളിൽ 400 സൗദി ഫാർമസിസ്റ്റുകൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗവർണർ. ഇതിനകം സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കുകയോ സ്വദേശിവൽക്കരണം നിർബന്ധമാക്കുന്നതിന് തീരുമാനിക്കുകയോ ചെയ്ത പ്രവർത്തന മേഖലകളിൽ നിന്ന് ഒട്ടും പ്രാധാന്യം കുറവല്ല ഫാർമസി മേഖലക്ക്. തന്ത്രപ്രധാനമായ ഈ മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കേണ്ടത് ഏറെ പ്രാധാന്യം അർഹിക്കുന്നു. തൊഴിൽ വിപണിയിൽ സൗദി യുവതീ യുവാക്കൾ ഇതിനകം വിജയഗാഥകൾ രചിച്ചിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു. 
നാനൂറ് സൗദി ഫാർമസിസ്റ്റുകൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ധാരണാപത്രത്തിൽ സൗദ് ബിൻ നായിഫ് രാജകുമാരന്റെ സാന്നിധ്യത്തിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ പ്രതിനിധിയും പ്രമുഖ ഫാർമസ്യൂട്ടിക്കൽസ് കമ്പനിയും ഒപ്പുവെച്ചു. ഇതനുസരിച്ച് ഇരുപത്തിനാലു മാസത്തിനകം കമ്പനി നാനൂറ് സൗദി ഫാർമസിസ്റ്റുകൾക്ക് തൊഴിൽ നൽകും. സൗദിവൽക്കരണ കാര്യങ്ങൾക്കുള്ള തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ അണ്ടർ സെക്രട്ടറി എൻജിനീയർ ഗാസി അൽ ശഹ്‌റാനി, ഫാർമസ്യൂട്ടിക്കൽ കമ്പനി സി.ഇ.ഒ മുഹമ്മദ് അൽ സുബൈഇ, കിഴക്കൻ പ്രവിശ്യ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖാ ഡയറക്ടർ എൻജിനീയർ അബ്ദുറഹ്മാൻ അൽ മുഖ്ബിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. 
 

Latest News