'ഒരു ഹിന്ദു പെണ്‍കുട്ടിയെ നഷ്ടപ്പെട്ടാല്‍ പത്ത്  മുസ്‌ലിം പെണ്‍കുട്ടികളെ കുരുക്കിലാക്കണം' 

ബംഗളുരു- നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പരമാവധി വിഷം ചീറ്റി കര്‍ണാടകയിലെ ശ്രീരാമ സേന. ലൗ ജിഹാദിന് പകരമായി മുസ്‌ലിം പെണ്‍കുട്ടികളെ കുരുക്കിലാക്കണമെന്ന വിവാദ ആഹ്വാനമാണ്  ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലിക് പുറപ്പെടുവിച്ചത്. കര്‍ണാടകയിലെ ബാഗല്‍കോട്ടില്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കവെയാണ് മുസ്‌ലിം പെണ്‍കുട്ടികളെ കുരുക്കിലാക്കാന്‍ ഹിന്ദുയുവാക്കളോട് പരസ്യമായി ആഹ്വാനം ചെയ്തത്. ഇങ്ങനെ ചെയ്യുന്നവര്‍ക്ക് സുരക്ഷയും ജോലിയും അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തു.
നമ്മുടെ പെണ്‍കുട്ടികള്‍ ലൗ ജിഹാദിനാല്‍ ചൂഷണം ചെയ്യപ്പെടുന്നു.രാജ്യത്തുടനീളം ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ പ്രണയത്തിന്റെ പേരില്‍ വഞ്ചിക്കപ്പെടുന്നു, നമ്മള്‍ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കണം. പെണ്‍കുട്ടികളെ എങ്ങനെ വശീകരിക്കണമെന്ന് ഞങ്ങള്‍ക്കറിയാം. യുവാക്കളെ ഇവിടേക്ക് ക്ഷണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു ഹിന്ദു പെണ്‍കുട്ടിയെ നഷ്ടപ്പെട്ടാല്‍ പത്ത് മുസ്‌ലിം പെണ്‍കുട്ടികളെ വലയിലാക്കണം. അങ്ങനെ ചെയ്താല്‍ നിങ്ങളുടെ ഉത്തരവാദിത്തം ശ്രീരാമസേന ഏറ്റെടുക്കും. . കൂടാതെ എല്ലാത്തരം സുരക്ഷയും തൊഴിലവസരങ്ങളും നല്‍കുകയും ചെയ്യും'-മുത്തലിക് പറഞ്ഞു. വരുന്ന കര്‍ണാടക നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഉഡുപ്പിയിലെ കാര്‍ക്കള മണ്ഡലത്തില്‍ നിന്ന് താന്‍ മത്സരിക്കുമെന്ന് പ്രമോദ് മുത്തലിക്ക് നേരത്തേ വ്യക്തമാക്കിയിരുന്നു. പരമാവധി ഹിന്ദുവോട്ടുകള്‍ നേടാണ് ഇപ്പോഴത്തെ ആഹ്വാനം. 

Latest News